വോട്ട് ചേദിച്ചെത്തിയ സുരേഷ് ഗോപി വിദ്യാര്‍ഥിയുടെ കൈ തട്ടി മാറ്റിയത് വിവാദമായി

തൃശൂര്‍- തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റിയത് സമൂഹ മാധ്യമങ്ങളില്‍ വിവാദമായി.
സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട വിദ്യാര്‍ഥിയുടെ കൈതട്ടിമാറ്റുന്നതും ക്ഷുഭിതനായി നോക്കുന്നതുമാണ് വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എളവള്ളി പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ എത്തി. ഇവരോട് ക്ഷേമാന്വേഷണം നടത്തുന്നതിനിടെയാണ് ഒരു വിദ്യാര്‍ഥി സെല്‍ഫിയെടുക്കുന്നതിനായി സുരേഷ് ഗോപിയുടെ തോളില്‍ കൈവച്ചത്. ഇതില്‍ ക്ഷുഭിതനായ സുരേഷ് ഗോപി വിദ്യാര്‍ഥിയുടെ കൈതട്ടിമാറ്റിയശേഷം മുന്നോട്ടുനടന്നു.
വിദ്യാര്‍ഥിയുടെ കൈ സുരേഷ് ഗോപി തട്ടിമാറ്റുന്നതും രൂക്ഷമായി വിദ്യാര്‍ഥിയെ നോക്കുന്നതും വിഡിയോയില്‍ കാണാം.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചശേഷം ഇത് ആദ്യമായല്ല സുരേഷ് ഗോപി വിവാദത്തില്‍ പെടുന്നത്. എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കുറിച്ചു പറയവെ, മോദി ഇപ്പോള്‍ തന്നെ അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ കരുതിയതെന്ന് സുരേഷ് ഗോപി ചോദിച്ചത് വിവാദമായിരുന്നു.

 

Latest News