ഹൈടെക് യുഗത്തിൽ അക്രമങ്ങൾക്ക്  പ്രസക്തിയില്ല - കെ. മുരളീധരൻ

വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  തെരഞ്ഞെടുപ്പ് യോഗത്തിൽ കെ. മുരളീധരൻ സംസാരിക്കുന്നു. 

തലശ്ശേരി- ഹൈടെക് യുഗത്തിൽ അക്രമങ്ങൾക്ക് പ്രസക്തിയില്ലെന്ന് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ്   സ്ഥാനാർത്ഥി കെ. മുരളീധരൻ. ലോകം മുഴുവൻ മാറിയിരിക്കുകയാണ്. അതോടൊപ്പം  ശാസ്ത്രവും വികസിക്കുകയാണ്. ഒരു മുറിയിലിരുന്ന് ലോകത്തെ മുഴുവൻ കാര്യങ്ങളും  വീക്ഷിക്കുന്ന തരത്തിൽ ശാസ്ത്രം വളർന്നിരിക്കുമ്പോൾ ഇവിടെ ഇപ്പോഴും വെട്ടും കൊലയുമായി ചിലർ  നടക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. വെൽഫെയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിന് അറുതി വരുത്തി  ഒരു മാറ്റം വരാൻ കേന്ദ്രത്തിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള യു.പി.എ സർക്കാർ അധികാരത്തിൽ വരണമെന്നും മുരളി കൂട്ടിച്ചേർത്തു.
 വെട്ടിനും കൊലപാതകത്തിനും ഒരു പ്രസക്തിയുമില്ല. വിദ്യാലയങ്ങളിൽ ചുമട്ടു തൊഴിലാളി സംഘടനകൾക്ക്  എന്താണ് കാര്യം. കെ.എസ്.യുക്കാരെ തല്ലാൻ സി.ഐ.ടി. യുക്കാരെ അയക്കുന്ന രീതി ശരിയല്ല. അക്രമ കൊലപാതകങ്ങൾക്ക് അറുതിവരുത്താനുള്ള സമയം അതിക്രമിച്ചു. ഷുഹൈബ് ഉൾപ്പെടെ നിരവധി ചെറുപ്പക്കാരെ നടുറോട്ടിൽ വെട്ടിക്കൊന്നിട്ട്  സി.പി.എം എന്തുനേടിയെന്നും മുരളി ചോദിച്ചു. നല്ല രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ടി.പിയെ 51 വെട്ടുവെട്ടിയാണ് അറുകൊല ചെയ്തത്.
വരുന്ന തെരഞ്ഞെടുപ്പിൽ നാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും മുരളി പറഞ്ഞു. തലശ്ശേരി  കനക് റസിഡൻസിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് യു.കെ സെയിദ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരികൺവെൻഷൻ ഉദ്ഘാടനം ചെയ്തു.  ജില്ല വൈസ് പ്രസിഡന്റ് കെ.കെ അബ്ദുള്ള, നഗരസഭ കൗൺസിലർമാരായ സീനത്ത് അബ്ദുൾ സലാം, മാജിത അഷ്ഫാക്ക്, വി.എൻ ജയരാജ,് സജീവ് മാറോളി, എം.പി അരവിന്ദാക്ഷൻ, കെ.ജയരാജൻ, എം.വി സതീശൻ സംസാരിച്ചു. 
 

Latest News