ദുബായില്‍ കുട്ടികള്‍ക്കെതിരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി

ദുബായ്- ദുബായില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതായി പോലീസ്. 2017 ല്‍ റിപ്പോര്‍ട്ട് ചെയ്തത് 29 കേസുകളായിരുന്നെങ്കില്‍ 2018 ല്‍ ഇത് 52 ആയി വര്‍ധിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ആഗോള ഭീഷണിയാണെന്നും ഇത് തടയാന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്നും ദുബായ് പോലീസിലെ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം പറഞ്ഞു. നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ ഇതിനായി ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ദുബായ് പോലീസ് അതീവ ജാഗ്രതയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
13 നും 18 വയസ്സിനുമിടയിലുള്ള കൂട്ടികളാണ് കൂടുതലായി സൈബര്‍ കുറ്റങ്ങള്‍ക്ക് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ഷോപ്പിംഗ് സെന്ററുകളിലും ഹോട്ടലുകളിലും കുട്ടികളില്‍നിന്ന് ഇത്തരം കാര്യങ്ങളെക്കുറിച്ച് മൊഴിയെടുക്കാന്‍ പ്രത്യേക സംവിധാനമുണ്ട്.
കുട്ടികളെ ഇരയാക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഓഫീസര്‍മാര്‍ക്ക് മികച്ച വിവരമുണ്ട്. ഒപ്പം ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പരിശീലനവുമുണ്ട് -ഖലീല്‍ ഇബ്രാഹിം പറഞ്ഞു.

 

Latest News