ചുവടുറപ്പിച്ച് കുഞ്ഞാലികുട്ടി; തള്ളി നോക്കാൻ സാനു 

മലപ്പുറം - ഇത്തവണ മൽസരം സീനിയറും ജൂനിയറും തമ്മിലാണ്. രണ്ടു പേരും ദേശീയ നേതാക്കൾ. ഒരാൾ തെരഞ്ഞെടുപ്പുഗോദയിൽ പയറ്റിത്തെളിഞ്ഞ നേതാവ്. എതിരാളി കന്നിയങ്കത്തിനിറങ്ങിയ വിദ്യാർഥി നേതാവ്.മലപ്പുറം മണ്ഡലത്തിൽ ഇത്തവണ മൽസരത്തിന് മുൻകാലത്തേക്കാൾ ആവേശമുണ്ട്.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് നേതാവ് പി.കെ.കുഞ്ഞാലികുട്ടിയും ഇടതുസ്ഥാനാർഥി വി.പി.സാനുവും പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങൾ പിന്നിട്ടിരിക്കുന്നു. എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായ സാനു നേരത്തെ തന്നെ കളത്തിലിറങ്ങി മണ്ഡലത്തിൽ തന്റെ വരവറിയിച്ചു കഴിഞ്ഞു.കേരളത്തിലെ യു.ഡി.എഫിന്റെ പ്രമുഖ നേതാവായ കുഞ്ഞാലികുട്ടിയാകട്ടെ മലബാറിലെ മറ്റു മണ്ഡലങ്ങളിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്ന തിരക്കിനിടയിലും മണ്ഡലത്തിൽ ഓടി നടക്കുന്നുണ്ട്. മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷം നൽകുന്ന മണ്ഡലത്തിൽ കുഞ്ഞാലികുട്ടിക്ക് ആശങ്കകളില്ല. വോട്ടർമാരെയെല്ലാം നേരിട്ട് കാണാൻ കഴിയില്ലെങ്കിലും പാർട്ടി സംവിധാനം ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ഇത്തവണ കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിൽ കവിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവർത്തകർ. എന്നാൽ കടുത്ത മൽസരം നടക്കുമെന്നും ഭൂരിപക്ഷം കുറക്കുമെന്നും ഇടതുമുന്നണി പ്രവർത്തകർ ആത്മവിശ്വാസം പുലർത്തുന്നു. പ്രചാരണ രംഗത്ത് വൈകിയെത്തിയ ബി.ജെ.പി. സ്ഥാനാർഥി വി.ഉണ്ണികൃഷ്ണനും വോട്ടർമാരെ കാണാനുള്ള വിശ്രമില്ലാത്ത യാത്രകളിലാണ്.
മലപ്പുറത്ത് ഇടതുമുന്നണിയുടെ വെല്ലുവിളി യു.ഡി.എഫിന് കഴിഞ്ഞ കാലങ്ങളിൽ കിട്ടികൊണ്ടിരിക്കുന്ന വൻ ഭൂരിപക്ഷമാണ്. മുസ്‌ലിം ലീഗിന് ശക്തമായ അടിത്തറയുള്ള മലപ്പുറത്ത് പി.കെ.കുഞ്ഞാലികുട്ടി തന്നെ സ്ഥാനാർഥിയായതും വെല്ലുവിളി ഇരട്ടിപ്പിച്ചു. എന്നാൽ പുതിയ വോട്ടുകൾ അനുകൂലമാക്കി നിലമെച്ചപ്പെടുത്താനാണ് ഇടതുപക്ഷം മൽസരിക്കുന്നത്. കോളേജ് കാമ്പസുകളിലാണ് വി.പി.സാനു ശോഭിക്കുന്നത്. എസ്.എഫ്.ഐ നേതാവ് എന്ന നിലയിൽ നേരത്തെ തന്നെ സാനുവിനെ വിദ്യാർഥികൾക്കെല്ലാം പരിചയമുണ്ട്. ഡിഗ്രി വിദ്യാർഥികളുടെ വലിയ വോട്ട് ബാങ്കിനെ അനുകൂലമാക്കാൻ ആദ്യഘട്ടം മുതൽ സാനു കോളേജുകളിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇത് കണ്ട് പി.കെ.കുഞ്ഞാലികുട്ടിക്കും കാമ്പസുകളിൽ ഇറങ്ങേണ്ടി വന്നു. ഇത് പ്രചാരണ രംഗത്ത് സാനുവിന്റെ വിജയമാണ്.
