ദോഹ- ഖത്തറിലേക്ക് വിസയെടുക്കുന്ന മലയാളികള്‍ക്ക് തൊഴില്‍ കരാര്‍ ഇനി മലയാളത്തിലും ലഭിക്കും. വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നാട്ടില്‍ തന്നെ പൂര്‍ത്തീകരിച്ച്, രാജ്യത്തെത്തിയാലുടന്‍ േേജാലിയില്‍ പ്രവേശിക്കുന്ന രീതിയിലാണ് ഇനി മുതല്‍ വിസ പ്രോസസിംഗ് നടക്കുക. ഇതിനായി ഇന്ത്യയില്‍ കൂടുതല്‍ വിസ കേന്ദ്രങ്ങള്‍ തുറന്നു.
ഖത്തറിലേക്ക് തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവെക്കുന്നതുവരെയുള്ള എല്ലാ നടപടികളും വിസ സെന്ററില്‍ പൂര്‍ത്തിയാക്കാം. ബയോമെട്രിക് വിവര ശേഖരണം, വൈദ്യപരിശോധന എന്നിവക്കും സൗകര്യമുണ്ട്. ഇന്ത്യയില്‍ ന്യൂദല്‍ഹി കൂടാതെ മുംബൈയിലും കൊല്‍ക്കത്തയിലും കഴിഞ്ഞ ദിവസം ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ തുറന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ആകെ ഏഴ്് ക്യു.വി.സികള്‍ ഇന്ത്യയില്‍ തുറക്കും. കൊച്ചി, ഹൈദരാബാദ്, ലഖ്‌നൗ, ചെന്നൈ, എന്നിവിടങ്ങളിലാണ് ഇനി വിസ സെന്ററുകള്‍ തുറക്കാനുള്ളത്.
മുംബൈയിലെ ഖത്തര്‍ കോണ്‍സല്‍ ജനറല്‍ സൈഫ് ബിന്‍ അലി അല്‍ മുഹന്നദിയാണ് മുംബൈ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. വിദേശ തൊഴിലാളികളുടെ റിക്രൂട്‌മെന്റ് പരമാവധി സുതാര്യമാക്കാനും ഇടനിലക്കാരുടെ തട്ടിപ്പുകള്‍ ഒഴിവാക്കാനുമായാണ് ഖത്തര്‍ എട്ട് വിദേശ രാജ്യങ്ങളില്‍ വിസ സെന്ററുകള്‍ തുറക്കുന്നത്. സ്വദേശത്തു തന്നെ നടപടികളെല്ലാം പൂര്‍ത്തിയാക്കാനാകുന്നത് തൊഴിലാളികള്‍ക്ക് ഏറെ സഹായകമാണ്.