ദുബായ്- പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് യു.എ.ഇയിലേക്ക് ലഹരിമരുന്ന് കടത്തിയിരുന്ന അന്താരാഷ്ട്ര സംഘം അറസ്റ്റിലായതോടെ യു.എ.ഇ പോലീസ് ജാഗ്രതയില്‍. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് സംഘത്തിന്റെ തലവന്‍ ഉള്‍പ്പെടെ പിടിയിലായതെന്ന് യു.എ.ഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന 242 കേന്ദ്രങ്ങള്‍ പോലീസ് കണ്ടെത്തി.
പാകിസ്ഥാനില്‍നിന്ന് യു.എ.ഇയിലേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തെ പിടികൂടിയതോടെയാണ് ഇവരുടെ അന്താരാഷ്ട്ര ശൃംഖലയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. സംഘത്തില്‍നിന്ന് പത്ത് കിലോ ലഹരിമരുന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
സംഘാംഗങ്ങള്‍ പിടിയിലായതറിഞ്ഞ ശേഷം തലവന്‍ മറ്റൊരാള്‍ക്ക് അയച്ച വീഡിയോ സന്ദേശം പൊലീസ് പിടിച്ചെടുത്തു. പാക് പോലീസിന്റെ സഹായത്തോടെ തലവന്റെ കേന്ദ്രം വളഞ്ഞ യു.എ.ഇ പൊലീസ് സംഘത്തലവനെയും പിടികൂടുകയായിരുന്നു.