സൽമാൻ രാജാവിന്റെ തുനീഷ്യ സന്ദർശനത്തിന് തുടക്കം

റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ തുനീഷ്യ സന്ദർശനത്തിന് തുടക്കം. തുനീഷ്യൻ പ്രസിഡന്റ് ബേജി ഖായിദ് അസ്സബ്‌സിയുടെ ക്ഷണം സ്വീകരിച്ചാണ് രാജാവ് തുനീഷ്യ സന്ദർശിക്കുന്നത്. തുനീഷ്യൻ പ്രസിഡന്റുമായി നടത്തുന്ന കൂടിക്കാഴ്ചക്കിടെ മേഖലയിലെയും ആഗോള തലത്തിലെയും പ്രശ്‌നങ്ങളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും സൽമാൻ രാജാവ് വിശകലനം ചെയ്യും. 31 ന് ഞായറാഴ്ച തുനീഷ്യയിൽ നടക്കുന്ന മുപ്പതാമത് അറബ് ഉച്ചകോടിയിലും സൽമാൻ രാജാവ് സംബന്ധിക്കും. തന്റെ അഭാവത്തിൽ ഭരണകാര്യങ്ങളുടെ ചുമതല കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജാവ് ഏൽപിച്ചിട്ടുണ്ട്. 
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, ജനറൽ ഇന്റലിജൻസ് മേധാവി ബന്ദർ ബിൻ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ തുടങ്ങിയവർ ചേർന്ന് കിംഗ് സൽമാൻ വ്യോമത്താവളത്തിൽ രാജാവിനെ യാത്രയാക്കി. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വാണിജ്യ, വ്യവസായ മന്ത്രി ഡോ. മാജിദ് അൽഖസബി, മീഡിയ മന്ത്രി തുർക്കി അൽശബാന തുടങ്ങിയവർ രാജാവിനെ അനുഗമിക്കുന്നുണ്ട്.  
 

Latest News