ദുബായ്- അല്‍ ഖുവനീജില്‍ പുതുതായി തുറന്ന ഖുര്‍ആന്‍ പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. വിസ്മയകരമായ കാഴ്ചകളാണ് പാര്‍ക്കിനുള്ളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
60 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഖുര്‍ആന്‍ പാര്‍ക്കിനെ ഖുര്‍ആന്റെ പരിസ്ഥിതി സങ്കല്‍പങ്ങള്‍ക്കിണങ്ങും വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന 43 സസ്യങ്ങളും പ്രവാചക അത്ഭുതങ്ങളുടെ ദൃശ്യവിന്യാസവും ഇവിടെ നിങ്ങള്‍ക്ക് കാണാം.

കൂടാതെ ജനങ്ങള്‍ക്ക് നടക്കാനും സൈക്കിള്‍ ചവിട്ടാനും വ്യായാമം ചെയ്യാനും സ്ഥലമേറെ. ചുറ്റുമതിലില്ലാത്ത ഓപണ്‍ പാര്‍ക്ക് എല്ലാവര്‍ക്കും പ്രയോജനപ്പെടുംവിധമാണ് നിര്‍മിച്ചിരിക്കുന്നത്. അദ്ഭുതഗുഹയിലേക്കും ഗ്ലാസ് ഹൗസിലേക്കും കയറാന്‍ മാത്രം 10 ദിര്‍ഹം വീതം ഫീസുണ്ട്.
ഖുര്‍ആനിലും പ്രവാചക ചര്യയിലും വിഷയീഭവിക്കുന്ന സസ്യങ്ങള്‍ നട്ടുപിടിപ്പിച്ച ഗ്ലാസ്സ് പാര്‍ക്കാണ് പാര്‍ക്കിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാജിരി പറഞ്ഞു. സവിശേഷ താപനിലയിലും പരിസ്ഥിതി സാഹചര്യത്തിലും മാത്രമാണ് ഇവ വളരുക. ഇത്തരം സസ്യങ്ങള്‍ വില്‍ക്കുന്ന കടകളും ഇവിടെയുണ്ട്.

ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന സസ്യങ്ങളുടെ സവിശേഷതകളും ശാസ്ത്രീയവും ഔഷധപരവുമായ പ്രത്യേകതകളും വിവരിക്കുന്ന 12 ഉദ്യാനങ്ങള്‍ പാര്‍ക്കിന്റെ ഭാഗമാണ്. സൗരോര്‍ജവൃക്ഷങ്ങളും അറബിക് കാലിഗ്രാഫിയും ഖുര്‍ആന്‍ പാര്‍ക്ക് പ്രോജക്ടിനെ മനോഹരമാക്കുന്നു. വൈഫൈ, ഫോണ്‍ ചാര്‍ജിംഗ് സ്റ്റേഷന്‍, സന്ദര്‍ശകര്‍ക്ക് തണല്‍ ഇരിപ്പിടങ്ങള്‍ എന്നിവയുമുണ്ട്.
ഖുര്‍ആനില്‍ പറയുന്ന ഏഴ് അത്ഭുതങ്ങള്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സസ്യങ്ങളെക്കുറിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റുമായി കിയോസ്കുകളും പാര്‍ക്കിലുണ്ട്.






