ഹിജാബ് അഴിപ്പിച്ചു, തരംതാഴ്ത്തി; യു.എസ് പട്ടാളത്തില്‍ കേസ്

വാഷിംഗ്ടണ്‍- മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിനു വഴങ്ങി സഹപ്രവര്‍ത്തകരുടെ മുന്നില്‍ ശിരോവസ്ത്രം അഴിക്കേണ്ടി വന്ന യു.എസ് പട്ടാളക്കാരി നിയമനടപടിക്കൊരുങ്ങുന്നു. മതവിവേചനം കാണിച്ച കമാന്‍ഡ് സെര്‍ജന്റ് മേജര്‍ക്കെതിരെ സൈന്യത്തില്‍തന്നെ നല്‍കിയ പരാതി തള്ളിയതിനെ തുടര്‍ന്നാണ് 26 കാരി സെസിലിയ വാള്‍ഡോവിനോസും അവരെ സഹായിക്കുന്ന സംഘടനയും കോടതിയെ സമീപിക്കുന്നത്.
കൊളറാഡോയില്‍ ആത്മഹത്യ തടയുന്നതിനെ കുറിച്ച് സംഘടിപ്പിച്ച ക്ലാസില്‍ വെച്ചാണ് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അവഹേളിക്കുകയും ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തതെന്ന് സെസിലിയ പറയുന്നു. മിലിറ്ററി റിലീജിയസ് ഫ്രീഡം ഫൗണ്ടേഷന്റെ (എംആര്‍എഫ്എഫ്) സഹായത്തോടെ മാര്‍ച്ച് ഏഴിന് മിലിറ്ററി ഇക്വല്‍ ഓപ്പര്‍ച്യുനിറ്റി ഓഫീസിന് പരാതി നല്‍കിയെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നിരാകരിക്കുകയായിരുന്നു.
പട്ടാള യൂനിഫോമിനോടൊപ്പം ഹിജാബ് ധരിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കേണല്‍ ഡേവിഡ് സിന്‍ സിസിലിയക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം മത വിശ്വാസത്തിന്റെ ഭാഗമായുള്ള തന്റെ ശിരോവസ്ത്രം വിദ്വേഷത്തിനും പീഡനത്തിനു കാരണമായെന്ന് അവര്‍ പറയുന്നു.

ഭീകരവാദിയെന്നും ഐ.എസുകാരിയെന്നും വിളിച്ചു. സെപ്റ്റംബര്‍ 11 ആക്രമണത്തിനു താനാണ് കാരണമെന്നു പോലും പറഞ്ഞു. വലിയ തോതിലുള്ള ശത്രതയും രോഷവുമാണ് പ്രകടിപ്പിച്ചത്. മറ്റുള്ളവരുടെ മുന്നില്‍വെച്ച് ഹിജാബ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ മതപരമായി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് തോന്നിയത്- സിസിലിയ എംആര്‍എഫ്എഫ് ഭാരവാഹികളോട് പറഞ്ഞു.

വീട്ടിലായിരിക്കുമ്പോഴും ഭര്‍ത്താവിനു മുന്നിലും മാത്രം ഹിജാബ് അഴിച്ചാല്‍ മതിയെന്നാണ് തന്റെ തീരുമാനമെന്നും സിസിലിയ പറഞ്ഞു. മുസ്്‌ലിം സെര്‍ജന്റിനെ പലതവണ കമാന്‍ഡ് സര്‍ജന്റ് മേജര്‍ കെര്‍സ്റ്റിന്‍ മൊണ്ടോയ വസ്ത്രത്തിന്റെ പേരില്‍ അനാവശ്യമായി ബുദ്ധിമുട്ടിച്ചുവെന്ന് എംആര്‍എഫ്എഫ് വക്താവ് മാക്കി വെയിന്‍സ്റ്റെയിന്‍ പറഞ്ഞു. ഇത് നഗ്നമായ മുസ്ലിം വിദ്വേഷവും മുന്‍വിധിയും പീഡനവുമാണെന്ന് വെയിന്‍സ്റ്റെയിന്‍ ഫോക്‌സ് 21 ചാനലിനോട് പറഞ്ഞു.

പരാതി തള്ളിയ ശേഷം സെര്‍ജന്റില്‍നിന്ന് തന്നെ സ്‌പെഷലിസ്റ്റായി തരംതാഴ്ത്തിയെന്നും ശമ്പളം കുറച്ചുവെന്നും സിസിലിയ പറയുന്നു. ഈ സംഭവത്തിനുശേഷം താനും ഏഴു വയസ്സായ മകളും മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

സിസിലയക്കുവേണ്ടി യു.എസ് സൈന്യത്തിനെതിരെ കോടതിയെ സമീപിക്കാനാണ് എംആര്‍എഫ്എഫ് തീരുമാനം. ഇത് നഗ്നമായ ഇസ്ലോമോഫോബിക് പീഡനവും മുന്‍വിധിയും മതഭ്രാന്തുമാണെന്ന് എംആര്‍എഫ്എഫ് ചൂണ്ടിക്കാട്ടി. വിവേചനത്തിനിരയായെങ്കിലും സൈനിക സേവനം തുടരാനാണ് തീരുമാനമെന്നും തന്റെ പോരാട്ടം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും സിസിലിയ പറഞ്ഞു.

 

Latest News