'മേം ഭീ ചൗകീദാർ' എന്നാണ് മുദ്രാവാക്യമെങ്കിലും ബി.ജെ.പി അക്ഷരാർഥത്തിൽ പറക്കുകയാണ്. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പട തന്നെ പാർട്ടി പ്രചാരണത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യൻ തെരഞ്ഞെടുപ്പ് ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിധമാണ് പാർട്ടി പണമൊഴുക്കുന്നത്. കോൺഗ്രസ് ഏറെ വിദൂരത്താണ്...
ഒരു കാര്യത്തിൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി പറക്കുകയാണ് ബി.ജെ.പി. ഇലക്ഷൻ പ്രചാരണത്തിനായി വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പട തന്നെ പാർട്ടി വാടകക്കെടുത്തിട്ടുണ്ട്. ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന്റെ വ്യോമശക്തി ദുർബലമാണ്.
20 ഹെലികോപ്റ്ററുകളും 12 ബിസിനസ് ജെറ്റുകളും ബി.ജെ.പി വാടകക്കെടുത്തിട്ടുണ്ട്. 10 ഹെലികോപ്റ്ററുകളും നാല് ബിസിനസ് ജെറ്റുകളുമാണ് കോൺഗ്രസിന്റെ പക്കലുള്ളത്. ബി.ജെ.പിയുടെ പക്കലുള്ള ബിസിനസ് ജെറ്റുകളൊക്കെ ഏറ്റവും വിലപിടിപ്പുള്ളതാണ്. മണിക്കൂറിന് 2.80 ലക്ഷം രൂപ വിലയുള്ള സെസ്ന സൈറ്റേഷൻ എക്സ്.എൽ.എസ്, മണിക്കൂറിന് നാല് ലക്ഷം രൂപ ചെലവ് വരുന്ന ഫാൽക്കൺ 4000 തുടങ്ങിയവയാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. ഹെലികോപ്റ്റിന്റെ കാര്യത്തിലും മുന്തിയതാണ് അവർ തെരഞ്ഞെടുത്തിരിക്കുന്നത്. മണിക്കൂറിന് 1.8 ലക്ഷം രൂപ ചെലവ് വരുന്ന ബെൽ 412, മണിക്കൂറിന് നാല് രക്ഷം രൂപ ചെലവ് വരുന്ന അഗസ്റ്റ 109, അഗസ്റ്റ 139 തുടങ്ങിയവ.
കോൺഗ്രസ് വാടകക്കെടുത്ത എയർക്രാഫ്റ്റുകൾ സെസ്ന സൈറ്റേഷൻ ജെറ്റ്2 (മണിക്കൂറിന് ചെലവ് 1.80 ലക്ഷം രൂപ), സെസ്ന സൈറ്റേഷൻ എക്സൽ (2.80 ലക്ഷം), ഫാൾക്കൺ 4000 തുടങ്ങിയവയാണ്. ഹെലികോപ്റ്ററുകൾ എല്ലാം സിംഗിൾ എഞ്ചിനാണ്. ബെൽ407, യൂറോകോപ്റ്റർ ഡി3 തുടങ്ങിയവ. മണിക്കൂറിന് ചെലവ് ഒരു ലക്ഷത്തിനും 1.30 ലക്ഷത്തിനുമിടയിൽ മാത്രം.
ബി.ജെ.പിക്കാണ് താരതമ്യേന കൂടുതൽ സീനിയർ നേതാക്കളുള്ളതെന്നും അതിനാൽ അവർക്ക് കൂടുതൽ ആഡംബര വിമാനങ്ങൾ വേണമെന്നും ഈ രംഗത്തുള്ള പ്രമുഖ ബിസിനസ് എക്സിക്യൂട്ടിവ് വിശദീകരിക്കുന്നു. എങ്കിലും ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഇത്രയധികം വ്യോമശക്തി ഒരു പാർട്ടി ഉപയോഗിക്കുന്നത് ആദ്യമായാണ്. ബി.ജെ.പിയിൽനിന്ന് വൻതോതിൽ ഡിമാന്റുണ്ടായെങ്കിലും വാടക നിരക്ക് വർധിച്ചിട്ടില്ലെന്നാണ് ഇൻഡസ്ട്രി വൃത്തങ്ങൾ പറയുന്നത്. മറ്റു പാർട്ടികളിൽ നിന്ന് കാര്യമായ ആവശ്യം ഇല്ലാത്തതിനാലാണ് ഇത്. 2014 ൽ കോൺഗ്രസും മറ്റു പാർട്ടികളും വൻതോതിൽ വിമാനങ്ങൾ വാടകക്കെടുത്തിരുന്നു. അതിനനുസരിച്ച് വാടകയിൽ വർധനയുണ്ടായി. ഇത്തവണ അതല്ല സ്ഥിതി.
തെലുഗുദേശം പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും ഒരു ഫാൽക്കൺ 4000 ബിസിനസ് ജെറ്റും രണ്ട് ഹെലികോപ്റ്ററുകളും വീതം വാടകക്കെടുത്തിട്ടുണ്ട്. സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും രണ്ടു വീതം ഇരട്ട എൻജിൻ ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്. അതേസമയം ജനതാദൾ സെക്യുലർ ഒരു ഹെലികോപ്റ്റർ പോലും സ്ഥിരമായി ഉപയോഗിക്കുന്നില്ല. ആവശ്യാനുസരണം വാടകക്കെടുക്കുന്ന രീതിയാണ് അവരുടേത്.
രണ്ടു രീതിയിലാണ് വിമാനം വാടകക്കെടുക്കാറ്. ഫിക്സഡ് കോൺട്രാക്റ്റും താൽക്കാലിക കോൺട്രാക്റ്റും. ഫിക്സ്ഡ് കോൺട്രാക്റ്റനുസരിച്ച് ചുരുങ്ങിയത് 45 ദിവസത്തേക്ക് വാടകക്കെടുക്കുകയും ദിവസം ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും ഉപയോഗിക്കുകയും വേണം. ആവശ്യം വരുമ്പോഴെല്ലാം വിമാനങ്ങൾ ലഭ്യമായിരിക്കുമെന്നതാണ് ഈ കരാറിന്റെ ഗുണം. താൽക്കാലിക കരാറിന് ഇത്രയധികം ചെലവ് വരില്ല. എന്നാൽ ആവശ്യം വരുമ്പോൾ കിട്ടണമെന്നില്ല.






