താരശോഭ പകർന്ന് സുരേഷ് ഗോപി, തൃശൂരിൽ ബി.ജെ.പി ക്യാമ്പ് ആവേശത്തിൽ

തൃശൂർ - മധ്യകേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശച്ചൂടും തൃശൂരിന് താരശോഭയും പകർന്ന് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായി സുരേഷ് ഗോപി എത്തി. ഇന്നലെ വൈകിട്ട് സുരേഷ് ഗോപി തിരുവനന്തപുരത്തുനിന്നു ഗുരുവായൂരിലെത്തി. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം തൃശൂരിലേക്ക് വരും. തൃശൂരിൽ ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. നേതാക്കളുമായി സംസാരിച്ച് ഏതു രീതിയിലുളള പ്രചാരണത്തിന് മുൻതൂക്കം നൽകണമെന്ന കാര്യം തീരുമാനിക്കും.
വളരെ കുറച്ചു സമയമേയുള്ളൂവെന്നതിനാൽ ജനക്കൂട്ടത്തെ എളുപ്പത്തിൽ കൈയിലെടുക്കുന്ന പ്രചാരണ തന്ത്രത്തിനാണ് ബി.ജെ.പി പദ്ധതിയിട്ടിരിക്കുന്നത്. സ്ഥാനാർഥിയുടെ താരപരിവേഷം പരമാവധി പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയെ സ്ഥാനാർഥിയായി നിശ്ചയിച്ചതോടെ തൃശൂരിലെ ബി.ജെ.പി ക്യാമ്പ് ആവേശത്തിമർപ്പിലാണ്. തുഷാർ വിട്ടൊഴിഞ്ഞുപോയ തൃശൂരിലേക്ക് ശ്രീധരൻ പിള്ളയോ സുരേഷ് ഗോപിയോ ആയിരിക്കും മത്സരിക്കാനെത്തുകയെന്ന് ഉറപ്പിച്ചിരുന്നു.
സുരേഷ് ഗോപിയെ നേരത്തെ തന്നെ ബി.ജെ.പി ജില്ലാ നേതൃത്വം താൽപര്യപ്പെട്ടിരുന്നുവെങ്കിലും മറ്റു പേരുകൾ പലതും ഉയർന്നുവന്നതിനെ തുടർന്ന് സുരേഷ് ഗോപിയുടെ പേര് തൽക്കാലം സജീവ പരിഗണനയിലാക്കി വെച്ചിരിക്കുകയായിരുന്നു.
ഹിന്ദു വോട്ടുകൾ പരമാവധി പിടിച്ചെടുക്കാൻ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. പ്രചാരണത്തിൽ ഏറ്റവും പിന്നിലാണെങ്കിലും രണ്ടോ മൂന്നോ ദിവസം കൊണ്ട് സ്ഥിതി അപ്പാടെ മാറുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു. മുഴുവൻ പാർട്ടി മെഷിനറിയും സുരേഷ് ഗോപിക്കൊപ്പമുണ്ടെന്നും ചുരുങ്ങിയ സമയം കൊണ്ട് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും എത്തി പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നാഗേഷ് പറഞ്ഞു.
റോഡ് ഷോ നടത്താനും സുരേഷ് ഗോപിക്ക് തൃശൂരിലേക്ക് ഒരു മാസ് എൻട്രി നൽകാനും പാർട്ടി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി ഫാൻസ് അസോസിയേഷനുകളുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്.
തുഷാർ വെള്ളാപ്പള്ളിക്ക് തൃശൂരിൽ നൽകിയ സ്വീകരണത്തേക്കാൾ മേലെയായിരിക്കും സുരേഷ് ഗോപിക്ക് നൽകുന്ന വരവേൽപെന്ന് പ്രവർത്തകർ പറയുന്നു. നാളെ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ കൺവെൻഷൻ തേക്കിൻകാട് മൈതാനിയിൽ നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിർദ്ദേശപ്രകാരമാണ് താൻ തൃശൂരിൽ മത്സരിക്കുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്. പ്രചാരണത്തിന് എൻ.ഡി.എയുടെ മുതിർന്ന നേതാക്കളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാ താരങ്ങളെത്തുന്ന കാര്യത്തെക്കുറിച്ച് ഇതുവരെയും ധാരണയായിട്ടില്ല.
രാഷ്ട്രീയ വാഗ്ദാനങ്ങൾക്കും കൊതിപ്പിക്കുന്ന ഉറപ്പുകൾക്കും പകരം ജനങ്ങളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞുള്ള പ്രചരണത്തിനായിരിക്കും സുരേഷ് ഗോപി മുൻതൂക്കും നൽകുകയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിഷ്പക്ഷ വോട്ടുകൾ സുരേഷ് ഗോപിക്ക്് അനുകൂലമാകുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. താരമെന്ന നിലയ്ക്കല്ല മറിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കെൽപുളളയാൾ എന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിക്കാനായിട്ടുണ്ടെന്നും അത് വോട്ടായി മാറുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. സുരേഷ് ഗോപി അവതാരകനായെത്തിയ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിൽ നിരവധി പേരുടെ പ്രശ്‌നങ്ങൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. സിനിമകളേക്കാൾ ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നത് അതാണ്. 
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട തൃശൂർ സീറ്റിന് രക്ഷകനാര് എന്ന് പാർട്ടിക്കാർ ആകാംക്ഷയോടെയും വേവലാതിയോടെയും ഉറ്റുനോക്കിയിരിക്കുമ്പോഴാണ് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ പ്രിയപ്പെട്ട ആക്ഷൻ ഹീറോയെത്തുന്നത്. പാർട്ടി എ വൺ മണ്ഡലമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പ്രതീക്ഷിച്ച മണ്ഡലമായ തൃശൂരിൽ നാമനിർദേശപത്രിക സമർപ്പണം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപു മാത്രം കിട്ടിയ സ്ഥാനാർഥിയെന്ന നിലയിൽ സുരേഷ് ഗോപിക്ക് എത്രമാത്രം വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നത് പ്രധാന ചോദ്യമാണെങ്കിലും നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്.

Latest News