തൃശൂരുകാർക്ക് സ്വപ്‌നങ്ങളുണ്ടേറെ...

തൃശൂർ ലോക്‌സഭാ സീറ്റിൽ എതിരാളികൾപോലും കുറ്റം പറയാത്ത രണ്ട് സ്ഥാനാർഥികളെയാണ് ഇരുമുന്നണികളും നിർത്തിയിരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസും യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപനും മണ്ഡലത്തിലെ വികസന സ്വപ്‌നങ്ങളെക്കുറിച്ച് മലയാളം ന്യൂസിനോട് മനസ്സ് തുറക്കുന്നു.

തൃശൂരിന്റെ കാർഷികമേഖലയിൽ കോൾകൃഷിയുടെ പ്രാധാന്യം വളരെ വലുതായിട്ടും പദ്ധതികളൊന്നും പൂർണതയിലെത്തിയിട്ടില്ലല്ലോ?

രാജാജി: ശരിയാണ്. ആവശ്യമായ ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രധാന പ്രശ്‌നം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെങ്കിലും കേന്ദ്രസഹായം വേണ്ടത്രയില്ല. കോൾമേഖലയിൽ ഇരിപ്പൂകൃഷിയുടെ സാധ്യതകൾ വികസിപ്പിക്കണം. വാട്ടർമാനേജ്‌മെന്റ് കാര്യക്ഷമമാക്കണം. 
പ്രതാപൻ: പി.സി.ചാക്കോ എം.പിയായ സമയത്ത് കോൾമേഖലക്കായി നിരവധി പദ്ധതികളും ഫണ്ടും കൊണ്ടുവന്നിരുന്നു. പിന്നീട് വന്നവർക്ക് അത് പിന്തുടരാൻ സാധിച്ചില്ല. അനുഭവജ്ഞാനവും അറിവുമുള്ള നെൽകർഷകരുമായി സംസാരിച്ച് വേണം കോൾവികസനം സാധ്യമാക്കാൻ. കോളിലല്ലാത്ത നെൽകർഷകരുടെ പ്രശ്‌നങ്ങളും പ്രധാനപ്പെട്ടതാണ്. അതെല്ലാം പരിഹരിക്കാൻ ഇടപെടൽ നടത്തും.

തൃശൂരിൽ പരമ്പരാഗത വ്യവസായങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പുനരുദ്ധരിക്കാൻ എന്താണ് പോംവഴികൾ?

പ്രതാപൻ: തൃശൂരിൽ കാർഷിക മേഖലക്കൊപ്പം തന്നെ പ്രാധാന്യമുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണം. പല കാരണങ്ങൾകൊണ്ട് പരമ്പരാഗത വ്യവസായങ്ങൾ തൃശൂരിൽ ഇല്ലാതായിത്തുടങ്ങി. യുഡിഎഫിന്റെ കാലത്ത് അവയെ പുനരുജ്ജീവിപ്പിക്കാൻ പല പദ്ധതികളും നടപ്പാക്കിയെങ്കിലും ഭരണം മാറുന്നതോടെ ആ പദ്ധതികളും നിലച്ചുപോകുന്ന സ്ഥിതിയായിരുന്നു. ഓടുവ്യവസായത്തിന്റെ പുരോഗതിക്കായി ക്ലസ്റ്ററെല്ലാം രൂപീകരിച്ചെങ്കിലും അവസ്ഥ പരിതാപകരമാണ്. ഈ നഷ്ടപ്രൗഢി വീണ്ടെടുക്കാൻ ശ്രമിക്കും.
രാജാജി: പരമ്പരാഗത വ്യവസായങ്ങൾ കാലത്തിന് അനുസൃതമായി എങ്ങിനെ പുനരജ്ജീവിപ്പിക്കാം എന്നാണ് ചിന്തിക്കേണ്ടത്. കളിമണ്ണിന്റെ ലഭ്യതകുറവ് മൂലം തൃശൂരിലെ നാടൻ ഓടു വ്യവസായം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പഴയ ഓടിന്റെ ഉപയോഗവും കുറഞ്ഞ സാഹചര്യത്തിൽ പുതിയ രൂപത്തിൽ ഡെക്കറേറ്റീവ് ടൈൽസ് ആയി അവയെ എങ്ങിനെ വാല്യു ആഡഡ് പ്രോഡക്ട് ആയി മാറ്റാം എന്നാണ് പരിശോധിക്കേണ്ടത്. 
കളിമണ്ണെടുത്തതു മൂലം കൃഷി ചെയ്യാൻ കഴിയാത്ത അയ്യായിരം ഏക്കറോളം ഭൂമി മത്സ്യകൃഷി തുടങ്ങാൻ പ്രയോജനപ്പെടുത്താവുന്നതാണ്. അപ്പോൾ ബണ്ടുകൾ നിർമിക്കേണ്ടിവരും. ബണ്ടിന്റെ കരയിൽ പച്ചക്കറി കൃഷി നടത്താം. ആഭ്യന്തര ടൂറിസത്തിന് ആക്കംകൂട്ടും വിധം ഇവയെ മാറ്റിയെടുക്കണം. നല്ലയിനം മത്സ്യകൃഷിയിലൂടെ ഭക്ഷ്യസുരക്ഷയും വിനോദസഞ്ചാരികളെ ആകർഷിക്കും വിധമുള്ള പരിവർത്തനത്തിലൂടെ ടൂറിസത്തേയും  പ്രയോജനപ്പെടുത്താം.

