ദക്ഷിണേന്ത്യയാകെ കോൺഗ്രസ് തരംഗമാകും- ചെന്നിത്തല 

ആലപ്പുഴ- വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതോടെ സംസ്ഥാനത്തെ 20 സീറ്റുകളിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് വൻവിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യർത്ഥന സ്വീകരിച്ചതിൽ രാഹുൽഗാന്ധിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിൽ രാഹുൽഗാന്ധിയെ പരാജയപ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി കോൺഗ്രസും യുഡിഎഫും ഏറ്റെടുക്കുന്നു. 
രാഹുൽഗാന്ധിയെ വയനാട്ടിൽ പരാജയപ്പെടുത്താൻ പിണറായിക്ക് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. രാഹുൽഗാന്ധി അമേഠിക്ക് ഒപ്പം വയനാട്ടിലും മത്സരിക്കുന്നതിനെ ഒളിച്ചോട്ടമായി ആരും ചിത്രീകരിക്കേണ്ട. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിന് കൂടുതൽ സീറ്റ് നേടുകയാണ് ലക്ഷ്യം. രാഹുലിന്റെ വരവ് കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കും. പരാജയം മുന്നിൽ കണ്ട് മുഖ്യമന്ത്രി പരിഭ്രാന്തിയിലാണ്. മതേതരശക്തികളുടെ കൂട്ടായ്മയെ പാർട്ടി കോൺഗ്രസിൽ എതിർത്തവരാണ് മുഖ്യമന്ത്രിയും സംസ്ഥാനത്തെ സി.പി.എം നേതാക്കളും. 
ദേശീയ തലത്തിൽ ബി.ജെ.പിയും സംസ്ഥാനത്ത് സി.പി.എമ്മുമാണ് കോൺഗ്രസിന്റെ മുഖ്യ എതിരാളികൾ. ആദ്യമായിട്ടാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിൽനിന്ന് മത്സരിക്കുന്നത്. അതിനാൽ തന്നെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി കേരളവും വയനാടും മാറും. ദളിത് ആദിവാസികളുടെ വികസനത്തിനും കർഷക ആത്മഹത്യയ്ക്കുമെതിരെ പോരാടുന്ന രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഈ മേഖലയിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കും. 
ആലപ്പുഴ ഡി.സി.സിയിൽ നടന്ന പത്രസമ്മേളനത്തിൽ മുൻ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറും പങ്കെടുത്തു. മധുരപലഹാര വിതരണവും നടത്തി. പിന്നീട് രാഹുൽഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് ആലപ്പുഴ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകി.
 

Latest News