Sorry, you need to enable JavaScript to visit this website.

ഇന്റര്‍പോള്‍ നോട്ടീസുണ്ടായിട്ടും നീരവ് മോഡി അമേരിക്കയില്‍ പോയി

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ തട്ടി വിദേശത്തേക്ക് രക്ഷപ്പെട്ട വജ്രവ്യാപാരി നീരവ് മോഡി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലിരിക്കെ, കഴിഞ്ഞ മാസം ബ്രിട്ടനില്‍നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്തു.
റെഡ് കോര്‍ണര്‍ നോട്ടീസ് മറികടന്നുവെന്നതു മാത്രമല്ല, പിന്‍വലിക്കപ്പെട്ട പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നീരവ് മോഡി യാത്ര ചെയ്തതാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ ഞെട്ടിക്കുന്നത്. ബ്രിട്ടീഷ് അധികൃതര്‍ ഇതിനു അനുമതി എങ്ങനെ അനുമതി നല്‍കിയെന്ന ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ച ഒരാളെ ഇമിഗ്രേഷന്‍ അധികൃതര്‍ ഉടന്‍ തന്നെ തടയണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഫെബ്രുവരിയില്‍ എങ്ങനെ നീരവ് മോഡിക്ക് അമേരിക്കയില്‍ എത്താന്‍ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല.

ലണ്ടനില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നീരവ് മോഡി ഇനിയും ജാമ്യത്തിനു ശ്രമിച്ചാല്‍ കോടതി മുമ്പാകെ സമര്‍പ്പിക്കുന്നതിന് യാത്രാരേഖകളും ടിക്കറ്റ് വിവരങ്ങളും ഇന്ത്യന്‍ ഏജന്‍സികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ 29 ന് നീരവ് മോഡി സമര്‍പ്പിച്ച ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. ബാങ്ക് തട്ടിപ്പ് കണക്കിലെടുത്ത് മാര്‍ച്ച് 19നാണ് നീരവ് മോഡിയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിന് വന്‍നഷ്ടം സംഭവിച്ചതായി നീരവ് മോഡിയുടെ ജാമ്യം നിഷേധിച്ചുകൊണ്ട് വൈസ്റ്റ് മിനിസ്റ്റര്‍ കോടതി ജഡ്ജി നിരീക്ഷിച്ചിരുന്നു. കേസിലെ തെളിവുകള്‍ നീരവ് മോഡി നശിപ്പിച്ചതായും കോടതി കണ്ടെത്തിയിരുന്നു. നീരവിനെ ഇന്ത്യക്ക് കൈമാറി കിട്ടുന്നതിന് ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമം നടത്തി വരികയാണ്.
നീരവ് മോഡിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന്‍, നീരവിന് യു.എ.ഇയിലോ സിങ്കപ്പൂരിലെ സ്ഥിരതാമസത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നീരവിന്റെ മകന്‍ അമേരിക്കയിലേക്ക് പോയെന്നും നീരവ് തനിച്ചാണ് കഴിയുന്നതെന്നും 2018 മുതല്‍ ബ്രിട്ടനിലുണ്ടെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു. ബാങ്ക് തട്ടിപ്പ് കേസിലെ സാക്ഷിയെ കൊല്ലുമെന്നു നീരവ് ഭീഷണിപ്പെടുത്തിയതായും മറ്റൊരു സാക്ഷിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതായും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
നീരവ് മോഡിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെന്നാണ് കേസ്. തട്ടിപ്പിന്റെ വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പുറംലോകം അറിഞ്ഞത്. വന്‍തട്ടിപ്പ് നടന്നതായി ബാങ്ക് തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്.

 

Latest News