ആരാണ് മക്കൾ രാഷ്ട്രീയം കളിക്കുന്നത്?

കുടുംബവാഴ്ച ഇന്ത്യൻ രാഷ്ട്രീയത്തിലെ അംഗീകൃത യാഥാർഥ്യമാണ്. കുടുംബവാഴ്ചയുടെ പേരിൽ കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരന്തരം വിമർശിക്കാറുണ്ട്. എന്നാൽ കുടുംബവാഴ്ചയിൽ ബി.ജെ.പിയോ പ്രാദേശിക പാർട്ടികളോ ഒട്ടും പിന്നിലല്ല. ഇന്ത്യസ്‌പെൻഡ് പഠനം ആസ്പദിച്ചുള്ള പരമ്പര. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് റാലികളിൽ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു മുദ്രാവാക്യമാണ് 'നാംദാർ വേഴ്‌സസ് കാംദാർ' എന്നത്. നാംദാർ എന്നാൽ കുടുംബത്തിന്റെ ബലത്തിൽ അധികാര രാഷ്ട്രീയത്തിലെത്തിയവർ. കാംദാർ എന്നാൽ സേവനത്തിലൂടെ നേതൃത്വത്തിലെത്തിയവർ. നെഹ്‌റു കുടുംബത്തെ പരിഹസിക്കാനുള്ള ഏറ്റവും നല്ല വടിയാണ് ഇത്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസിനൊപ്പം മക്കൾ രാഷ്ട്രീയം കളിക്കുന്നവരാണ് ബി.ജെ.പിയും പ്രാദേശിക പാർട്ടികളും. കോൺഗ്രസിന്റേത് കൂടുതൽ വ്യക്തമായതു കൊണ്ട് ബി.ജെ.പിക്ക് അത് ആയുധമാക്കാൻ സാധിക്കുന്നു എന്നു മാത്രം. 
1952 മുതലുള്ള 4807 ലോക്‌സഭാ എം.പിമാരുടെ ചരിത്രം പരിശോധിച്ച ഇന്ത്യസ്‌പെൻഡ് പഠനം പിന്തുടർച്ചാ രാഷ്ട്രീയത്തെക്കുറിച്ച ഏറ്റവും മികച്ച വിലയിരുത്തലാണ്. അമേരിക്കയിലെ ഹാർവാഡ് യൂനിവേഴ്‌സിറ്റിയിലെയും ജർമനിയിലെ മാൻഹെയിം യൂനിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച ഡാറ്റ ശേഖരിച്ചത്. പിന്തുടർച്ചക്കാരെന്നാൽ മുൻ എം.പിമാരുടെ ഭാര്യമാരോ ഭർത്താക്കന്മാരോ മക്കളോ ആണ്. മക്കളുടെ ഇണകളെയൊന്നും പരിഗണിച്ചിട്ടില്ല. സംസ്ഥാന നിയമസഭകളിലെയും രാജ്യസഭകളിലെയും കണക്കും ഉൾപെടുത്തിയിട്ടില്ല.
1999 ൽ കോൺഗ്രസിന് ഇത്തരത്തിൽ 36 എം.പിമാരുണ്ടായി. ബി.ജെ.പി ഒട്ടും പിന്നിലല്ല. അവർക്ക് 31 എം.പിമാരുണ്ട് ഇത്തരത്തിൽ. 1999 മുതൽ കോൺഗ്രസിന്റെ എം.പിമാരിൽ എട്ട് ശതമാനം പിന്തുടർച്ചക്കാരാണ്. ബി.ജെ.പിയുടെ ആറ് ശതമാനം എം.പിമാരാണ് പിന്തുടർച്ചക്കാർ. 2009 ൽ കോൺഗ്രസിനെ ബി.ജെ.പി കടത്തിവെട്ടി. കോൺഗ്രസിന്റെ 11 ശതമാനവും ബി.ജെ.പിയുടെ 12 ശതമാനവും എം.പിമാർ പിന്തുടർച്ചക്കാരായിരുന്നു. 
പ്രാദേശിക കക്ഷികളിലും പിന്തുടർച്ച വ്യാപകമാണ്. 2009 ൽ ജമ്മു കശ്മീരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാഷനൽ കോൺഫറൻസിന്റെ മൂന്ന് എം.പിമാരിൽ രണ്ടു പേരും പിന്തുടർച്ചക്കാരായിരുന്നു -ഉമർ അബ്ദുല്ലയും മിർസ മഹ്ബൂബ് ബെയ്ഗും. മുഫ്തി മുഹമ്മദ് സെയ്ദും മകൾ മഹബൂബ മുഫ്തിയും സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നു. രാഷ്ട്രീയ ലോക്ദളിന്റെ 40 ശതമാനം പേരും ശിരോമണി അകാലിദളിന്റെ 25 ശതമാനം എം.പിമാരും ബന്ധത്തിന്റെ ബലത്തിൽ കയറിവന്നവരാണ്. 
