സൗദിയില്‍ വിദേശ പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ്; നടപടികള്‍ ആരംഭിച്ചു

റിയാദ് - ആഗോള തലത്തില്‍ പ്രശസ്തരായ പ്രതിഭകള്‍ക്കും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധര്‍ക്കും സൗദിയില്‍ ദീര്‍ഘകാല താമസത്തിന് ഗോള്‍ഡന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തുടക്കമിട്ടു.
 
ഏതെല്ലാം വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം നല്‍കേണ്ടത്, ഏതൊക്കെ പ്രോത്സാഹനങ്ങള്‍ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിനുമുള്ള കരാര്‍ അനുവദിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി കമ്പനികളില്‍ നിന്ന് മന്ത്രാലയം ടെണ്ടറുകള്‍ ക്ഷണിച്ചു.

32 മാസമാണ് കരാര്‍ കാലാവധി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ജീവിത ഗുണനിലവാര പ്രോഗ്രാം 2020 പദ്ധതിയുടെ ഭാഗമാണ് വിദേശ പ്രതിഭകള്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് അനുവദിക്കുന്നത്.  ആഗോള തലത്തില്‍ പ്രശസ്തരായ പ്രതിഭകളെയും നിപുണരെയും പ്രഗത്ഭരെയും സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനും സൗദി സംസ്‌കാരത്തില്‍ വിദേശികളെ ലയിപ്പിക്കുന്നതിനും മറ്റു സംസ്‌കാരങ്ങളെ അംഗീകരിക്കുന്ന കാര്യത്തില്‍ സൗദികളുടെ അവബോധം ഉത്തേജിപ്പിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

 

Latest News