ഇന്ത്യ പിടിക്കണോ? ഇവിടെ ജയിക്കൂ 

കേന്ദ്ര ഭരണം പിടിക്കാൻ ഉത്തരാഖണ്ഡിലെ വോട്ടർമാർക്ക് ഒറ്റമൂലിയുണ്ട്. നൈനിറ്റാൾ ലോക്‌സഭാ മണ്ഡലത്തിൽ ജയിക്കുക. നൈനിറ്റാളിൽ ജയിക്കുന്ന പാർട്ടി കേന്ദ്രത്തിൽ ഭരണത്തിലെത്തുമെന്നതാണ് ചരിത്രം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടിലെ ചരിത്രം ഈ വിശ്വാസം ശരിവെക്കുന്നു. അതുകൊണ്ട് ഉത്തരാഖണ്ഡിലുള്ളവർ നോക്കുന്നത് ദൽഹിയിലേക്കല്ല, നൈനിറ്റാളിലേക്കാണ്. 
1952 ലാണ് നൈനിറ്റാളിൽ ആദ്യം തെരഞ്ഞെടുപ്പ് നടന്നത്. ചന്ദ്രദത്ത് പാണ്ഡെ ആയിരുന്നു ആദ്യ എം.പി. പിന്നീട് മുൻ പ്രതിരോധ മന്ത്രി കെ.സി പന്ത് 1962 മുതൽ 1971 വരെ മൂന്നു തവണ നൈനിറ്റാളിനെ പ്രതിനിധീകരിച്ചു. ഇവരെല്ലാം കോൺഗ്രസിന്റെ സ്ഥാനാർഥികളായിരുന്നു. ഈ വർഷങ്ങളിലെല്ലാം കോൺഗ്രസ് കേന്ദ്രം ഭരിച്ചു. 
1980 ൽ എൻ.ഡി തിവാരി കോൺഗ്രസ് ടിക്കറ്റിൽ ഇവിടെ വിജയിച്ചു. കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി അധികാരത്തിലെത്തി. 1984 ൽ സത്യേന്ദ്ര ചന്ദ്ര ഗുഡിയ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചപ്പോൾ രാജീവ്ഗാന്ധി കേന്ദ്രത്തിൽ ഭരണത്തിലേറി. 1989 ൽ മണ്ഡലത്തിന്റെ കഥ മാറി. ജനതാദളിന്റെ മഹേന്ദ്ര പാൽ സിംഗാണ് ജയിച്ചത്. ജനാതദൾ നേതാവ് വി.പി. സിംഗിന്റെ നേതൃത്വത്തിൽ സഖ്യകക്ഷി സർക്കാർ കേന്ദ്രത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
1996 ൽ എൻ.ഡി. തിവാരി കോൺഗ്രസിൽ നിന്നു മാറി തന്റെ സ്വന്തം കക്ഷി അഖിലേന്ത്യാ ഇന്ദിരാ കോൺഗ്രസ് (തിവാരി) സ്ഥാനാർഥിയായി നൈനിറ്റാളിൽ തിരിച്ചെത്തുകയും ജയിക്കുകയും ചെയ്തു. തിവാരിയുടെ പാർട്ടി 32 കക്ഷികളുടെ സഖ്യത്തിന്റെ ഭാഗമായി എൻ.ഡി.എയിലായിരുന്നു. അടൽബിഹാരി വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്യുകയും 13 ദിവസം അധികാരത്തിലിരുന്ന് വിശ്വാസ വോട്ടെടുപ്പിനിടെ രാജി വെക്കുകയും ചെയ്തു. കെ.സി പന്തിന്റെ ഭാര്യ ഇള പന്താണ് 1998 ൽ നൈനിറ്റാളിൽ നിന്ന് മത്സരിച്ചത്. കെ.സി പന്തിന്റെ രാഷ്ട്രീയം കറങ്ങിത്തിരിഞ്ഞ് അപ്പോഴേക്കും കാവിയിലെത്തിയിരുന്നു. ഇള പന്ത് ജയിച്ചത് ബി.ജെ.പി ടിക്കറ്റിലായിരുന്നു. വാജ്‌പേയി സർക്കാർ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലേറി. 2004 ൽ കെ.സി സിംഗ് ബാബയിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. കോൺഗ്രസ് യു.പി.എയുടെ ഭാഗമായി കേന്ദ്രത്തിൽ തിരിച്ചെത്തി. 2009 ൽ ബി.ജെ.പിയുടെ ബച്ചി സിംഗ് റാവത്തിനെ കെ.സി സിംഗ് ബാബ വീണ്ടും തോൽപിച്ചു. ഏവരെയും അമ്പരപ്പിച്ച് കോൺഗ്രസ് കേന്ദ്രത്തിൽ അധികാരം നിലനിർത്തി. 
2014 ൽ മൂന്നാം തവണ കെ.സി സിംഗ് ബാബ നൈനിറ്റാളിൽ മത്സരിച്ചു. എന്നാൽ മുൻ മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയെ ഇറക്കി ബി.ജെ.പി മണ്ഡലം പിടിച്ചു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പി കേന്ദ്രത്തിൽ സിംഹാസനം സ്വന്തമാക്കി. 
നൈനിറ്റാളിന്റെ ഈ ഭാഗ്യപാരമ്പര്യത്തിന് ഒന്നു രണ്ട് അപവാദങ്ങളേയുള്ളൂ. 1991 ൽ ബി.ജെ.പിയുടെ ബൽരാജ് പാസിയാണ് ജയിച്ചത്. എന്നാൽ കേന്ദ്രത്തിൽ കോൺഗ്രസാണ് ഭരണം പിടിച്ചത്. 
1999 ൽ എൻ.ഡി. തിവാരി കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചപ്പോൾ വാജ്‌പേയിയുടെ നേതൃത്വത്തിൽ എൻ.ഡി.എക്കാണ് കേന്ദ്രത്തിൽ ഭരണം കിട്ടിയത്. 2002 ൽ വാജ്‌പേയി സർക്കാർ അധികാരത്തിലിരിക്കെ ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മഹേന്ദ്രപാൽ സിംഗ് ജയിച്ചു. 
ഇത്തവണ ശക്തമായ പോരാട്ടമാണ് നൈനിറ്റാളിൽ അരങ്ങേറുന്നത്. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അജയ് ഭട്ടാണ് എതിർ സ്ഥാനാർഥി. നൈനിറ്റാളിൽ സ്വന്തം സ്ഥാനാർഥിയെ ജയിപ്പിക്കേണ്ടത് കോൺഗ്രസിനും ബി.ജെ.പിക്കും ഒരു സീറ്റിന്റെ മാത്രം പ്രശ്‌നമല്ല. ചരിത്രം സാക്ഷിയാണെങ്കിൽ ഇവിടെ ആര് ജയിക്കുമെന്നതിനനുസരിച്ചായിരിക്കും കേന്ദ്രത്തിൽ ഭരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം നുണഞ്ഞവരാണ് ഇരുവരും.
 

Latest News