കോൺഗ്രസിന്റെ നേതൃതലത്തിൽ കുടുംബവാഴ്ചക്കാരുള്ളതിനാലാണ് ബി.ജെ.പി ഈ വിഷയം ചർച്ചയാക്കുന്നത്. എന്നാൽ ബി.ജെ.പിയുടെ നേതൃനിരയിലും ഇത്തരത്തിലുള്ളവരുണ്ട്. മേനകാഗാന്ധിയും പിയൂഷ് ഗോയലും ഉദാഹരണം. സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ് മേനക. മേനകയും മകൻ വരുൺ ഗാന്ധിയും ബി.ജെ.പി സ്ഥാനാർഥികളാണ്. പിയൂഷ് ഗോയലിന്റെ പിതാവ് ബി.ജെ.പി ട്രഷററായിരുന്നു. മാതാവ് മൂന്ന് തവണ ജനപ്രതിനിധി ആയിരുന്നു 
2009 ലെ ലോക്‌സഭയിലാണ് ഏറ്റവുമധികം കുടുംബവാഴ്ചക്കാരുണ്ടായിരുന്നത്. 53 എം.പിമാർ. മൊത്തം എം.പിമാരുടെ 9.5 ശതമാനം വരും ഇത്. 2014 ൽ അത് 8.6 ശതമാനമായി കുറഞ്ഞു. 1994 ലെ ലോക്‌സഭയിലേതിന്റെ ഏതാണ്ട് ഇരട്ടിയാണ് 2014 ലെ കുടുംബവാഴ്ചക്കാരുടെ എണ്ണം. അബ്ദുല്ലമാരും ബാദൽമാരും പട്‌നായിക്കുമാരും ലോക്‌സഭയിലെത്താൻ സാധ്യതയേറെയാണ്. 
മക്കൾ രാഷ്ട്രീയക്കാർക്ക് വളക്കൂറുള്ള മണ്ണ് ഉത്തർപ്രദേശാണ്. 1952 മുതൽ 51 കുടുംബവാഴ്ചാ എം.പിമാർ ഉത്തർപ്രദേശിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ബിഹാറിൽ നിന്ന് 27 പേരും. പഞ്ചാബും പശ്ചിമബംഗാളും 10 പേരെ വീതം തെരഞ്ഞെടുത്തു. ഉത്തർപ്രദേശിലെ 51 കുടുംബവാഴ്ചാ എം.പിമാരിൽ പതിനേഴും ബി.ജെ.പിക്കാരാണ്. കോൺഗ്രസിന്റേത് പതിനഞ്ചെണ്ണം മാത്രം. ബിഹാറിലെ പകുതിയോളം (12) കുടുംബവാഴ്ചാ എം.പിമാരും കോൺഗ്രസിൽ നിന്നാണ്. ബി.ജെ.പിക്കും ജനതാ പാർട്ടിക്കും നാലു പേർ വീതമുണ്ട്. മണ്ഡലങ്ങളുടെ എണ്ണം പരിഗണിക്കുമ്പോൾ ബിഹാറിനെക്കാൾ മുന്നിലാണ് പശ്ചിമ ബംഗാൾ. എന്നാൽ അവിടെ നിന്ന് ജയിച്ച എം.പിമാരിൽ കുടുംബവാഴ്ചക്കാർ കുറവാണ്. വടക്കുകിഴക്കൻ മേഖലകളിലും ഗോവയിലുമാണ് മക്കൾ രാഷ്ട്രീയം ഒട്ടും വേരുപിടിക്കാത്തത്. ഗോവയിലെ ഇപ്പോഴത്തെ ബി.ജെ.പിക്കാരനായ സംസ്ഥാന മന്ത്രി വിശ്വജിത് റാണെ മാത്രമാണ് അപവാദം. അദ്ദേഹം കോൺഗ്രസുകാരനായ മുൻ മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെയുടെ മകനാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസമിലാണ് അൽപം കുടുംബവാഴ്ചയുള്ളത്. 
ഏറ്റവും ദൈർഘ്യമേറിയ കാലം പാർലമെന്റിലിരുന്ന കുടുംബവാഴ്ചക്കാരൻ സോമനാഥ് ചാറ്റർജിയാണ്. 10 തവണ അദ്ദേഹം ജയിച്ചു. സോമനാഥിന്റെ പിതാവ് എൻ.സി ചാറ്റർജി മൂന്നു തവണ ബംഗാളിലെ ബർദ്വാൻ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം സോമനാഥ് ചാറ്റർജി ജയിക്കുന്നത്. 40 ശതമാനം കുടുംബവാഴ്ചക്കാരും അവരുടെ 'കുടുംബ മണ്ഡല'ത്തിൽ നിന്നാണ് ജയിക്കുന്നത്. ആം ആദ്മി പാർട്ടി കുടുംബക്കാർ അതേ മണ്ഡലത്തിൽ മത്സരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ലെന്നാണ് ഗവേഷകർ പറയുന്നത്. അമേരിക്കയിലും ജപ്പാനിലും ഫിലിപ്പൈൻസിലും ഇന്തോനേഷ്യയിലും മക്കൾ രാഷ്ട്രീയം വ്യാപകമാണ്. രാഹുൽ ഗാന്ധിയുടെ കുടുംബവാഴ്ച തുടങ്ങിയത് സ്വാതന്ത്ര്യത്തിനും മുമ്പാണ്. മോത്തിലാൽ നെഹ്‌റു കോൺഗ്രസ് പ്രസിഡന്റായിരുന്നു. മുതുമുത്തച്ഛൻ ജവഹർലാൽ നെഹ്‌റു, മുത്തശ്ശി ഇന്ദിരാഗാന്ധി, പിതാവ് രാജിവ് ഗാന്ധി, അമ്മ സോണിയാഗാന്ധി എന്നിവരെല്ലാം കോൺഗ്രസിന്റെ തലപ്പത്തുണ്ടായിരുന്നു. 
 

Latest News