ടിവിയിലെ ഹാസ്യ പരിപാടികള്‍  സെന്‍സര്‍ ചെയ്യണം-സന്തോഷ് പണ്ഡിറ്റ് 

കൊച്ചി: ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇതിന് പുറമെ മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിയ്ക്ക് എതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്. മാനനഷ്ടം കാണിച്ച് ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.
ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രധാന ഹര്‍ജി. ചാനലുകളിലെ മിമിക്രി, സീരിയല്‍, ചാറ്റ്‌ഷോ തുടങ്ങിയവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെയും സന്തോഷ് പരാതി നല്‍കിയിട്ടുണ്ട്. ഒരു പരിപാടിയില്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി. മിമിക്രി പരിപാടികള്‍ ആള്‍മാറാട്ടം വരെ ആകുന്നു തരത്തിലാണെന്നും സന്തോഷ് പണ്ഡിറ്റ് ഹര്‍ജിയില്‍ പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ താനാണെന്നു തോന്നും വിധം ആള്‍മാറാട്ടം നടന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്.

Latest News