ഖത്തർ യഥാർഥ പ്രശ്‌നത്തിൽനിന്ന് ഒളിച്ചോടുന്നു - ഗർഗാശ്

ദുബായ് - യഥാർഥ പ്രശ്‌നത്തിൽ നിന്ന് ഖത്തർ ഒളിച്ചോടുകയാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് പറഞ്ഞു. സ്വന്തം പ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി ഖത്തറിനുണ്ടാക്കിയത്. ഈ പ്രശ്‌നത്തെ മനുഷ്യാവകാശ പ്രശ്‌നമാക്കി മാറ്റിയെടുക്കുന്നതിനു വേണ്ടി, രാഷ്ട്രീയ പ്രതിസന്ധി ഉപരോധമാണെന്ന് വരുത്തിത്തീർക്കാനാണ് ഖത്തർ ശ്രമിക്കുന്നത്. 
ഖത്തറിലെ തുറമുഖങ്ങളും എയർപോർട്ടും തുറന്നുകിടക്കുകയാണ്. വിമാനങ്ങളുടെ വലിയ നിര തന്നെ ഖത്തറിന്റെ പക്കലുണ്ട്. തങ്ങൾ ഉപരോധത്തിലാണെന്ന ഖത്തറിന്റെ വാദം ഈ യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല. യഥാർഥ പ്രശ്‌നത്തിൽ നിന്ന് ഒളിച്ചോടുന്നതിനുള്ള ഖത്തറിന്റെ ശ്രമമാണ് പ്രതിസന്ധിയെ മനുഷ്യാവകാശ പ്രശ്‌നമായി ചിത്രീകരിക്കുന്നതിനുള്ള ഖത്തർ നടപടി പ്രതിഫലിപ്പിക്കുന്നത്.
നിലപാടുകളിലും നീക്കങ്ങളിലും മാറ്റം വരുത്തിയാണ് മേഖലാ രാജ്യങ്ങളുമായുള്ള പ്രശ്‌നത്തിന് ഖത്തർ പരിഹാരം കാണേണ്ടത്. തീവ്രവാദത്തിനും ഭീകരവാദത്തിനും പിന്തുണ നൽകുന്നത് ഖത്തറിന്റെ സ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. 
ആഗോളവൽക്കരിച്ചോ തുർക്കിവൽക്കരിച്ചോ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സാധിക്കില്ല. അയൽ രാജ്യങ്ങൾക്ക് തങ്ങൾ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഖത്തർ മനസ്സിലാക്കണം. തീവ്രവാദത്തിനും ഭീകരവാദത്തിനുമുള്ള പിന്തുണ ഖത്തർ അവസാനിപ്പിക്കുന്നതിന് സമയമായിട്ടുണ്ട്. 
ഭീകരവാദത്തിനും തീവ്രവാദികൾക്കും ഖത്തർ പിന്തുണ നൽകുന്നതും അയൽ രാജ്യങ്ങളിലെ സുരക്ഷാ ഭദ്രത തകർക്കുന്നതിന് ഗൂഢാലോചനകൾ നടത്തിയതിന്റെ സുദീർഘകാലമായ ചരിത്രവുമാണ് പ്രതിസന്ധിയുടെ കാതൽ. തങ്ങൾക്കെതിരായ ഖത്തറിന്റെ ഗൂഢാലോചന ദീർഘകാലം അയൽ രാജ്യങ്ങൾ സഹിച്ചു. ഗത്യന്തരമില്ലാതെയാണ് ഇപ്പോഴത്തെ നടപടികൾ അയൽ രാജ്യങ്ങൾ സ്വീകരിച്ചത്. പ്രശ്‌നത്തിന് വിവേകത്തോടെ പരിഹാരം കാണണമെന്ന നിലപാടാണ് ഇപ്പോഴും യു.എ.ഇക്കുള്ളത്. വാക്കുകൾ കൊണ്ടുള്ള കളിക്കു പകരം ആത്മാർഥമായ വാക്കുകൾ ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന കാര്യത്തിൽ തങ്ങൾക്ക് വിശ്വസമുണ്ടെന്നും അൻവർ ഗർഗാശ് പറഞ്ഞു. 
 

Latest News