പാലക്കാട് - ഷൊർണൂർ കയിലിയാട് മാമ്പറ്റ വീട്ടി ൽ ഇന്നലെ ഉച്ചയോടെ വോട്ട് ചോദിച്ച് ഒരതിഥിയെത്തി. പാലക്കാട്ട് നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന സി. കൃഷ്ണകുമാറാണ് തന്റെ എതിർ സ്ഥാനാർത്ഥി എം.ബി.രാജേഷിന്റെ വീട്ടിൽ അപ്രതീക്ഷിതമായി എത്തിയത്. രാജേഷിന്റെ അമ്മ രമണി ആതിഥ്യ മര്യാദയോടെ കൃഷ്ണകുമാറിനെ എതിരേറ്റു. തെരഞ്ഞെടുപ്പിൽ എതിരാളികളാണ് എന്നത് വ്യക്തിപരമായ സൗഹൃദത്തെ ബാധിക്കില്ലെന്ന് ഓർമപ്പെടുത്താൻ കൂടിയാണ് കയിലിയാട് വഴി കടന്നു പോകുമ്പോൾ താൻ എം.ബി.രാജേഷിന്റെ വീട്ടിൽ കയറിയതെന്ന് കൃഷ്ണകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വോട്ട് അഭ്യർത്ഥിക്കുന്നതിനു പകരം ബി.ജെ.പി സ്ഥാനാർത്ഥി അനുഗ്രഹമാണ് മാമ്പറ്റ വീടിന്റെ നായികയോട് ആവശ്യപ്പെട്ടത്. രമണി അനുഗ്രഹിക്കുകയും ചെയ്തു. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ എന്ന നിലയിൽ തനിക്ക് രാജേഷുമായി നല്ല സൗഹൃദമാണെന്നും പരസ്പരം മൽസരിക്കുന്നത് അതിനെ ബാധിക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. പാലക്കാട് നഗരത്തിൽ താമസിക്കുന്ന എം.ബി.രാജേഷ് ഇടക്കിടെ അമ്മയെ സന്ദർശിക്കാൻ കയിലിയാട്ടെ തറവാട്ടിൽ എത്താറുണ്ട്.