പാലക്കാട്- ആലത്തൂരിൽ തൊട്ടതെല്ലാം വിവാദമാകുന്നു, സി.പി.എം നേതൃത്വം ആശങ്കയിൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഏറ്റവും ഉറച്ച സീറ്റായി കണക്കാക്കപ്പെട്ടിരുന്ന ആലത്തൂർ മണ്ഡലത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങൾ അവിടത്തെ വിജയ സാധ്യതയെപ്പോലും ബാധിക്കുമോ എന്നാണ് പാർട്ടി നേതൃത്വത്തെ അലട്ടുന്നത്.
തന്റേതല്ലാത്ത തെറ്റുകൾക്ക് മറുപടി പറയേണ്ടി വരുന്നതിൽ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.കെ.ബിജുവിനും കടുത്ത അതൃപ്തിയാണ് ഉള്ളത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ നേടിയെടുത്തിരുന്ന മേൽക്കയ്യ് വിവാദങ്ങളിലൂടെ ഇല്ലാതാവുന്നതിലും തന്റെ പ്രധാന എതിരാളി നിരന്തരം വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിലും അദ്ദേഹം അസ്വസ്ഥനാണ്.രമ്യ ഹരിദാസിനെതിരേ അശ്ലീലച്ചുവയുള്ള പരാമർശം നടത്തിയ എ.വിജയരാഘവന്റെ പ്രസംഗം വിവാദ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ്. പാട്ടു പാടിക്കൊണ്ട് രമ്യ വോട്ട് പിടിക്കുന്ന ശൈലിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് തൃശൂർ കേരള വർമ്മ കോളജിലെ അധ്യാപിക ദീപ നിശാന്ത് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അലയൊലികൾ നവമാധ്യമങ്ങളിൽ ഇനിയും എരിഞ്ഞടങ്ങിയിട്ടില്ല. കോൺഗ്രസ് നേതാക്കളും ആ പാർട്ടിയുടെ സൈബർ വിഭാഗവും ഒറ്റക്കെട്ടായി രമ്യക്ക് പിന്നിൽ ഉറച്ചു നിന്നതോടെ ദീപ നിശാന്ത് പ്രതിരോധത്തിലായി. ദീപക്കെതിരെ രമ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വിഷയത്തിൽ ചർച്ചകളിൽ ഇടപെട്ട് രമ്യ ഹരിദാസിനെ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ സഹായിക്കരുത് എന്നായിരുന്നു സി.പി.എം നേതൃത്വം സൈബർ സഖാക്കൾക്ക് നൽകിയിരുന്ന നിർദ്ദേശം.
തൊട്ടു പിന്നാലെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം വന്നു. രമ്യ ഹരിദാസിന് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ട് പതിച്ച പോസ്റ്ററുകൾക്ക് മുകളിൽ ബിജുവിന് വോട്ടു തേടിക്കൊണ്ടുള്ള പോസ്റ്ററുകൾ ഒട്ടിച്ചതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ നിറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവ് സ്വരാജ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പ്രതിരോധിച്ച് രംഗത്തിറങ്ങേണ്ടി വന്നു. അതിനു പിന്നാലെയാണ് എ.വിജയരാഘവന്റെ വിവാദ പരാമർശം രമ്യയെ വീണ്ടും വാർത്തകളിൽ നിറച്ചത്. അതാകട്ടെ സമീപ ഭാവിയിലൊന്നും എരിഞ്ഞടങ്ങുന്ന ലക്ഷണമില്ല.
വാർത്താ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഓളം തീർത്ത് നിറഞ്ഞു നിൽക്കുക എന്നത് ഏതൊരു തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളുടെ സ്വപ്നമാണ്. ആ തരത്തിൽ നോക്കിയാൽ ഈ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച പരിഗണന സംസ്ഥാനത്ത് മറ്റൊരാൾക്കും ലഭിച്ചിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് പാലക്കാട്ട് വണ്ടിയിറങ്ങുന്നതിനു മുമ്പു തന്നെ പാട്ടും ചിന്തയും ഇടകലർത്തിക്കൊണ്ടുള്ള രമ്യയുടെ പ്രസംഗങ്ങൾ നവമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരുന്നു.
സിനിമാ ശൈലിയിൽ പറഞ്ഞാൽ ആലത്തൂരിലേക്ക് രമ്യയുടേത് ഒരു മാസ് എൻട്രി തന്നെയായിരുന്നു. അന്ന് ഉണ്ടാക്കിയെടുത്ത ചലനം നിലനിർത്തുന്നതിൽ തുടർച്ചയായി അരങ്ങേറുന്ന വിവാദങ്ങൾ അവരെ സഹായിക്കുന്നുമുണ്ട്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം ലഭിച്ച മാനേജർമാരാണ് രമ്യ ഹരിദാസിന്റെ കരുത്ത്. പാലക്കാട് ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ പ്രചാരണം നിയന്ത്രിക്കുന്ന ഷാഫി പറമ്പിൽ എം.എൽ.എയേയോ തൃശൂർ ജില്ലയിലെ മൂന്നിടത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അനിൽ അക്കര എം.എൽ.എയേയോ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല.