കാർഷിക സർവകലാശാലയുടെ ആസ്ഥാനമായിട്ടും നാളികേര കർഷകരും മറ്റു പല കർഷകരും കൃഷി നഷ്ടത്തിലാണെന്ന് വിലപിക്കുമ്പോൾ...

രാജാജി:  നാളികേരത്തെ ഒരു തോട്ടവിളയായി കണ്ട് കേരകർഷകരുടെ ഉന്നമനത്തിന് ദീർഘവീക്ഷണത്തോടെ തമിഴ്‌നാട്ടിലെ പോലെ പദ്ധതി തയാറാക്കണം. ഉൽപാദനമില്ലാത്ത തെങ്ങുകൾ വെട്ടിമാറ്റി പുതിയവ നട്ടുപിടിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇങ്ങനെ വെട്ടുന്ന തെങ്ങിൻ തടികളിൽ നിന്ന് വാല്യു ആഡഡ് ഉത്പന്നങ്ങൾ നിർമിച്ച് വിദേശ വിപണിയടക്കം പിടിച്ചെടുക്കാൻ ശ്രമം വേണം. പഴം-പച്ചക്കറി എന്നിവയുടെ മൂല്യവർധിത വസ്തുക്കൾക്ക് സാധ്യതകളേറെയാണ്. കാർഷിക വിഭവങ്ങൾക്ക് വിലയില്ലാത്ത സ്ഥിതി മാറ്റാൻ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് ഊന്നൽ നൽകാൻ പദ്ധതികൾ തയാറാക്കണം. 

പ്രതാപൻ: പി.സി.ചാക്കോ കാർഷിക സർവകലാശാലയ്ക്ക് നൂറു കോടി രൂപയാണ് നൽകിയത്. സംസ്ഥാന സർക്കാരാണ് സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൡ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. സർവകലാശാലയുടെ കാര്യങ്ങൾ വിശദമായി പഠിച്ച് ഇടപെടേണ്ട അവസരങ്ങളിലെല്ലാം ഇടപെടും. കർഷകർക്ക് കൂടുതൽ സഹായകരവും ഗുണപ്രദവുമാകുന്നതിന് സർവകലാശാലയെ പ്രാപ്തമാക്കാൻ വേണ്ട കാര്യങ്ങൾ പരിശോധിക്കും. 
കേര കർഷകരടക്കമുള്ള കർഷകരുടെ പ്രശ്‌നങ്ങൾ എം.എൽ.എ ആയിരിക്കുമ്പോൾത്തന്നെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിനു തന്നെയാണ് അതിലിടപെടാനും പ്രശ്‌നപരിഹാരത്തിനും കൂടുതൽ സാധ്യതയുള്ളതെങ്കിലും അക്കാര്യങ്ങളിലും സജീവ ശ്രദ്ധയുണ്ടാകും.

തൃശൂരിലെ മുൻ എം.പിമാർ തുടർന്നുവന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് പുതിയ പദ്ധതികൾ എന്തെങ്കിലും മനസിലുണ്ടോ?

