ജീവിത പോരാട്ടത്തിൽ ഇണകൾക്കൊപ്പം നിൽക്കണമെന്നാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് താങ്ങും തണലുമാവണം. തെരഞ്ഞെടുപ്പ് കാലത്ത് ഇത് പ്രാവർത്തികമാക്കുന്നവരേറെയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭർത്താവിനൊപ്പം പോരിനിറങ്ങുന്ന ഭാര്യമാരുണ്ട്. ക്രിമിനൽ കേസ് പോലെ നൂലാമാലകളിൽ പെട്ട് മത്സരിക്കാനാവാതെ പോവുന്ന ഭർത്താക്കന്മാർക്കു വേണ്ടി അടർക്കളത്തിലിറങ്ങിയവരുമുണ്ട്...
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് ജോഡി ദമ്പതിമാരെങ്കിലും ഒരുമിച്ച് പോരാട്ടത്തിനുണ്ടാവും. ഒരു ജോഡി കോൺഗ്രസ് ടിക്കറ്റിലും രണ്ടാമത്തെ ജോഡി എൻ.ഡി.എക്കു വേണ്ടിയും.
പഞ്ചാബിൽ മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ ഫിറോസ്പൂരിലും ഭാര്യ ഹർസിംറത് കൗർ ഭടിണ്ടയിലും മത്സരിക്കുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ഭാര്യ പ്രിയദർശിനി സിന്ധ്യയും മത്സര രംഗത്തുണ്ടാവുമെന്നാണ് സൂചന. ഇവർ ഗ്വാളിയറിലും ഗുണയിലുമായി മത്സരിക്കാനാണ് സാധ്യത. ഗുണ ജ്യോതിരാദിത്യയുടെ സിറ്റിംഗ് സീറ്റാണ്. ഭാര്യക്ക് ഗുണ നൽകി ജ്യോതിരാദിത്യ ഗ്വാളിയറിലേക്ക് പോവുമെന്നാണ് റിപ്പോർട്ട്. സ്ഥാനാർഥിപ്പട്ടിക അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല.
സുഖ്ബീർ ശിരോമണി അകാലിദൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. ഭാര്യ ഹർസിംറത് കൗർ ബാദൽ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയും. ഭടിണ്ടയിൽ നിന്ന് രണ്ടു തവണ ഹർസിംറത് ജയിച്ചിട്ടുണ്ട്. ഹർസിംറത് ഇത്തവണ ഫിറോസ്പൂരിലേക്ക് മാറുമെന്നും പകരം മുൻ മന്ത്രി സിഖന്ദർ സിംഗ് മലൂക ഭടിണ്ടയിലേക്ക് വരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഒടുവിൽ ഭടിണ്ടയിൽ മൂന്നാമൂഴത്തിന് ഹർസിംറത് തന്നെ എത്തി.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അകാലിദളിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് ഉണ്ടായത്. 2018 ൽ പാർട്ടി പിളർന്നു. ഈ സാഹചര്യത്തിൽ മുൻനിര നേതാക്കൾ മത്സര രംഗത്തിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. സുഖ്ബീറും ഹർസിംറത്തും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഫിറോസ്പൂർ ലോക്സഭാ മണ്ഡലത്തിലെ ജലാലാബാദ് നിയമസഭാ മണ്ഡലത്തിലെ എം.എൽ.എയാണ് സുഖ്ബീർ. പാർട്ടിക്ക് ഏറ്റവും സുരക്ഷിതായ സീറ്റാണ് ഫിറോസ്പൂർ എന്ന് രഹസ്യ സർവേയിലൂടെ കണ്ടെത്തിയതായി സൂചനയുണ്ട്. 20 വർഷമായി ഈ അതിർത്തി മണ്ഡലം അകാലിദളിന്റെ കൈയിലാണ്.

മധ്യപ്രദേശിലെ ഗുണയിൽ നിന്ന് ജ്യോതിരാദിത്യ നാലു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ പ്രിയദർശിനിക്ക് ഇത് കന്നിയങ്കമായിരിക്കും. രണ്ട് രാഷ്ട്രീയക്കാരുടെ ഭാര്യമാർ കൂടി മധ്യപ്രദേശിൽ മത്സരിക്കാനുണ്ടാവും. ബി.ജെ.പിക്കാരനായ മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ഭാര്യ സാധനാ സിംഗ് വിദിഷയിൽ മത്സരിച്ചേക്കും. ശിവരാജ് സിംഗ് ചൗഹാൻ അഞ്ചു തവണ പാർലമെന്റംഗമായിരുന്നു.
