മദ്യപിക്കുന്നതിനിടെ സത്യം പറഞ്ഞു; ഇരട്ടക്കൊല നടത്തിയ പ്രതി പിടിയില്‍

കോട്ടയം- അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ഏന്തയാര്‍ ചാത്തന്‍ പ്‌ളാപ്പള്ളി മുത്തശേരില്‍ സജിയെ (35) അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇരുവരുടെയും മരണം ആത്മഹത്യയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്നു വ്യക്തമായതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. മാര്‍ച്ച് 29 നാണ് കൂട്ടിക്കല്‍ പ്ലാപ്പള്ളി ചിലമ്പന്‍കുന്നേല്‍ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80), മകള്‍ സിനി(40) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമ്മയുടെ മൃതദേഹം വീട്ടിനുള്ളിലും മകളുടേതു വരാന്തയിലുമാണ് കാണപ്പെട്ടത്.

സജിയുടെ സഹോദരന്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസില്‍ വഴിത്തിരിവായത്. പോലീസ് സംശയിക്കുന്നതറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യാ ശ്രമവും നടത്തി. ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു സജിമോന്‍. സിനിയുമായി ഇയാള്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇവരില്‍നിന്ന് പണവും മറ്റും വാങ്ങുകയും ചെയ്തിരുന്നു. കുത്തഴിഞ്ഞ ജീവിതത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ ബന്ധം വേര്‍പ്പെടുത്തി കഴിയുകയാണ്്. തന്നെ വിവാഹം കഴിക്കണമെന്ന് കൊല്ലപ്പെട്ട സിനി പ്രതിയോട് ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിന് സമ്മതിക്കാതെ അടുപ്പം തുടരാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.

 

 

 

Latest News