മോഡിയുടെ പ്രചാരണത്തിനു മാത്രമായി ബിജെപിയുടെ ചാനല്‍ 'നമോ ടിവി'

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു മാത്രമായി പുതിയൊരു ടെലിവിഷന്‍ ചാനല്‍ ബിജെപി തുടങ്ങി. നമോ ടിവി എന്നു പേരിട്ടിരിക്കുന്ന ഈ ചാനല്‍ ഡിടിഎച്ച് മുഖേന രാജ്യത്തുടനീളം ലഭ്യമാകും. മോഡിയുടെ പരിപാടികള്‍ ഈ ചാനലിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യും. നമോ ടിവില്‍ തന്റെ പരിപാടികള്‍ കാണാന്‍ മോഡിയും ജനങ്ങളെ സ്വാഗതം ചെയ്തു. ഞായറാഴ്ച അഞ്ചു മണിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചൗക്കിദാര്‍മാരുമായി താന്‍ നടത്തുന്ന സംഭാഷണം ലൈവായി നമോ ടിവില്‍ കാണാമെന്നും മോഡി ട്വീറ്റില്‍ പറഞ്ഞു.

മോഡിയുടെ ചിത്രം ഉള്‍പ്പെടുന്നതാണ് നമോ ടിവിയുടെ ലോഗോ. തെരഞ്ഞെടുപ്പു പ്രചാരണത്തിനു പുറമെ മോഡി പ്രസംഗങ്ങളും ഈ ചാനലിലൂടെ പ്രക്ഷേപണം ചെയ്യും. മോഡി സര്‍ക്കാരിന്റെ പദ്ധതികളായിരിക്കും ചാനലിലെ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുക. ഇത് ആദ്യമായല്ല മോഡി ടിവി ചാനലുമായി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നത്. 2012ലെ ഗുജറാത്തെ തെരഞ്ഞെടുപ്പു കാലത്തും നമോ ടിവി തുടങ്ങാന്‍ ശ്രമം നടത്തിയിരുന്നു. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വന്ദേ ഗുജറാത്ത് എന്ന പേരില്‍ ഒരു ഇന്റര്‍നെറ്റ് ടിവിയും ആരംഭിച്ചിരുന്നു. എന്നാല്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയായിരുന്നു.

Latest News