കോഴിക്കോട്- വയനാട് ലോക്‌സഭ മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് മത്സരിക്കാനുള്ള കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം കേരളത്തിലെ കോൺഗ്രസിനെ ആവേശത്തിലാഴത്തുന്നു. ഏറെനാളായി അനിശ്ചിതത്വത്തിലായിരുന്ന പ്രഖ്യാപനം വന്നതോടെ വയനാട്ടിലും മലപ്പുറത്തും കോഴിക്കോട്ടും യു.ഡി.എഫ് പ്രവർത്തകർ ആവേശത്തിലായി. കേരളം മുഴുവൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കും രാഹുലിന്റെ സ്ഥാനാർത്ഥിത്വം കനത്ത തിരിച്ചടി നൽകും. രാഹുലിന്റെ സാന്നിധ്യം യു.ഡി.എഫ് സംവിധാനത്തെ ഉണർത്തുമെന്നും മുഴുവൻ മണ്ഡലങ്ങളിലും ഇത് ഗുണം ചെയ്യുമെന്നും കണക്കാക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി പ്രതീക്ഷ വെച്ചുപുലർത്തുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും യു.ഡി.എഫിലെ ശശി തരൂരുമാണ് നേരിട്ടേറ്റുമുട്ടുന്നത്. ശക്തമായ മത്സരം നടക്കുന്ന ഇവിടെ രാഹുലിന്റെ കേരളത്തിലെ സാന്നിധ്യം യു.ഡി.എഫിന് പുതിയ ഉണർവ് നൽകും. ത്രികോണമത്സരം നടക്കുന്ന പത്തനംതിട്ടയിലും കോൺഗ്രസിന് രാഹുലിന്റെ സാന്നിധ്യം ശക്തിയും ആവേശവും പകരും. ഇതിന് പുറമെ, വയനാടിന് സമീപമുള്ള കോഴിക്കോട്, വടകര, കണ്ണൂർ മണ്ഡലങ്ങളിലും രാഹുൽ തരംഗമുണ്ടാകുമെന്നാണ് സൂചന.
മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂടി വായിക്കാം.
അടുത്ത ഒരു തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ യുഡിഫ് എന്ന സംവിധാനം ദുർബലമാകുമെന്നും കളി എൻ ഡി എയും എൽഡിഫും തമ്മിലാകുമെന്നുമുള്ള ആശങ്ക പങ്കുവെച്ച് നേരത്തെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ബിജെപി യുടെ വോട്ട് വിഹിതം ആറു ശതമാനത്തിൽ നിന്ന് പത്തിലേക്ക് കുതിച്ചു കയറിയതും കോണ്ഗ്രസ്സിന്റെ വോട്ടിൽ ഉണ്ടായ വൻ ചോർച്ചയുമായിരുന്നു ആ ആശങ്കക്ക് കാരണമായത്. നില നില്പില്ല എന്ന് കണ്ടാൽ ബിജെപിയിൽ ചേരാനും ബിജെപി സർക്കാർ ഉണ്ടാക്കാനും ഒരു മടിയുമില്ലെന്ന് തെളിയിച്ച പാരമ്പര്യം ഉള്ളവരാണല്ലോ കോൺഗ്രസ്സുകാർ. ആ നിലക്ക് ലീഗിന് ഇടത് പക്ഷത്തോടൊപ്പം ചേരേണ്ടി വരികയും എൻ ഡി എ ് െഎൽ ഡി എഫ് എന്ന സമവാക്യത്തിലേക്ക് കേരളം പോകുകയും ചെയ്യും എന്നായിരുന്നു ആശങ്ക. എന്തായാലും രാഹുൽ ഗാന്ധിയുടെ വരവ് ആ സാഹചര്യത്തിൽ മാറ്റമുണ്ടാക്കും. യു ഡി എഫ് ശക്തിപ്പെടും. എൻ ഡി എ വീണ്ടും അപ്രസക്തരാവും. എൽ ഡി എഫിന് പ്രത്യേകിച്ചൊന്നും സംഭവിക്കുകയുമില്ല. അവർ നില മെച്ചപ്പെടുത്തുകയേ ഉള്ളൂ. കുറച്ചു കാലം കൂടി ലീഗിന് യു ഡി എഫിന്റെ ഭാഗമായി തന്നെ തുടരാം.
അപ്പൊ ബിജെപി ഇനി കേരളം വിട്ട് പിടിക്കുന്നതായിരിക്കും നല്ലത്.