കുടുംബ വേരുകൾ ആഴ്ന്നിറങ്ങിയ മഹാരാഷ്ട്ര

കുടുംബ വേരുകൾ ആഴ്ന്നിറങ്ങിയ ഒരു സംസ്ഥാനം മഹാരാഷ്ട്രയാണ്. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ പിതാവ് ആനന്ദ് റാവു ചവാൻ ഇന്ദിരാ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്നു. അമ്മ പ്രേമലകാകി മഹാരാഷ്ട്രാ കോൺഗ്രസ് അധ്യക്ഷയായി. മറ്റൊരു മുൻ മുഖ്യമന്ത്രി അശോക് ചവാൻ മുൻ മുഖ്യമന്ത്രി എസ്.ബി. ചവാന്റെ മകനാണ്. ബി.ജെ.പിക്കാരനായ ഇപ്പോഴത്തെ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുൻ എം.എൽ.എ ഗംഗാധർ പന്ത് ഫഡ്‌നാവിസിന്റെ മകനാണ്. ദേവേന്ദ്രയുടെ അമ്മായി ശോഭ ഫഡ്‌നാവിസ് മഹാരാഷ്ട്രയിൽ മന്ത്രിയായിരുന്നു. മഹാരാഷ്ട്രയിലെ സീനിയർ ബി.ജെ.പി ലീഡർ ഏകനാഥ് കാഡ്‌സെയുടെ മരുമകൾ രക്ഷ കാഡ്‌സെ നിലവിലെ എം.പിയാണ്. റാവേർ ലോക്‌സഭാ മണ്ഡലത്തിൽ അവർ വീണ്ടും ജനവിധി തേടുന്നു. 
രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി.ജെ.പി മുഖ്യമന്ത്രിമാരുടെ മക്കൾ എം.പിമാരായിരുന്നു. വസുന്ധര രാജെ സിന്ധ്യ രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരിക്കേ മകൻ ദുഷ്യന്ത് സിംഗ് എം.പിയായി. വസുന്ധരയുടെ സഹോദരി യശോധര രാജെ അതേസമയം മധ്യപ്രദേശിൽ മന്ത്രിയായിരുന്നു. ബി.ജെ.പിയുടെ സ്ഥാപക നേതാവായിരുന്നു ഇരുവരുടെയും അമ്മ വസുന്ധര രാജെ. വസുന്ധരയുടെ സഹോദരൻ മാധവറാവു സിന്ധ്യയിലൂടെ ഈ വേരുകൾ കോൺഗ്രസിലേക്കും പടരുന്നു. മാധവറാവുവിന്റെ മകൻ ജ്യോതിരാദിത്യയും ഭാര്യ പ്രിയദർശിനിയും ഇത്തവണ മത്സരിക്കുന്നുണ്ട്.
ഛത്തീസ്ഗഢിൽ രമൺ സിംഗ് ബി.ജെ.പി മുഖ്യമന്ത്രിയായിരിക്കേ മകൻ അഭിഷേക് എം.പിയാണ്. ഹിമാചൽപ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന പ്രേംകുമാർ ധുമലിന്റെ മകനാണ് അനുരാഗ് താക്കൂർ എം.പി. ഹിമാചൽപ്രദേശിലെ ഹാമിർപൂരിൽ അനുരാഗ് ഇത്തവണയും മത്സരിക്കുന്നു. 
ബി.ജെ.പിക്കാരനായ മഹാരാഷ്ട്രാ മുൻ ഉപമുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെയുടെ രണ്ടു പെൺമക്കളും രാഷ്ട്രീയത്തിലുണ്ട്. മൂത്ത മകൾ പങ്കജ മുണ്ടെ മഹാരാഷ്ട്രയിൽ സീനിയർ മന്ത്രിയാണ്. പ്രിതം മുണ്ടെ ബീദ് ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എം.പിയാണ്. വീണ്ടും ജനവിധി തേടുന്നു. ഗോപിനാഥ് മുണ്ടെയുടെ അനന്തരവളും മുൻ കേന്ദ്ര മന്ത്രി പ്രമോദ് മഹാജന്റെ മകളുമായ പൂനം മഹാജനും സിറ്റിംഗ് എം.പിയാണ്. വീണ്ടും മത്സരിക്കുന്നുമുണ്ട്. ശിവസേന ബാൽ താക്കറെയുടെ കുടുംബ പാർട്ടിയാണ്. പൗത്രൻ ആദിത്യ ശിവസേനാ യൂത്ത് വിംഗ് നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെ അധികാരം മൂന്നാം തലമുറയിലെത്തി. അമ്മാവൻ അധികാരം മകൻ ഉദ്ധവ് താക്കറെക്ക് കൈമാറിയതോടെ അനന്തരവൻ രാജ് താക്കറെ നവനിർമാൺ സേന എന്ന പുതിയ പാർട്ടിയുണ്ടാക്കി. എൻ.സി.പിയിൽ ശരത്പവാറിന്റെ കുടുംബ വാഴ്ചയാണ്. മകൾ സുപ്രിയ സൂലെയും പൗത്രൻ പാർഥ് പവാറും ഇത്തവണ മത്സരിക്കുന്നു. പാർഥിന്റെ പിതാവ് അജിത് പവാർ എം.എൽ.എയാണ്. കർണാടകയിൽ ദേവഗൗഡയും രണ്ടു പേരമക്കളും ലോക്‌സഭയിലേക്ക് മത്സരിക്കുന്നു. ദേവഗൗഡയുടെ ഒരു മകൻ മുഖ്യമന്ത്രിയും മറ്റൊരു മകൻ സംസ്ഥാന മന്ത്രിയുമാണ്. പശ്ചിമ ബംഗാളിൽ മമതാ ബാനർജി അനന്തരവൻ അഭിഷേക് ബാനർജിയെ ഉയർത്തിക്കൊണ്ടുവരികയാണ്. ഉത്തർപ്രദേശിൽ മായാവതി സഹോദരൻ അനന്തകുമാറിന്റെയും അനന്തരവൻ ആകാശിന്റെയും രാഷ്ട്രീയ വളർച്ചക്ക് വെള്ളവും വളവും നൽകുന്നു. 
