ഉമ്മ മകനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്കെതിരെ ഭര്‍ത്താവിന്റെ മൊഴി

തലശ്ശേരി- സ്വത്ത് തര്‍ക്കത്തില്‍ മകന്‍ ഉപ്പയുടെ കൂടെ നിന്ന വിരോധത്താല്‍
ഉമ്മ സ്വന്തം മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്കെതിരെ കോടതിയില്‍ ഭര്‍ത്താവിന്റെ മൊഴി.
പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുഞ്ഞിമംഗലത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഉമ്മ മകനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍ മൊഴി നല്‍കിയത്. കുഞ്ഞിമംഗലത്തെ മൂശാരിക്കൊവ്വല്‍ അക്കോളത്ത് വീട്ടില്‍ ബീഫാത്തുമ്മയാണ് കേസിലെ പ്രതി. ബീഫാത്തിമ്മയുടെ മകന്‍ താജുദ്ദീനെ(33) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്കിടെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാല്) ജഡ്ജ് വിജയകുമാര്‍ മുമ്പാകെയാണ് ബീഫാത്തിമ്മയുടെ ഭര്‍ത്താവ് മുഹമ്മദ് പ്രതിയേയും കുത്തിയ കത്തിയും തിരിച്ചറിഞ്ഞത്. രക്തം പുരണ്ട സമയത്തെ താജുദ്ദീന്റെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞതായും പ്രതിയായ ഭാര്യ മകനെ കത്തി കൊണ്ട് കുത്തുന്നതായി കണ്ടെന്നും ദൃക്‌സാക്ഷിയായ ഭര്‍ത്താവ് മൊഴി നല്‍കി.
2013 സെപ്റ്റംബര്‍ എട്ടിന് രാവിലെ 9.30 നാണ് കേസിനാസ്പദമായ സംഭവം. സ്വത്ത് തര്‍ക്കത്തില്‍ മകന്‍ ഉപ്പയുടെ കൂടെ നിന്ന വിരോധത്താല്‍ വാക്കേറ്റമുണ്ടാവുകയും ബീഫാത്തിമ്മ മകന്‍ താജുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കേസിന്റെ വിചാരണ ശനിയാഴ്ച തുടരും. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.അജയകുമാറാണ് ഹാജരാകുന്നത്.

 

Latest News