മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാളിച്ചകള്‍ അക്കമിട്ടു നിരത്തുന്ന പുസ്തകം കോണ്‍ഗ്രസ് പുറത്തിറക്കി. പ്രധാനമന്ത്രിയുടെ 100 പിഴവുകള്‍ എന്നു പേരിട്ട പുസ്തകത്തില്‍ മോഡിയെ ബിജെപിയുടെ ശിശുപാലന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റിയാണ് പ്രസാധകര്‍. മുംബൈയിലെ ദാദറില്‍ നടന്ന ദേശീയ നേതാക്കള്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. മോഡിയുടെ ഒന്നാമത്തെ പിഴവായി പുസ്തകത്തില്‍ പറയുന്നത് അഴിമതി ആരോപണം നേരിട്ട റഫാല്‍ പോര്‍വിമാന കരാറാണ്. ഈ അധ്യായത്തില്‍ മോഡിയെ കൊള്ളക്കാരന്‍ എന്നും വിശേഷിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ പണമെടുത്ത് കോടീശ്വരനായ തന്റെ സുഹൃത്തിനു മോഡി നല്‍കിയെന്നും ആരോപിക്കുന്നു. രണ്ടാമത്തെ പിഴവായി നല്‍കിയിരിക്കുന്നത് ഏകപക്ഷീയമായി ജിഎസ്ടി നടപ്പാക്കിയതാണ്. വ്യാജ വാഗ്ദാനങ്ങള്‍, കുറഞ്ഞ ജോലി, നോട്ടു നിരോധനം തുടങ്ങിയവയല്ലാം മോഡിയുടെ പിഴവുകളായി എണ്ണിയിട്ടുണ്ട്.
ആരാണ് ശിശുപാല്‍?
മഹാഭാരത കഥാപാത്രമായ ശിശുപാലിന്റെ ഇന്നത്തെ രൂപമായാണ് ഈ പുസ്തകം മോഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മഹാഭാരതത്തിലെ ശിശുപാലിന്റെ 100 കുറ്റങ്ങള്‍ പൊറുക്കാന്‍ അമ്മ അനന്തരവനായ കൃഷ്ണനോട് അപേക്ഷിക്കുന്നുണ്ട്. ഇതിനു തയാറായ കൃഷണന്‍ മേലില്‍ കുറ്റം ചെയ്താല്‍ മാപ്പു നല്‍കില്ലെന്നും മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍ 101-ാമതും കുറ്റം ചെയ്ത ശിശുപാലിനെ കൃഷ്ണന്‍ സുദര്‍ശന ചക്രം എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് മഹാഭാരതം പറയുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മോഡിയുടെ 100 പിഴവുകള്‍ രാജ്യത്തെ ജനങ്ങള്‍ സഹിച്ചെന്നും ഇനി അദ്ദേഹത്തിന് മാപ്പു നല്‍കില്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.







