വെല്ലിംഗ്ണ്‍- ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് പള്ളികളില്‍ ആക്രമണം നടത്തിയ സംഭവത്തിലെ പ്രതി 50 കൊലക്കുറ്റങ്ങളും 39 വധശ്രമ കുറ്റങ്ങളും നേരിടേണ്ടിവരുമെന്ന് ന്യൂസിലാന്‍ഡ് പോലീസ് വ്യക്തമാക്കി. 28 വയസ്സായ ഓസ്‌ട്രേലിയക്കാരന്‍ ബ്രെന്റണ്‍ ഹാരിസണ്‍ ടാാറന്റിനെതിരെ ആദ്യം പോലീസ് ഒറ്റ കൊലപാതക കുറ്റമാണ് ചുമത്തിയിരുന്നത്. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് വിചാരണയും കുറ്റം ചുമത്തലും.
മാര്‍ച്ച് 15 ന് രണ്ട് പള്ളികളിലായി നടന്ന ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതി ടാറന്റിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് വ്യക്തമാക്കിയതല്ലാതെ കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല. കേസ് കോടതിയില്‍ എത്തിയതിനാലാണിത്.
ക്രൈസ്റ്റ് ചര്‍ച്ച് കോടതിയില്‍നിന്ന് കേസ് ഹൈക്കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്താണിത്. അതീവ സുരക്ഷയുള്ള ഓക്‌ലാന്‍ഡ് ജയിലിലാണ് പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷ കൂടി കണക്കിലെടുത്താണ് പ്രതിയെ വീഡിയോ ലിങ്ക് വഴി ഹാജരാക്കുന്നത്.
ന്യൂസിലാന്‍ഡ് നിമയപ്രകാരം കോടതി നടപടികള്‍ അതീവ രഹസ്യമായിരിക്കും. കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഫോട്ടോകള്‍ എടുക്കാനും മാധ്യമങ്ങളെ അനുവദിക്കില്ല. പ്രതിക്ക് വേണ്ടി ആര് ഹാജരാകുന്നുവെന്ന കാര്യം മാത്രമണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ജഡ്ജി കാമറോണ്‍ അറിയിച്ചിരുന്നു. ഡിസ്ട്രിക്ട് കോടതിയില്‍ പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ റിച്ചാര്‍ഡ് പീറ്റേഴ് ഹാജരാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രതി ടാറന്റ് പിന്നീട് അഭിഭാഷകന്‍ വേണ്ടെന്നും താന്‍ സ്വയം വാദിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തന്റെ വംശീയ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമായി കോടതിയിലെ വിചാരണ പ്രതി ഉപയോഗപ്പെടുത്തുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
വെള്ളിയാഴ്ചത്തെ വിചാരണയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഫോട്ടോകള്‍ എടുക്കാനും 25 മാധ്യമ സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന് ജഡ്ജി അറിയിച്ചു. കോടതി നടപടികളുടെ റിപ്പോര്‍ട്ട് തയാറാക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കുമെങ്കിലും എന്തു പ്രസിദ്ധീകരിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.