തൊഴില്‍ കരാര്‍ ഒപ്പിടുമ്പോള്‍ സിം കാര്‍ഡ്, ഖത്തറിന്റെ പുതിയ പദ്ധതി

ദോഹ- ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ തുറന്ന ഖത്തര്‍ വിസ സെന്ററുകളില്‍ (ക്യു.വി.സി) തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നവര്‍ക്കു സൗജന്യ സിം കാര്‍ഡ്. ഓരോ തൊഴിലാളിയുടേയും സിം കാര്‍ഡ് നമ്പര്‍ തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്തുമെന്നു ഭരണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയ ഉപദേശകന്‍ മുഹമ്മദ് അലി അല്‍ മീര്‍ അറിയിച്ചു.  
ഖത്തറിലേക്കുള്ള യാത്രയിലും ഇവിടെയെത്തി ആദ്യ ദിവസങ്ങളിലും കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ പങ്കുവെക്കാന്‍ 30 റിയാല്‍ ബാലന്‍സോടെയാണു സിം നല്‍കുന്നത്. ന്യൂദല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് ക്യുവിസികള്‍ തുറന്നത്. കൊച്ചി, ഹൈദരാബാദ്, ലഖ്‌നൗ, ചെന്നൈ നഗരങ്ങളില്‍ ഈ മാസം സെന്ററുകള്‍ തുറക്കും.

കരാറുകള്‍ മന്ത്രാലയ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനാല്‍ ഓരോ തൊഴിലാളിയുടേയും മൊബൈല്‍ നമ്പര്‍ മന്ത്രാലയത്തില്‍ ലഭ്യമാകും. അവശ്യഘട്ടങ്ങളില്‍ തൊഴിലാളിയെ ബന്ധപ്പെടാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ഇതു സഹായകമാകും.

 

Latest News