കോട്ടയം- രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുളള വരവിനെ തുരങ്കം വെക്കാൻ സി.പി.എം ശ്രമിച്ചുവെന്നും ഈ തെരഞ്ഞെടുപ്പോടെ സി.പി.എം പ്രാദേശിക കക്ഷിയായി ഒതുങ്ങുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബി.ജെ.പിയുടെ ഫാസിസത്തിനെതിരെയും ജനാധിപത്യ മതേതര സഖ്യത്തിന് തുരങ്കം വച്ച സി.പി.എം കേരള ഘടകത്തിനെതിരെയുമുള്ള പോരാട്ടമാണ് നടക്കുന്നത്.രാഹുൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. വയനാട്ടിൽ കോൺ അധ്യക്ഷൻ മത്സരിക്കനുള്ള തീരുമാനം കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് വലിയ ആവേശം നൽകിയിരിക്കുകയാണ്. പൊതു സമൂഹത്തിനും വലിയ ആഹ്ലാദം. കുറേനാളായി ഉയർന്നു വന്ന ആവശ്യം കൂട്ടായ തീരുമാനമാണ്.
എ.കെ ആന്റണി, കെ.സി വേണുഗോപാൽ, ഉമ്മൻചാണ്ടി, മുകുൾ വാസ്‌നിക,് ചെന്നിത്തല എന്നിവരും താനും രാഹുലിനായി ആവശ്യപ്പെട്ടിരുന്നു. ചിക്മംഗളുരുവിൽ ഇന്ദിരാഗാന്ധിയുടെ വിജയം കോൺഗ്രസിന്റെ വലിയ തിരിച്ചുവരവിന് കാരണമായി. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന വിഭജനത്തിന് ബി.ജെ.പി എന്നും ശ്രമിച്ചിരുന്നു. രാഹുൽ കേരളത്തിൽനിന്നു മത്സരിക്കുന്നത് ഇന്ത്യ ഒന്ന് എന്ന സന്ദേശവുമായാണ്. ഫാസിസത്തിനെതിരായ പോരാട്ടമാണ് മതേതര ജനാധിപത്യ ഐക്യത്തിനുള്ള രാഹുൽ ഗാന്ധിയുടെ ആഹ്വാനത്തെ ഇടതുപക്ഷം സ്വാഗതം ചെയ്തിരുന്നു. മതേതര ജനാധിപത്യ ഐക്യം തകർക്കാൻ ശ്രമിച്ചത് പിണറായിയും കോടിയേരിയുമാണ്. സി.പി.എമ്മിന്റെ കേരള ഘടകവും തുരങ്കം വെക്കാൻ ശ്രമിച്ചു.
ബി.ജെ.പി ജയിച്ചാലും കോൺഗ്രസിന്റെ പരാജയം കാണണമെന്നാണ് കേരളത്തിലെ സി.പി.എം ആഗ്രഹിക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സി.പി.എം പ്രാദേശിക പാർട്ടിയായി മാറും. ഫാസിസത്തിന് എതിരായ സി.പി.എമ്മിന്റെ പോരാട്ടം ആത്മാർഥമെങ്കിൽ വയനാട്ടിലെ ഇടതു സ്ഥാനാർഥിയെ പിൻവലിക്കണം. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് അമേത്തിയിൽ പരാജയ ഭീതിമൂലമാണെന്ന് അമിത്ഷായും ശ്രീധരൻ പിള്ളയും ആരോപിക്കുന്നത് ചരിത്രമറിയാഞ്ഞിട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.