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പിന്തുണക്കുന്ന നാല് സ്വതന്ത്രന്മാരിലൊരാളായ താക്കൂർ സുരേന്ദ്ര സിംഗിന്റെ ഭാര്യ ജയശ്രീ സിംഗ് ഖാണ്ഡ്വ-ബുർഹാൻപൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുണ സിന്ധ്യ കുടുംബത്തിന്റെ സ്വന്തം മണ്ഡലമാണ്. ജ്യോതിരാദിത്യ 2002 മുതൽ ഇവിടെ നിന്ന് ജയിക്കുന്നു. പിതാവ് മാധവാറാവു സിന്ധ്യയും പിതൃസഹോദരി വിജയരാജെ സിന്ധ്യയും വ്യത്യസ്ത പാർട്ടികളുടെ ബാനറിൽ ഗുണയിൽ നിന്ന് ജയിച്ചിട്ടുണ്ട്. ഗുണ ഇതുവരെ നേരിട്ടത് 20 പൊതു തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളുമായിരുന്നു. പതിനാലിലും ജയിച്ചത് സിന്ധ്യ കുടുംബക്കാരാണ്.
ഗുണയിൽ നിന്ന് 170 കി.മീ അകലെയുള്ള വിദിഷ കാവിത്തട്ടകമാണ്. കേന്ദ്ര വിദേശ മന്ത്രി സുഷമ സ്വരാജാണ് സിറ്റിംഗ് എം.പി. 1991 മുതൽ 2004 വരെ ശിവരാജ് സിംഗ് ചൗഹാനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. സുഷമ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും ചൗഹാൻ ദൽഹിയിലേക്കു പോവാൻ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൗഹാന്റെ ഭാര്യക്കു നറുക്കു വീഴുന്നത്. വിദിഷക്കു കീഴിലെ ബുദ്നി നിയമസഭാ സീറ്റിൽ ഭർത്താവിനു വേണ്ടി സാധനാ സിംഗ് വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.
ബുർഹാൻപൂരിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് ജയശ്രീ സുരേന്ദ്ര സിംഗ് തയാറെടുക്കുന്നത്. 1991 നു ശേഷം ഒരിക്കലേ ഇവിടെ കോൺഗ്രസ് ജയിച്ചിട്ടുള്ളൂ, 2009 ൽ. ബുർഹാൻപൂർ നിയമസഭാ സീറ്റിൽ ബി.ജെ.പിയുടെ കരുത്തനായ നേതാവ് അർച്ചന ചിറ്റ്നിസിനെ സുരേന്ദ്ര സിംഗ് അട്ടിമറിക്കുകയായിരുന്നു.
മധ്യപ്രദേശിൽ നിന്ന് ഇതുവരെ ഒരു പ്രമുഖ നേതാവിന്റെ ഭാര്യയേ ജയിച്ചിട്ടുള്ളൂ -1996 ൽ കമൽനാഥിന്റെ ഭാര്യ അൽക നാഥ് ചിന്ത്വാരയിൽ ജയിച്ചു. കമൽനാഥിന് മത്സരിക്കാൻ സാധിക്കാതിരുന്നതിനെത്തുടർന്നായിരുന്നു ഇത്. പിറ്റേ വർഷം കമൽനാഥിനു വേണ്ടി അവർ സീറ്റൊഴിഞ്ഞു കൊടുത്തു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സീനിയർ നേതാവ് സുന്ദർലാൽ പട്വയോട് കമൽനാഥ് തോറ്റു. ചിന്ത്വാരയിൽ ഇത്തവണ കമൽനാഥിന്റെ മകൻ നകുൽനാഥാണ് കോൺഗ്രസ് സ്ഥാനാർഥി.
ബിഹാറിൽ ക്രിമിനൽ രാഷ്ട്രീയക്കാർക്ക് മത്സരിക്കാനാവാത്തത് ഭാര്യമാരുടെ അരങ്ങേറ്റത്തിന് അവസരമൊരുക്കിയിട്ടുണ്ട്. ആർ.ജെ.ഡി, ജനതാദൾ യുനൈറ്റഡ്, എൽ.ജെ.പി, കോൺഗ്രസ് കക്ഷികൾ ഇങ്ങനെയുള്ള അഞ്ച് പേർക്ക് ഇത്തവണ സീറ്റ് നൽകിയിട്ടുണ്ട്. വീഭ ദേവി (ആർ.ജെ.ഡി-നവാദ), വീണാ ദേവി (എൽ.ജെ.പി -മുൻഗീർ), നീലം ദേവി (കോൺഗ്രസ്-മുൻഗീർ), കവിതാകുമാരി (ജെ.ഡി.യു-സിവാൻ), ഹീന ശഹാബ് (ആർ.ജെ.ഡി-സിവാൻ) എന്നിവർക്ക്.