രണ്ടു വർഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിയമസഭാംഗത്വം രാജിവെച്ച് പി.കെ.കുഞ്ഞാലികുട്ടി മലപ്പുറത്തെ പാർലമെന്റ് അംഗമായത്.മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച കുഞ്ഞാലികുട്ടി മലപ്പുറത്തു നിന്ന് ലോക്‌സഭയിലേക്ക് അദ്യമായി മൽസരിക്കുകയായിരുന്നു. 171038 വോട്ടുകൾക്കായിരുന്നു വിജയം. 2014 ൽ ഇ.അഹമ്മദിന് ലഭിച്ച 194739 വോട്ടുകളെ അപേക്ഷിച്ച് കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷം കുറവായിരുന്നു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് സമഗ്രാധിപത്യമായിരുന്നു. അന്ന് ലോക്‌സഭാ മണ്ഡലത്തിൽ ഇ.അഹമ്മദിന് മൊത്തം ലഭിച്ചത് 437723 വോട്ടുകളായിരുന്നു. എതിർ സ്ഥാനാർഥി സി.പി.എമ്മിലെ പി.കെ.സൈനബക്ക് ലഭിച്ചത് 242984 വോട്ടുകളും ബി.ജെ.പി.സ്ഥാനാർഥിയായിരുന്ന എൻ.ശ്രീപ്രകാശിന് ലഭിച്ചത് 64705 വോട്ടുകളും. നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഇ.അഹമ്മദിന്റെ ഭൂരിപക്ഷം ഏറെ വലുതായിരുന്നു. കൊണ്ടോട്ടി-31717,മഞ്ചേരി-26026,പെരിന്തൽമണ്ണ-10614, മങ്കട-23461,മലപ്പുറം-36324,വേങ്ങര-42632,വള്ളികുന്ന്-23935 എന്നിങ്ങിനെയായിരുന്നു ഭൂരിപക്ഷം. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചെങ്കിലും ചിലയിടങ്ങളിൽ ഭൂരിപക്ഷത്തിൽ കുറവുണ്ടായി. കൊണ്ടോട്ടിയിൽ ടി.വി.ഇബ്രാഹിം 19654 വോട്ടുകൾക്കും മഞ്ചേരിയിൽ അഡ്വ.എം.ഉമ്മർ 19616 വോട്ടുകൾക്കും മലപ്പുറത്ത് പി.ഉബൈദുള്ള 35672 വോട്ടുകൾക്കും വേങ്ങരയിൽ പി.കെ.കുഞ്ഞാലികുട്ടി 38057 വോട്ടുകൾക്കും വള്ളികുന്നിൽ പി.അബ്ദുൾഹമീദ് 12610 വോട്ടുകൾക്കും വിജയിച്ചു. പെരിന്തൽമണ്ണയിലും മങ്കടയിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി  പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലിയുടെ ഭൂരിപക്ഷം 579 വോട്ടുകളും മങ്കടയിൽ ടി.എ.അഹമ്മദ് കബീറിന്റെ ഭൂരിപക്ഷം 1508 വോട്ടുകളുമായിരുന്നു.
ഇ.അഹമ്മദിന്റെ മരണത്തെ തുടർന്ന് ലോക്‌സഭയിലേക്ക് മൽസരിക്കാനായി പി.കെ.കുഞ്ഞാലികുട്ടി എം.എൽ.എ സ്ഥാനം രാജിെവച്ചപ്പോൾ വേങ്ങര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ അഡ്വ.കെ.എൻ.എ. ഖാദർ വിജയിച്ചത് 23310 വോട്ടുകൾക്കായിരുന്നു.മലപ്പുറത്ത് 2017 ൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും വോട്ട് വിഹിതത്തിൽ വർധനവുണ്ടായി. പി.കെ.കുഞ്ഞാലികുട്ടിക്ക് ലഭിച്ചത് 515325 വോട്ടുകളായിരുന്നു. എതിർസ്ഥാനാർഥി സി.പി.എമ്മിലെ എം.ബി.ഫൈസൽ 344287 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി 65662 വോട്ടുകളും നേടി.
ദേശീയ രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് മലപ്പുറത്ത് പ്രചാരണം ശക്തമാക്കുന്നത്. കേന്ദ്രത്തിൽ വീണ്ടും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ മതേതര സ്വഭാവം തകരുമെന്നതാണ് പ്രധാന പ്രചാരണം. ഇ.അഹമ്മദിന്റെയും കുഞ്ഞാലികുട്ടിയുടെയും ശ്രമഫലമായി മണ്ഡലത്തിൽ കൊണ്ടു വന്ന വികസനപദ്ധതികളും അവർ ഉയർത്തിക്കാട്ടുന്നുണ്ട്. എന്നാൽ മണ്ഡലത്തിൽ യാതൊരു വികസനവും നടന്നിട്ടില്ലെന്നതാണ് ഇടതുമുന്നണിയുടെ പ്രചാരണം. കരിപ്പൂർ വിമാനത്താവളത്തിന്റെ വിളർച്ചക്ക് കാരണം യു.ഡി.എഫിന്റെ പിടിപ്പു കേടാണെന്ന് അവർ ഉയർത്തിക്കാട്ടുന്നു. ന്യൂനപക്ഷ വിഷയങ്ങളിൽ മുസ്‌ലിം ലീഗിന് ആത്മാർത്ഥതയില്ലെന്നും വർഗീയ പാർ്ട്ടികളുമായി അവർ കൂട്ടുകൂടാൻ ശ്രമിക്കുന്നതായും ഇടതുപക്ഷം ആരോപിക്കുന്നു. ബി.ജെ.പിയാകട്ടെ കേന്ദ്രസർക്കാരിന്റെ വികസനം ഉയർത്തിക്കാട്ടിയാണ് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കുന്നത്. 

Latest News