ജെഡിഎസ് കേന്ദ്രങ്ങളില്‍ റെയ്ഡ്; മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധവുമായി തെരുവില്‍

ബെംഗളുരു- കര്‍ണാടകയിലെ ജെഡിഎസ് ശക്തി കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായ റെയ്ഡി നടത്തിയതില്‍ പ്രതിഷേധിച്ച് ജെഡിഎസ് നേതാവും മുഖ്യമന്ത്രിയുമായ എച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ബെംഗളുരുവിലെ ആദായ നികുതി വകുപ്പ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. മുന്‍മുഖ്യമന്ത്രി സിദ്ധാരാമയ്യയും കോണ്‍ഗ്രസ് നേതാവ് മന്ത്രി ഡി.കെ ശിവകുമാറും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. ജെഡിഎസ് ശക്തി കേന്ദ്രങ്ങളായ ഹാസനിലും മാണ്ഡ്യയിലുമായി നിരവധി നേതാക്കളുടെ വീടുകളില്‍ വ്യാപക റെയ്ഡ് നടന്നത്. ജെഡിഎസ് നേതാവ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പൗത്രന്‍മാരായ പ്രജ്വല്‍ രേവണ്ണയും നിഖില്‍ കുമാരസ്വാമിയും മത്സരിക്കുന്നത് ഈ ജില്ലകളില്‍ നിന്നാണ്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുമാരസ്വാമി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പു വേളയില്‍ എതിരാളികളെ ഉന്നമിട്ട് നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് മോഡിയുടെ യഥാര്‍ത്ഥ മിന്നലാക്രമണമാണെന്നും കുമാരസ്വാമി ആരോപിച്ചു. കര്‍ണാടക-ഗോവ ആദായ നികുതി കമ്മീഷണര്‍ ബാലകൃഷ്ണനെതിരേയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വിരമിച്ച ശേഷം ഒരു ഭരണഘടനാ പദവി ലഭിക്കാന്‍ ബാലകൃഷ്ണ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു.

രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത പയറ്റിയതു പോലുള്ള തന്ത്രങ്ങള്‍ പുറത്തെടുക്കുമെന്നും കുമാരസ്വാമി മുന്നറിയിപ്പു നല്‍കിയിരുന്നു.
 

Latest News