പൊന്നാനി പ്രസംഗം: വിജയരാഘവൻ ഒറ്റപ്പെടുന്നു

മലപ്പുറം-ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ നടത്തിയ വിവാദ പ്രസംഗം സി.പി.എമ്മിനുള്ളിലെ ഗ്രൂപ്പിസം പുറത്തു കൊണ്ടുവരുന്നു. പുതിയ വിവാദത്തിൽ വിജയരാഘവനെ പിന്തുണക്കാൻ പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും തയാറാകാത്തത് വിജയരാഘവന് തിരിച്ചടിയായി. പൊന്നാനിയിലെ സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ പാർട്ടിക്കുള്ളിലുണ്ടായ ഭിന്നത ഈ വിവാദത്തോടെ കൂടുതൽ പുറത്തു വന്നിരിക്കുകയാണ്.
പൊന്നാനിയിലെ ഇടതു സ്വതന്ത്രൻ പി.വി.അൻവറിന്റെ പ്രചാരണ യോഗത്തിലാണ് രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ മോശമായ പ്രസംഗം നടത്തിയത്. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി വിജയരാഘവൻ രംഗത്തെത്തിയെങ്കിലും വനിതാ കമ്മീഷൻ ഉൾപ്പടെയുള്ളവർ ഇടപെട്ടതോടെ ഇടതുമുന്നണി കൺവീനർ പ്രതിരോധത്തിലായി. ആദ്യഘട്ടത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിജയരാഘവനെ പിന്തുണച്ചെങ്കിലും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിജയരാഘവനെതിരെ വിമർശനമുയർന്നതോടെ വിജയരാഘവൻ ഒറ്റപ്പെടുകയായിരുന്നു.
പൊന്നാനിയിൽ ഇടതു സ്ഥാനാർഥിയെ തെരഞ്ഞെടുത്തതു സംബന്ധിച്ച് സി.പി.എമ്മിൽ എതിർപ്പുകൾ ഉയർന്നതിന് പിന്നാലെയാണ് വിജയരാഘവന്റെ പ്രസംഗം പാർട്ടിയിലും വിമർശനത്തിനിടയാക്കുന്നത്. പൊന്നായിൽ അൻവറിനെ സ്ഥാനാർഥിയാക്കുന്നതിൽ ഏറെ താൽപര്യം കാണിച്ചത് വിജയരാഘവനാണ്. സി.പി.എം ജില്ലാ കമ്മിറ്റി ഈ തീരുമാനത്തെ അനുകൂലിച്ചെങ്കിലും സംസ്ഥാന നേതൃത്വം അൻവർ മൽസരിക്കുന്നതിനെ എതിർത്തിരുന്നു. 
അൻവറിനെതിരെ കേസുകൾ നിലനിൽക്കുന്നതിനാൽ സ്ഥാനാർഥിയാക്കുന്നത് ഇടതുമുന്നണിയുടെ പ്രതിഛായക്ക് മങ്ങലേൽപിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വം എതിർത്തത്. എന്നാൽ വിജയരാഘവന്റെ കടുത്ത സമ്മർദത്തെ തുടർന്ന് അൻവർ തന്നെ പൊന്നാനിയിൽ സ്ഥാനാർഥികുകയായിരുന്നു. അൻവറിന് വേണ്ടി പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്നതും വിജയരാഘവനാണ്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിൽ കാര്യമായ പ്രചാരണത്തിന് പോകാതെ വിജയരാഘവൻ പൊന്നാനിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്.
പാർട്ടി നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നു അൻവറിനെ സ്ഥാനാർഥിയാക്കയതിൽ സി.പി.എമ്മിലും സി.പി.ഐയിലും അസ്വാരസ്യങ്ങളുണ്ട്. 
അൻവറിന്റെ പ്രചാരണ പരിപാടിയിൽ തന്നെ വിജയരാഘവൻ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നുയരുന്ന വിമർശനങ്ങൾക്ക് പിന്നിലും ഈ അസ്വാരസ്യമാണെന്നാണ് സൂചനകൾ.
ഇതിനിടെ രമ്യ ഹരിദാസിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചത് വിജയരാഘവനെ കൂടുതൽ പ്രതിരോധത്തിലാക്കും. തിരൂർ ഡിവൈ.എസ്.പി നടത്തുന്ന അന്വേഷണത്തിൽ നടപടികൾ പെട്ടെന്നുണ്ടാകില്ലെങ്കിലും യു.ഡി.എഫ് അത് പ്രചാരണ ആയുധമാക്കും. പൊന്നാനി മണ്ഡലത്തിൽ അട്ടിമറി വിജയത്തിനായി ശ്രമിക്കുന്ന ഇടതുപക്ഷത്തിന്റെ നീക്കങ്ങളെ ദുർബലപ്പെടുത്താൻ എതിരാളികൾക്ക് ഈ കേസ് ആയുധമായേക്കും.

Latest News