കോട്ടയം- വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ നഖശിഖാന്തം പരസ്യമായി എതിർത്തുവെങ്കിലും സി.പി.എമ്മിലെ കാരാട്ട്-യെച്ചൂരി ചേരികളിൽ കടുത്ത ഭിന്നതക്ക് ഇത് വഴിവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസുമായി കൂട്ടുചേരരുതെന്ന് ഉപദേശിക്കുന്ന കേരള നേതാക്കളുടെ ആശീർവാദമുളള കാരാട്ട് പക്ഷത്തിന്റെ വിജയമാണ് ഇതെന്നാണ് ഒരു വാദം. അതല്ല കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്താനുളള നീക്കത്തെ പൊളിച്ച കേരള ഘടകത്തിലെ നേതാക്കളോടുളള യെച്ചൂരിയുടെ മധുര പ്രതികാരമോ? രണ്ടായാലും കേരളത്തിലെ സി.പി.എം രാഹുൽഗാന്ധിയുടെ വരവോടെ കോൺഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രിയും കോടിയേരിയും അതിൽ പിന്നോട്ടില്ല. പാർട്ടി മുഖപത്രത്തിലെ പപ്പുമോൻ വിവാദവും ഈ അസ്വസ്ഥതയുടെ ബഹിർസ്ഫുരണമാണമായി കരുതാം.
കോൺഗ്രസിനെ കണ്ണടച്ചു വിശ്വസിക്കരുതെന്ന നിലപാടാണ് എന്നും കേരളത്തിലെ സി.പി.എം നേതാക്കളും അതിനെ അനുകൂലിക്കുന്ന കാരാട്ട് പക്ഷവും. യെച്ചൂരിയാകട്ടെ സഖ്യവും സഹകരണവും ആകാമെന്ന നയത്തിലും. ബി.ജെ.പിയെ എതിർക്കുന്ന അതേ നാണയത്തിൽ കോൺഗ്രസിനെയും വേണമെന്ന നിലപാടിലാണ് എന്നും കേരള ഘടകം. അതിനാൽ സഖ്യത്തിന്റെ കാര്യത്തിൽ രണ്ടു വട്ടം ആലോചിക്കണമെന്നായിരുന്നു പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന്റെ നിലപാട്. കോൺഗ്രസ് എന്നും ഒറ്റയ്ക്ക് അധികാരത്തിൽ എത്താൻ ആഗ്രഹിക്കുന്ന പാർട്ടിയാണെന്നും ഇത് മനസ്സിലാക്കിയാണ് മായാവതിയും ഇതര പ്രതിപക്ഷവും കോൺഗ്രസിനോട് അകന്നതെന്നുമായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ ഇപ്പോൾ കേരള പര്യടനത്തിലുളള യെച്ചൂരി കടക്കുന്നില്ല. കോൺഗ്രസിനെ വിമർശിക്കുമ്പോൾ അളന്നു തൂക്കി പറയുന്ന യെച്ചൂരി കേരളത്തിൽ ഉളളപ്പോൾ തന്നെ മുഖ്യമന്ത്രി കോൺഗ്രസിനെതിരെ വിമർശം അഴിച്ചുവിട്ടത് ശ്രദ്ധേയം. കേരളത്തിലേക്കുളള രാഹുൽ ഗാന്ധിയുടെ വരവിനെ പാർട്ടി വേദികളിൽ കാരാട്ട് പക്ഷത്തിനും കേരള നേതാക്കൾക്കും കോൺഗ്രസ് വഞ്ചനയായി തുറന്നുകാട്ടാം. അത്തരത്തിൽ കാരാട്ട് പക്ഷത്തിന്റെ വാദം ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ ഫലത്തിൽ അത് പ്രതിബന്ധമായത് കേരള ഘടകത്തിനാണ്. ബി.ജെ.പിയെ കടന്നാക്രമിക്കാൻ തുടക്കമിട്ട സി.പി.എം കേരള ഘടകത്തിന് മുന്നിൽ പുതിയ വെല്ലുവിളിയായി രാഹുൽ. പ്രചാരണ രംഗത്ത് ഇത് പറഞ്ഞുപ്രതിഫലിപ്പിക്കാമെങ്കിലും ഈ നീക്കം സി.പി.എമ്മിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മോഹങ്ങളിലാണ് കരിനിഴൽ വീഴ്ത്തിയത്. കേരളത്തിലെ ത്രികോണ മത്സരത്തിൽ പിടിച്ചുകയറാവുന്ന തരത്തിലുളള സ്ഥാനാർഥികളെയാണ് രംഗത്ത് ഇറക്കിയത്. ഇവർ പ്രചാരണ രംഗത്ത് മുന്നേറുമ്പോഴാണ് രാഹുലിന്റെ വരവ്.
ദേശീയ തലത്തിൽ സി.പി.എം പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന നേതാവ് കേരളത്തിൽ എത്തിയതോടെ പാർട്ടി ആകെ അന്ധാളിച്ചു. എങ്ങനെ നേരിടുമെന്ന ആശയക്കുഴപ്പം. മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി തിളങ്ങി നിൽക്കുമ്പോഴാണ് രാഹുൽ വന്നത്. ഇതോടെ ഉരുക്കഴിച്ച സമവാക്യങ്ങൾ മാറി. ഈ അനിശ്ചിതത്വത്തെ നേരിടാനാണ് മുഖ്യമന്ത്രിയും കോടിയേരിയും കോൺഗ്രസിനെ ആക്രമിച്ചു തുടങ്ങിയത്. ഇതിനിടെ വി.എസ് അമുൽബേബി പ്രയോഗവുമായി എത്തിയത് ആശ്വാസമായി. യെച്ചൂരി പക്ഷത്തുളള വി.എസ് തന്നെ രാഹുലിനെ ഇങ്ങനെ വിശേഷിപ്പിച്ചത് സി.പി.എമ്മിന് പിടിച്ചുകയറാനുളള വഴിയൊരുക്കി.
രാഹുൽ ഗാന്ധിയുമായി അടുപ്പമുളള യെച്ചൂരിയാണ് കേരളത്തിലേക്കുളള വരവ് തടസ്സപ്പെടുത്താൻ ശ്രമിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ദൽഹി കേന്ദ്രീകരിച്ച് ഉടലെടുത്ത ഈ വാർത്തക്ക് പിന്നിലും ചില ഗ്രൂപ്പുകളാണെന്നാണ് കേരള നേതാക്കളുടെ പക്ഷം. രാഹുൽ എത്തിയതിന് പിന്നിൽ പങ്കില്ലെന്ന് അറിയിച്ചത് യെച്ചൂരി പക്ഷത്തിന്റെ പൂഴിക്കടകനായാണ് വിലയിരുത്തുന്നത്. എതായാലും രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുളള വരവിലൂടെ യെച്ചൂരി-കാരാട്ട് പക്ഷങ്ങളുടെ പുതിയ വാഗ്വാദതലം രൂപപ്പെട്ടിരിക്കുകയാണ് പാർട്ടി ഫോറങ്ങളിൽ.






