രാഹുൽ ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് കൈക്കൊണ്ട തീരുമാനം ആ പാർട്ടിക്ക് കേരളത്തിൽ വർധിത ശക്തിനൽകും. മറിച്ചായിരുന്നു തീരുമാനമെങ്കിൽ കോൺഗ്രസ് ദുർബലമാകുന്ന അവസ്ഥ വരുമായിരുന്നു. കോൺഗ്രസ് ദുർബലമായാൽ അതിന്റെ ഗുണഫലമത്രയും സി.പി.എമ്മിനും ഇടതുപക്ഷത്തിനും തന്നെ ചെന്നു ചേരും എന്ന് കരുതുന്നവരാണ് ഇടതു പക്ഷത്തുള്ളവർ. പക്ഷെ അതായിരിക്കില്ല സംഭവിക്കുകയെന്ന് ആ പക്ഷത്ത് മനസ്സ് ചേർന്ന് നിൽക്കുന്നവരിലും കുറച്ചുപേർക്കെങ്കിലും ബോധ്യമുണ്ട്. അതവർ തുറന്ന് പറയുന്നില്ലെന്ന് മാത്രം.
കോൺഗ്രസിന്റെ ക്ഷീണം ശക്തിയാകുന്നത് സി.പി.എമ്മിനും മറ്റ് ഇടതു പാർട്ടികൾക്കും മാത്രമാകില്ല, ബി.ജെ.പിക്കും എൻ.ഡി.എക്കുമായിരിക്കുമെന്ന് രാഷ്ട്രീയ അനുഭവങ്ങൾ പറഞ്ഞു തരുന്നുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളിലും, കോൺഗ്രസിലുമൊക്കെ നിൽക്കുന്ന സാധാരണ മനുഷ്യരുടെ വർഗീയവും, സാമുദായികവുമായ മൃദുല വികാരങ്ങൾ ഇളക്കി വിടുക എത്രയോ എളുപ്പമാണെന്ന് പല ഘട്ടങ്ങളിലും കണ്ടതാണ്. ഞങ്ങളിലില്ലാ മതരക്തം എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. യാഥാർഥ്യം അതൊന്നുമല്ല. അതുപോലെ തന്നെയാണ് ന്യൂനപക്ഷ വികാരവും. ഇത്തിരി പോത്തിറച്ചി മതിയെന്ന് എല്ലാവരും കണ്ടതാണല്ലോ. ഇതൊക്കെ തരാതരം ചൂഷണം ചെയ്താണ് ഓരോ കാലത്തും കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പിടിച്ചു നിന്നത്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് തന്നെ എടുക്കുക: മത ന്യൂനപക്ഷങ്ങളുടെ ഓമനപുത്രനല്ല എന്ന ഇമേജുള്ള വി.എസ്. അച്യുതാന്ദനും മതന്യൂനപക്ഷങ്ങളുടെ മേൽ പ്രതിസന്ധികളുടെ ആകാശം ഇടിഞ്ഞു വീണാലും അത് തടയാൻ കെൽപ്പുള്ളയാൾ എന്ന് പ്രമുഖ മതന്യൂനപക്ഷ പ്രസംഗകർ വിശേഷിപ്പിക്കുന്ന, ന്യൂനപക്ഷ സംരക്ഷക ഇമേജുള്ള പിണറായി വിജയനും ഇറങ്ങി വോട്ടു പിടിച്ചപ്പോൾ രണ്ടു വിഭാഗത്തിന്റെയും വോട്ടു കിട്ടി- ഫലം ഇപ്പോൾ നിലവിലുള്ള ഭദ്രമായ ഇടതു സർക്കാർ. അങ്ങിനെയൊരു പരീക്ഷണം ഇനിയും വിജയിക്കണമെന്നില്ല. കാരണം സി.പി.എമ്മിന് പതിറ്റാണ്ടുകളായി പിന്തുണ കൊടുത്ത മുസ്‌ലിംകളിലെ സർഗാത്മക ന്യൂനപക്ഷം എന്ന് അവരിൽപ്പെട്ടവർ തന്നെ പറയാറുള്ള വിഭാഗംപോലും ഇപ്പോൾ അവരെ വിട്ടെറിഞ്ഞു പോയിരിക്കുന്നു - ഞങ്ങൾ യു.ഡി.എഫിനൊപ്പം എന്നാണ് അത്തരം ചെറുസംഘങ്ങൾ പോലും തെരഞ്ഞെടുപ്പ് മുഖത്ത് നിന്നു വിളിച്ചു പറയുന്നത്. ഇപ്പോൾ ഇടതുപക്ഷത്തു തന്നെ നിൽക്കുന്ന മുസ്‌ലിംകളാകട്ടെ, വർഷങ്ങളായി ആ പാർട്ടികളിലുള്ളവരും നാമമാത്ര മതന്യൂനപക്ഷ സംഘടനയിൽപ്പെട്ടവരും മാത്രമാണെന്ന് കണ്ടെത്താൻ ഇക്കാലത്ത് ഒരു പ്രയാസവുമില്ല. സോഷ്യൽ മീഡിയ കമന്റുകളുടെ ലിങ്ക് മാത്രം ഒന്നു നോക്കിയാൽ മതി.

