ന്യൂദല്‍ഹി- ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ടല്ല, പബ്ലിസിറ്റി മിനിസ്റ്ററായാണ് നരേന്ദ്ര മോഡി പ്രൈം മിനിസ്റ്റര്‍ സ്ഥാനത്തു തുടരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഹങ്കാരം കൊണ്ടാണ് മോഡി അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും സ്വയം പുകഴ്ത്തുന്നതെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ആരോപിച്ചു.
ജനങ്ങള്‍ ഉന്നയിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് നിലകൊള്ളാനാവില്ല. അതുകൊണ്ടാണ് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളില്‍ അദ്ദേഹം അഭയം തേടുന്നത്. അധികാരമോഹവും അഹങ്കാരവുമാണ് മോഡിയെ പച്ചക്കള്ളങ്ങളടക്കം പ്രചരിപ്പിച്ച് സ്വയം പ്രൊമോഷനില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാ ഇന്ത്യക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് തന്റെ കൈയില്‍ പരിഹാരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ആരുമായും കൂടിയാലോചിക്കാതെ മോഡി അഹങ്കാരത്തോടെ മുന്നോട്ടു നീങ്ങുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങളാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്കാര്യം പറയാന്‍ ഞാന്‍ ആരാണ്? അത് അഹങ്കാരമാകുകയില്ലേ, ജനങ്ങളാണ് അക്കാര്യം തീരുമാനിക്കേണ്ടത്. മെച്ചപ്പെട്ട ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയുമാണ് തന്റെ ചുമതല. പിന്നീട് എന്തു സംഭവിക്കണമെന്നത് ഇന്ത്യന്‍ ജനത തീരുമാനിക്കേണ്ടതാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.
സമ്പദ്ഘടന, കര്‍ഷക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് എന്‍.ഡി.എ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണ്. ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ, രണ്ട് കോടി തൊഴിലുകള്‍, 100 സ്മാര്‍ട്ട് സിറ്റികള്‍, വിദേശത്തുനിന്ന് 80 ലക്ഷം കോടി രൂപയുടെ കള്ളപ്പണം രാജ്യത്തെത്തിക്കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് 2014 ല്‍ മോഡി നല്‍കിയത്. ഇതൊക്കെയും പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിനിമം വരുമാനമുറപ്പാക്കുന്ന പദ്ധതി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റ് മാത്രം നേടിയത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇക്കുറി ജനങ്ങളുടെ പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും രാഹുല്‍ അകാശപ്പെട്ടു.






