പാലക്കാട്- സംസ്ഥാനത്ത് വോട്ടവകാശം ഉപയോഗിക്കുന്ന കാര്യത്തിൽ ഏറെ വൈമുഖ്യം കാണിക്കുന്നവരാണ് ആദിവാസി സമൂഹം. ജനാധിപത്യ പ്രക്രിയയിൽ അവരെ എങ്ങനെയെല്ലാം ഉൾപ്പെടുത്തണമെന്നാലോചിച്ച് തല പുണ്ണാക്കുകയാണ് അധികൃതർ. അട്ടപ്പാടിയിലെ 193 ആദിവാസിയൂരുകളിലെ ഇരുപത്തിയയ്യായിരത്തോളം വരുന്ന ആദിവാസി വോട്ടർമാരെയെല്ലാം ഇക്കുറി പോളിംഗ് ബൂത്തിൽ എത്തിക്കുവാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. വിപുലമായ ബോധവൽക്കരണ പരിപാടിയിലൂടെ വലിയൊരളവു വരെ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് അധികൃതർ കരുതുന്നു. അഗളി ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സിന്റെ സഹായത്തോടെ നടക്കുന്ന ബോധവൽക്കരണ പരിപാടി ഇതിനകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. സ്‌കൂളിലെ തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബിന്റെ സഹായത്തോടെയാണ് കുട്ടിപ്പോലീസുകാരുടെ പ്രവർത്തനം.
ഊരുകൾതോറും കയറിയിറങ്ങി വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്ന കുട്ടികൾ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ചും വിവി പാറ്റ് സംവിധാനത്തെക്കുറിച്ചും വിശദമായി ആശയവിനിമയം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ആദിവാസി ജനതയുടെ പരമാവധി പങ്കാളിത്തം ഉറപ്പു വരുത്താനാണ് ഞങ്ങളുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ പ്രാപ്തരാക്കിയാണ് കുട്ടികളെ ഊരുകളിലേക്ക് അയക്കുന്നത്'- തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബിന്റെ കോഡിനേറ്റർ ടി.സത്യൻ പറയുന്നു.
സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിലെ അംഗങ്ങളിൽ ഭൂരിഭാഗവും ആദിവാസി സമൂഹത്തിൽനിന്നു തന്നെ ഉള്ളവരായതിനാൽ ആശയവിനിമയം സുഗമമായി നടക്കുന്നുണ്ട്.
അട്ടപ്പാടിയിലെ ആദിവാസികൾ പ്രധാനമായും ഇരുള, കുറുമ്പ, മുഡുഗ വിഭാഗങ്ങളിൽ പെടുന്നവരാണ്. ഓരോ ഗോത്രത്തിനും തനതായ ഭാഷയുമുണ്ട്.