അടവുനയം നടപ്പാക്കാൻ ഒന്നാന്തരം വഴക്കമുള്ള സി.പി.എം നേതാവാണ് പിണറായി വിജയൻ എന്ന് അറിയാത്തവർ ആരുമുണ്ടാകില്ല. കേരളത്തിൽ കോൺഗ്രസിനെ തളർത്താനുള്ള സർവ വഴികളും കുറച്ച് കാലമായി അദ്ദേഹം വലിയ ബഹളമൊന്നുമില്ലാതെ നടപ്പാക്കിവരികയായിരുന്നു. ബംഗാളിൽ കോൺഗ്രസ് സഹായത്തിൽ സീതാറാം യെച്ചൂരി രാജ്യസഭാ അംഗമാകുന്നത് തടയാൻ സാധിച്ചതുപോലും ഈ അടവു നയത്തിന്റെ വിജയമായിരുന്നു. വളരെ ചെറിയ തോതിലെങ്കിലും, ബി.ജെ.പി വളരുന്നു എന്ന തോന്നലുണ്ടാക്കാനായാൽ തമ്മിൽ ഭേദം എന്ന നിലക്ക് വലിയ പ്രത്യശാസ്ത്ര ഉറപ്പൊന്നുമില്ലാത്ത, ചാഞ്ചാടുന്ന ന്യൂനപക്ഷങ്ങളിലെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഇടതുപക്ഷത്ത് തന്നെ ഉറച്ചു നിൽക്കുമെന്ന് പിണറായി വിജയനറിയാമായിരുന്നു.
രാഹുൽ ഗാന്ധിയുടെ വരവോടെ കേരളത്തിൽ കോൺഗ്രസിന്റെ ആവേശം എത്രത്തോളമെത്തുമെന്ന് ഞായറഴ്ച നാട്ടിലാകെ നടന്ന ആഹ്ലാദ പ്രകടനങ്ങൾ സാക്ഷിയാണ്. ഇരുപതിൽ ഇരുപതും എന്നാണ് വാർത്തയറിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവേശക്കൊടുമുടി കയറിയത്. കോൺഗ്രസ് പോലൊരു പാർട്ടിക്ക് അത്രയൊക്കെ മതി- ആവേശിക്കാൻ ഒരു കാരണം. പ്രായം അറുപത്തിമൂന്നായ രമേശ് ചെന്നിത്തലപോലും രാഹുൽ കാര്യം അറിഞ്ഞ് ആലപ്പുഴയിൽ പ്രകടനം നടത്താനിറങ്ങിയപ്പോൾ പഴയ കെ.എസ്.യുക്കാരനായി. കൊടിയുടെ കാര്യംപോലും മറന്നല്ലെ പ്രകടനത്തിനിറങ്ങിയത്. വയനാട് ഓഫീസിലെ ആഹ്ലാദാരവം പോലൊന്ന് അടുത്ത കാലത്തൊന്നും ആരും കണ്ടു കാണില്ല- തെരഞ്ഞെടുപ്പ് ഫലം വന്ന പ്രതീതി.
ഉറങ്ങിക്കിടക്കുന്ന കോൺഗ്രസിനെ ഉണർത്താൻ വളരെ ചെറിയ കാര്യങ്ങൾ മതി. ഇത്തവണ വന്നത് ചെറിയ കാര്യമല്ല. വലിയ ആവേശം തന്നെയാണ്. കോൺഗ്രസുകാരിലേക്ക് വന്നുവീണ ഈ ആവേശം സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട് എന്നറിയാൻ അത്ര വലിയ രാഷ്ട്രീയ ബുദ്ധിയൊന്നും ആവശ്യമില്ല. കോൺഗ്രസെ നിങ്ങളുമോ? എന്നാണ് സി.പി.എമ്മും ഇടതുപക്ഷവുമൊക്കെ ആവർത്തിച്ചു ചോദിക്കുന്നത്. ആ ചോദ്യത്തിലും ഒരു കാര്യവുമില്ല. അഖിലേന്ത്യാ തലത്തിൽ കമ്യൂണിസ്റ്റുകൾ മാത്രമൊന്നുമല്ല ഇക്കാലത്ത് കോൺഗ്രസിന് സഖ്യം ചേരാൻ പറ്റിയവർ. പ്രാദേശികവും അല്ലാത്തതുമായ മറ്റ് കക്ഷികൾ നിരവധി. അവയിൽ ഏറ്റവും പ്രധാനം ബംഗാളിൽ സി.പി.എമ്മിന്റെ അന്ത്യം കുറിച്ച മമത ബാനർജി തന്നെ. ചുരുക്കി പറഞ്ഞാൽ സി.പി.എമ്മിന്റെ താൽപ്പര്യത്തിന് വഴങ്ങി രാഹുൽ വയനാട്ടിൽ മത്സരിക്കാൻ വന്നില്ലായിരുന്നുവെങ്കിൽ കോൺഗ്രസ് ഇന്ന് കാണുന്ന അവസ്ഥയിൽപ്പോലും ബാക്കിയുണ്ടാകുമായിരുന്നില്ല. രാഹുലിന്റെ വയനാട്ടിലെ മത്സരം രക്ഷിച്ചത് കോൺഗ്രസിനെയാണ്. ഇതു കൊണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനും വലിയ നഷ്ടമുണ്ടാകാനും പോകുന്നില്ല. അവരുടെ യഥാർഥ ശക്തി അവിടെത്തന്നെ കാണും. നടക്കാതെ പോകുന്നത് അടവുനയമാണ്- കോൺഗ്രസിനെ തച്ചു തളർത്തുകയും ബി.ജെ.പിയെ കാണിച്ച് ന്യൂനപക്ഷങ്ങളെ കാലാകാലം കൂടെ നിർത്തുകയും ചെയ്യാനുള്ള കുതന്ത്രം.