കേന്ദ്ര മന്ത്രി ജയന്ത് സിൻഹ മുൻ കേന്ദ്ര ധന മന്ത്രി യശ്വന്ത് സിൻഹയുടെ മകനാണ്. ഉത്തർപ്രദേശിലെ എം.എൽ.എ പങ്കജ് സിംഗ് നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനാണ്. ബി.ജെ.പി സിറ്റിംഗ് എം.പി രാജ്‌വീർ സിംഗ് മുൻ മുഖ്യമന്ത്രിയും ഇപ്പോൾ രാജസ്ഥാൻ ഗവർണറുമായ കല്യാൺ സിംഗിന്റെ മകനാണ്. എറ്റായിൽ രാജ്‌വീർ വീണ്ടും മത്സരിക്കും. 
ഉത്തർപ്രദേശിൽ മുലായം സിംഗ് യാദവുമായി ബന്ധമുള്ള രണ്ട് ഡസൻ നേതാക്കളെങ്കിലും അധികാര രാഷ്ട്രീയത്തിലുണ്ട്. മകൻ അഖിലേഷ് യാദവ് മുഖ്യമന്ത്രിയും എം.പിയുമായിരുന്നു. സഹോദരൻ സീനിയർ മന്ത്രിയായിരുന്നു. കഴിഞ്ഞ തവണ യു.പിയിൽ ജയിച്ച അഞ്ച് എസ്.പി എം.പിമാരിൽ നാലു പേരും മുലായത്തിന്റെ കുടുംബാംഗങ്ങളാണ്. അതിൽ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവുമുണ്ട്. ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെയും രാംവിലാസ് പസ്വാന്റെയും കുടുംബങ്ങളുടെയും കഥ ഇതു തന്നെ. ലാലുവിന്റെ മകൾ മിസ ഭാരതിയും പസ്വാന്റെ മകൻ ചിരാഗ് പസ്വാനും സഹോദരനും രാമചന്ദ്ര പസ്വാനും സിറ്റിംഗ് എം.പിമാരാണ്. മൂവരും മത്സരിക്കുന്നുണ്ട്. പസ്വാന്റെ മറ്റൊരു സഹോദരൻ പശുപതി പസ്വാൻ ബിഹാറിൽ മന്ത്രിയാണ്. 
തമിഴ്‌നാട്ടിൽ എം.ജി.ആറിന്റെയും കരുണാനിധിയുടെയും കുടുംബാംഗങ്ങളും ആന്ധ്രയിൽ എൻ.ടി. രാമറാവുവിന്റെ കുടുംബാംഗങ്ങളുമാണ് അധികാരം വാഴുന്നത്. തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി രാമറാവു വളർന്നുവരുന്ന നേതാവാണ്. മകൾ കവിത സിറ്റിംഗ് എം.പിയാണ്. വീണ്ടും മത്സരിക്കുന്നു. വൈ.എസ്. രാജശേഖര റെഡ്ഢിയുടെ മകൻ വൈ.എസ് ജഗൻമോഹനാണ് ആന്ധ്രയിൽ കുടുംബ പതാകയേന്തുന്ന മറ്റൊരു നേതാവ്. 
ഒഡിഷയിൽ മുൻ മുഖ്യമന്ത്രി ബിജു പട്‌നായിക് മരിക്കുമ്പോൾ മകൻ നവീൻ പട്‌നായിക് രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. എന്തിന് ഒറിയ ഭാഷ സംസാരിക്കാൻ പോലും നവീൻ പട്‌നായിക്കിന് അറിയാമായിരുന്നില്ല. ഇന്ന് സംസ്ഥാനത്തെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് നവീൻ പട്‌നായിക്. പഞ്ചാബിൽ ശിരോമണി അകാലിദളിനെ നിയന്ത്രിക്കുന്നത് ബാദൽ കുടുംബമാണ്. മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകൻ സുഖബീർ ബാദൽ ഉപമുഖ്യമന്ത്രിയായിരുന്നു. സുഖ്ബീറിന്റെ ഭാര്യ ഹർസിംറത് കൗർ കേന്ദ്ര മന്ത്രിയാണ്. ഇത്തവണ സുഖ്ബീർ ഫിറോസ്പൂരിൽ നിന്നും ഹർസിംറത് ഭടിണ്ടയിൽ നിന്നും മത്സരിക്കുന്നു. കോൺഗ്രസുകാരനായ ഇപ്പോഴത്തെ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ പ്രേനിത് കൗർ യു.പി.എ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്നു.      (അവസാനിച്ചു) 
 

Latest News