മലപ്പുറം- കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ വർഗീയമായി ചിത്രീകരിച്ച് പ്രചാരണം നടത്താൻ ബി.ജെ.പി ഒരുങ്ങിയതോടെ പ്രതിരോധ തന്ത്രങ്ങളുമായി കോൺഗ്രസ് തയാറെടുക്കുന്നു. മുസ്‌ലിം ലീഗിന്റെ പിന്തുണയിൽ രാഹുൽ മൽസരിക്കുന്നതിനെ വർഗീയ കാർഡിറക്കി എതിർക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ദേശീയ തലത്തിൽ തന്നെ ബി.ജെ.പി. ഇതൊരു പ്രചാരണായുധമാക്കിത്തുടങ്ങിയതോടെ ബി.ജെ.പി വർഗീയ അജണ്ടക്കെതിരെ ശക്തമായ പ്രചാരണം നടത്താനാണ് യു.ഡി.എഫിന്റെ നീക്കം.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ മുസ്‌ലിംലീഗുമായി ബന്ധപ്പെടുത്തി അപ്രതീക്ഷിതമായ പ്രചാരണത്തിനാണ് ബി.ജെ.പി. തുടക്കം കുറിച്ചിരിക്കുന്നത്.
ഹിന്ദുക്കളെ ഭയന്ന് രാഹുൽ കേരളത്തിലേക്ക് കടന്നു കളഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ പ്രസ്താവന നടത്തിയത് ബി.ജെ.പി ഈ വിഷയം ദേശീയതലത്തിൽ തന്നെ ഉയർത്തികൊണ്ടു വരാൻ തയാറെടുക്കുകയാണെന്നാണ് കാണിക്കുന്നത്. കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗിന്റെ കൊടിയുള്ള വീഡിയോ വടക്കേ ഇന്ത്യയിൽ വർഗീയ പ്രചാരണത്തിന് ബി.ജെ.പി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്.
മുസ്‌ലിം ലീഗിന്റെ കൊടി പാക്കിസ്ഥാന്റെ പതാകയാണെന്നാണ് തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ ഈ പ്രചാരണത്തിന് കഴിയുമെന്നാണ ്ബി.ജെ.പി നേതൃത്വം കരുതുന്നത്.
അതേസമയം, കേരളത്തിലെ ബി.ജെ.പി നേതാക്കൾ ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്. പതിറ്റാണ്ടുകളായി കേരളത്തിൽ യു.ഡി.എഫിനൊപ്പവും ദേശീയ തലത്തിൽ യു.പി.എക്കൊപ്പവും നിൽക്കുന്ന പാർട്ടിയാണ് മുസ്‌ലിം ലീഗെന്ന് ബി.ജെ.പിയിലെ കേരള നേതാക്കൾക്ക് ബോധ്യമുള്ളതു കൊണ്ടു തന്നെ ദേശീയ തലത്തിൽ നടക്കുന്ന പ്രചാരണങ്ങളെ ഏത് രീതിയിൽ സമീപിക്കണമെന്ന ആശയകുഴപ്പം ബി.ജെ.പി കേരള ഘടകത്തിനുണ്ട്. പാർട്ടി ദേശീയ നേതൃത്വം മുസ്‌ലിം ലീഗിനെതിരെ പ്രചാരണം തുടങ്ങിയതോടെ മുസ്‌ലിം ലീഗിനെ ആക്രമിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
മുസ്‌ലിം ലീഗ് ഇല്ലാതെ മൽസരിക്കാൻ കഴിയാത്ത ദുർഗതിയിലാണ് കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. മുസ്‌ലിം ലീഗ് ചത്തകുതിരയാണെന്ന ജവാഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ കോൺഗ്രസ് നേതൃത്വം മുഖവിലക്കെടുക്കുന്നില്ലെന്നും ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ മുസ്‌ലിം ലീഗ് വിരുദ്ധ പ്രചാരണം മുഖ്യ അജണ്ടയാക്കിയെടുക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം തയാറാകില്ലെന്നാണ് സൂചന. മുസ്‌ലിം ലീഗിനെ വിമർശിച്ച് വർഗീയത വളർത്തിയാൽ മതേതര വോട്ടുകളും നഷ്ടപ്പെടുമെന്നാണ് ബി.ജെ.പി ആശങ്കപ്പെടുന്നത്.
മാത്രമല്ല, കേരളത്തിൽ മുഖ്യശത്രു കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫും ഇടതുപക്ഷവുമാണെന്നിരിക്കെ പ്രചാരണത്തെ മുസ്‌ലിം ലീഗിലേക്ക് കേന്ദ്രീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. അത്തരത്തിലുള്ള നീക്കം കോൺഗ്രസിന് സഹായകമാകുമെന്നും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
ബി.ജെ.പിയുടെ ലീഗ് വിരുദ്ധ പ്രചാരണത്തെ മതേതര കാർഡിറക്കി പ്രതിരോധിക്കാനാണ് കേരളത്തിൽ യു.ഡി.എഫിന്റെ നീക്കം. വയനാട് മണ്ഡലത്തിൽ മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മൂന്നു മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വർഗീയ പ്രചാരണം യു.ഡി.എഫിന് കൂടുതൽ ജനപിന്തുണ ലഭിക്കാൻ ഇടയാക്കുമെന്നും യു.ഡി.എഫ് കരുതുന്നുണ്ട്.
ബി.ജെ.പിയുടെ നീക്കം വർഗീയത ആളിക്കത്തിക്കാനുള്ള സ്ഥിരം വർഗീയ അജണ്ടയുടെ ഭാഗമാണെന്നും നരേന്ദ്രമോഡിയുടെ ന്യൂനപക്ഷ നിലപാട് കൂടുതൽ പരസ്യമായിരിക്കുകയാണെന്നുമാണ് മുസ്‌ലിം ലീഗിന്റെ ആരോപണം. കേന്ദ്രത്തിൽ മുസ്‌ലിംലീഗ് യു.പി.എക്കൊപ്പമാണെന്ന് എല്ലാവർക്കുമറിയാമെന്നും തെരഞ്ഞെടുപ്പുകാലത്ത് മുസ്‌ലിം ലീഗിന്റെ പേരിൽ വർഗീയ കാർഡിറക്കുന്നത് ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണ തന്ത്രം മാത്രാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.






