മലപ്പുറം- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതു സംബന്ധിച്ച് വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാണക്കാട്ട് ചേര്‍ന്ന അടിയന്തര പാര്‍ട്ടി നേതൃയോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ യുഡിഎഫ് ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഒരിടത്തു മാത്രം ഏകപക്ഷീയമായി പ്രാചരണം നടക്കുന്നത് മറ്റിടങ്ങളില്‍ ദോഷം ചെയ്യും. വയനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തെയും ബാധിക്കും. അതുകൊണ്ട് തീരുമാനം വൈകരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടതെന്നും ഇതു നീണ്ടു പോകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പു പല ഘട്ടങ്ങളിലായതിനാല്‍ വൈകുന്നില്ല എന്നാകാം ദല്‍ഹയിലെ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എന്നാല്‍ കേരളത്തില്‍ പ്രാദേശിക വിഷയങ്ങളും പ്രശ്‌നങ്ങളും വരും. ഇവിടെ വൈകുന്നുണ്ട്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ ഇതൊക്കെ തീരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കളുമായി ഹൈദരലി തങ്ങള്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ മുസ്ലിം ലീഗ് സ്വാഗതം ചെയ്യുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളിലും അതൃപ്തി പുകയുന്നതിനിടെ വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയും കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി വൈകുന്നതില്‍ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലീഗ് ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നത്.