പ്രതാപൻ:  മധ്യകേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണ് തൃശൂർ. ഗതാഗതക്കുരുക്ക് രൂക്ഷമായ തൃശൂർ-എറണാകുളം റൂട്ടിൽ ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന തൃശൂർ റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിന് എന്തെല്ലാം വേണമോ അതെല്ലാം ചെയ്യും. 
കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുകയെന്നത് അനിവാര്യമായ ഒന്നായതുകൊണ്ടുതന്നെ അതിനും കൂടുതൽ ശ്രദ്ധ നൽകും. ഇപ്പോൾ ചർച്ചകൾ ആരംഭിച്ചാൽ മാത്രമേ അത് ദീർഘകാലാടിസ്ഥാനത്തിലെങ്കിലും നടപ്പാക്കാനാവൂ.ദേശീയ ജലപാത പോലുള്ള ബദൽ ഗതാഗതമാർഗങ്ങൾ വികസിപ്പിക്കുകയും വേണം.
രാജാജി: എറണാകുളം-തൃശൂർ-ഷൊർണൂർ റെയിൽവേ റൂട്ടിന്റെ 200 ശതമാനം ഇപ്പോൾത്തന്നെ ഉപയോഗിച്ചു കഴിഞ്ഞു. കൂടുതൽ പുതിയ ട്രെയിനുകളോ പുതിയ ലൈനുകളോ എളുപ്പമല്ല. സ്ഥലമെടുപ്പ് സങ്കീർണമാണ്. റോഡ്, റെയിൽ സംവിധാനങ്ങൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തണം. കൊച്ചി മെട്രോ തൃശൂർ വരെ നീട്ടുന്നതാണ് പ്രധാനം. ഹൈസ്പീഡ് മെട്രോ കോറിഡോർ ആയി തൃശൂർ-എറണാകുളം റൂട്ട് മാറണം. കോടികളുടെ മുതൽമുടക്കാവശ്യമുള്ള വർഷങ്ങൾ എടുക്കുന്ന പദ്ധതി ഉട്ടോപ്യൻ സ്വപ്‌നമല്ല. വിചാരിച്ചാൽ നടക്കാവുന്നതാണ്. 

ടൂറിസം വികസനത്തിന് എന്തു ചെയ്യാൻ സാധിക്കും?

രാജാജി: പിൽഗ്രിമേജ് ടൂറിസത്തിൽ ഗുരുവായൂർ, വടക്കുന്നാഥൻ, തൃശൂർ പുത്തൻപള്ളി, ചേരമാൻ പള്ളി തുടങ്ങിയ പ്രമുഖ ആരാധനാലയങ്ങളെയെല്ലാം കോർത്തിണക്കണം. ദേശീയ ജലപാത യാഥാർഥ്യമാകുന്നതോടൈ പിൽഗ്രിമേജ് ടൂറിസത്തിന് കുറേക്കൂടി സാധ്യത കൈവരും. 
പ്രതാപൻ: തൃശൂരിൽ ടൂറിസം വികസനത്തിന് അപാരസാധ്യതകളാണുള്ളത്. പരിസ്ഥിതി സൗഹൃദമായ ടൂറിസം വികസനത്തിന് ഉതകുന്ന പദ്ധതികൾ നടപ്പാക്കണം. തീർഥാടക സർക്യൂട്ട് ടൂറിസം, തീരദേശ ടൂറിസം തുടങ്ങിയവക്കെല്ലാം സാധ്യത ഏറെയാണ്. പ്രയോജനപ്പെടുത്താത്ത നിരവധി ടൂറിസം സ്‌പോട്ടുകൾ തൃശൂരിലുണ്ട്. 

തൃശൂരിൽനിന്ന് പുത്തൂരിലേക്ക് മൃഗശാല മാറുമ്പോൾ സുവോളജിക്കൽ പാർക്ക് എന്ന സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒന്നുമായില്ല?

പ്രതാപൻ: അനുമതി നേടിയെടുക്കലും ഫണ്ട് ലഭ്യമാക്കലുമാണ് ഇക്കാര്യത്തിൽ എം.പിക്ക് ചെയ്യാനുള്ളത്. അതിനേക്കാളേറെ സംസ്ഥാന സർക്കാരിനാണ് ചെയ്യാനുള്ളത്. സമ്പൂർണമായ മൃഗശാല മാറ്റത്തിന് വർഷങ്ങളെടുക്കും. എങ്കിൽപോലും പുത്തൂർ മൃഗശാലയുടെ കാര്യത്തിൽ പ്രത്യേക താത്പര്യമെടുക്കും.

രാജാജി: പൂർണമായ തോതിൽ മൃഗശാല മാറ്റത്തിന് ഇനിയും വർഷങ്ങളെടുക്കുമെന്നതാണ് യാഥാർത്ഥ്യം. പതിനാലേക്കറിൽനിന്ന് തൃശൂർ മൃഗശാല മുന്നൂറ് ഏക്കറിലേക്ക് മാറുമ്പോൾ സുവോളജിക്കൽ പാർക്കിനകത്ത് മോണോ റെയിൽ സ്ഥാപിക്കണം. ഇപ്പോൾ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ള ട്രാം വേയും നല്ലതാണ്. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷന്റെ അഞ്ഞൂറേക്കർ കൂടി ലഭ്യമാക്കുകയാണെങ്കിൽ ലോകോത്തര നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്ക് സാധ്യമാക്കാം. ഫോറസ്റ്റ് ലോഡ്ജ് ഉൾെപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കി ടൂറിസം രംഗത്ത് വൻകുതിച്ചു ചാട്ടം സാധ്യമാക്കാം. 


 

Latest News