Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ.എൻ.എൽ വഴി മുസ്‌ലിം വിഭാഗങ്ങളെ ഇടതുമുന്നണിയിലേക്ക് ആകർഷിക്കാൻ നീക്കം

കോഴിക്കോട് - മുസ്‌ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളെയും സ്വതന്ത്രരേയും പാർട്ടിയിലേക്ക് ആകർഷിക്കാൻ ഐ.എൻ.എൽ. കാൽനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിലാണ് നാഷനൽ ലീഗിന് ഇടതുമുന്നണിയിൽ ഘടകകക്ഷി സ്ഥാനം ലഭിക്കുന്നത്.
ഒരു എം.എൽ.എയുള്ള നാഷനൽ സെക്കുലർ കോൺഫറൻസ് കഴിഞ്ഞ ദിവസം ഐ.എൻ.എല്ലിൽ ലയിച്ചു. കൊടുവള്ളിയിൽ സ്വാധീനമുള്ള അഡ്വ. പി.ടി.എ.റഹീം എം.എൽ.എയുടെ പാർട്ടിയാണ് എൻ.എസ്.സി. കൊടുവള്ളിയെ ഇപ്പോൾ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന കാരാട്ട് റസാഖ് ഐ.എൻ.എല്ലിൽ ചേർന്നേക്കും. സി.പി.എം സ്വതന്ത്രനായ അദ്ദേഹത്തിന് പാർട്ടിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. മറ്റു സ്വതന്ത്ര എം.എൽ.എമാരായ അബ്ദുറഹിമാൻ (താനൂർ), പി.വി.അൻവർ (നിലമ്പൂർ), കെ.ടി.ജലീൽ (തവനൂർ) എന്നിവരുമായി നാഷനൽ ലീഗ് നേതൃത്വം ബന്ധപ്പെട്ടിരുന്നെങ്കിലും അവർ സന്നദ്ധരല്ല. അതേസമയം കാന്തപുരം വിഭാഗത്തിന്റെ മുസ്‌ലിം ജമാഅത്ത് കൗൺസിലുമായി സഹകരിക്കാൻ ധാരണയായിട്ടുണ്ട്. കാന്തപുരം സുന്നി വിഭാഗം പൊതുവെ ഇടതുപക്ഷവുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തുണയ്ക്കുകയെന്നതായിരുന്നു മുൻരീതി. അതിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് തന്നെ പിന്തുണയെന്ന സൂചന വന്നുകഴിഞ്ഞു.
ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ മരുമകൻ സി. മുഹമ്മദ് ഫൈസിക്ക് നൽകുക മാത്രമല്ല ഈ വിഭാഗവുമായി നിരന്തര ബന്ധം പുലർത്താൻ സി.പി.എം ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കെ.ടി.ജലീലും പി.ടി.എ.റഹീമും ഇക്കാര്യത്തിൽ ആശയവിനിമയം ഉറപ്പുവരുത്തുന്നുണ്ട്.
1994 ൽ രൂപീകൃതമായ കാലം മുതൽ ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ച ഐ.എൻ.എല്ലിന് ഇടതുമുന്നണി പ്രവേശനം കിട്ടാക്കനിയായി നീളുകയായിരുന്നു. സ്ഥാപക നേതാവ് സുലൈമാൻ സേട്ടിന്റെ കാലത്ത് ഇത് യാഥാർത്ഥ്യമായില്ല. മുസ്‌ലിം സമുദായവുമായി സി.പി.എം നേരിട്ട് ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്നും സമുദായ പാർട്ടികളെ ഇടനിലക്കാരാക്കുന്നത് സമ്മർദ്ദതന്ത്രം പയറ്റാൻ ഇടയാക്കുമെന്നുമായിരുന്നു നേരത്തെയുള്ള ഇടതുമുന്നണിയുടെ വിലയിരുത്തൽ.
പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണ് പാർട്ടിയുടെയും മുന്നണിയുടെയും നിലപാടിൽ മാറ്റമുണ്ടായത്. മുസ്‌ലിം ലീഗിന് ബദലായി വളരാൻ ഐ.എൻ.എല്ലിന് സാധിക്കുമെന്നാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊടുവള്ളി മണ്ഡലത്തിൽ ലീഗ് വിമതനായി പി.ടി.എ.റഹീമും കാരാട്ട് റസാഖും ജയിച്ചത് കാന്തപുരം വിഭാഗത്തിന്റെ പിന്തുണകൊണ്ടുകൂടിയാണ്. എന്നാൽ 2014 ൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ.രാഘവന് 16000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കൊടുവള്ളി അസംബ്ലി മണ്ഡലത്തിൽ നിന്ന് ലഭിച്ചു. കൊടുവള്ളിയിൽ നിന്നുള്ള പി.ടി.എ.റഹീമും കാരാട്ട് റസാഖും ഐ.എൻ.എല്ലിൽ എത്തുന്നതോടെ ഇവിടെ ഇടതുമുന്നണിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

Latest News