ഇന്ത്യൻ കുപ്പായം തന്നെ ലക്ഷ്യം

? പല സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യിച്ച കോച്ച് ഗ്രെഗ് ചാപ്പലാണ് ഇർഫാൻ പഠാന്റ കരിയർ നശിപ്പിച്ചതെന്നാണ് പൊതുവായ ധാരണ
= ആ ധാരണ ശരിയല്ല. ചെറുപ്പം മുതൽ ബാറ്റിംഗ് ഞാൻ ആസ്വദിച്ചിരുന്നു. എന്റെ ഇന്ത്യൻ കരിയർ ആരും തകർത്തിട്ടില്ല. മുൻനിര ബൗളറായാണ് ടീമിലെത്തിയത് എന്നതു ശരി തന്നെ. എന്നാൽ പലർക്കുമറിയില്ല അണ്ടർ-15 തലത്തിൽ ബാറ്റ്‌സ്മാനായാണ് ഞാൻ ടീമിലെത്തിയത് എന്നത്. കുട്ടിക്കാലം മുതൽ ബൗളിംഗ് പോലെ ബാറ്റിംഗും ഇഷ്ടമായിരുന്നു. എന്റെ കരിയർ നശിപ്പിച്ചു എന്ന വാദം തന്നെ ശരിയല്ല.
 15 വർഷമായി സജീവമായി ഞാൻ കളിക്കുന്നുണ്ട്. ഇനിയുമുണ്ട് എനിക്ക് മുന്നിൽ അഞ്ചാറു വർഷങ്ങൾ. പുതിയ സീസണിൽ നന്നായി കളിച്ച് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. പത്തു വർഷത്തിലേറെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന ഏതു കളിക്കാരനും നിലവാരമുള്ള കളിക്കാരനായിരിക്കും. പരിക്കുകളും മോശം ദിനങ്ങളും കളിയുടെ ഭാഗമാണ്. ഉന്നത തലത്തിൽ കളിക്കുമ്പോൾ പലപ്പോഴും നല്ല ദിനങ്ങളെക്കാൾ കൂടുതൽ മോശം ദിനങ്ങളായിരിക്കും. ഒരാൾക്കും എല്ലാ ദിവസവും നന്നായി കളിക്കാനാവില്ല.


 ? വീണ്ടും പഴയ ആക്ഷനിൽ ബൗൾ ചെയ്യാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടല്ലോ
= അതെ, ഇടക്ക് ഞാൻ ആക്ഷൻ മാറ്റിയിരുന്നു. വീണ്ടും ആദ്യ ആക്ഷനിലേക്ക് തിരിച്ചുപോവാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വർഷം പ്രതീക്ഷാവഹമായിരുന്നു. പ്രത്യേകിച്ചും മുഷ്താഖലി ട്രോഫിയിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്ത സീസണിനെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.


? ക്രിക്കറ്റ് അക്കാദമി ഓഫ് പഠാൻസിനെക്കുറിച്ച്
= എനിക്കും ജ്യേഷ്ഠനും (യൂസുഫ് പഠാൻ) ഈ അക്കാദമി സുപ്രധാനമാണ്. കുട്ടികളെ കളി പഠിപ്പിക്കുക മാത്രമല്ല ഈ അക്കാദമിയുടെ ലക്ഷ്യം. കോച്ചുമാരെ വാർത്തെടുക്കുക കൂടിയാണ്. കളിയിലേക്ക് എന്തെങ്കിലും തിരിച്ചു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ അക്കാദമികൾ ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോൾ ഒരുപാട് കാര്യം പഠിക്കാനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. അതിൽ പ്രധാനം മറ്റു രാജ്യങ്ങളിലുള്ള കോച്ചിംഗ് സൗകര്യങ്ങളും കോച്ചുമാരുമാണ്. അതിനെക്കാൾ മികച്ച സൗകര്യങ്ങൾ നാട്ടിൽ ഒരുക്കാമെന്നാണ് ഞങ്ങൾ കരുതുന്നത്.


 ? എന്തു വ്യത്യാസമായിരിക്കും പഠാൻ അക്കാദമിയിൽ പ്രതീക്ഷിക്കേണ്ടത്
= ഇപ്പോഴത്തെ മിക്ക അക്കാദമികളും വെറും പണമുണ്ടാക്കാനുള്ള വിദ്യകളാണ്. കോച്ചുമാർ വരും, പോവും. കുട്ടികളിൽ യഥാർഥ ക്രിക്കറ്റ് നൈപുണി വളർത്താനുള്ള ആസൂത്രിത പദ്ധതികളില്ല. അതിനാലാണ് കൃത്യമായ പദ്ധതികളുമായി അക്കാദമി ആരംഭിക്കാനും കളിക്കാരെ മാത്രമല്ല കോച്ചുമാരെയും വളർത്തിയെടുക്കാനും ഞാനും ജ്യേഷ്ഠനും തീരുമാനിച്ചത്.


 ? എത്ര അക്കാദമികളാണ് ഉദ്ദേശിക്കുന്നത്, എവിടെയൊക്ക തുടങ്ങും
= ഈ വർഷം 20 അക്കാദമികളെങ്കിലും തുടങ്ങുകയാണ് ഉദ്ദേശ്യം. ഇപ്പോൾ നാല് അക്കാദമികൾ പ്രവർത്തിക്കുന്നുണ്ട് -പോർട്ബ്ലയർ (ആന്തമാൻ), റായ്പൂർ (ഛത്തിസ്ഗഢ്), നോയ്ഡ (ദൽഹിക്കു സമീപം), ലൂണവാഡ (ഗുജറാത്ത്) എന്നിവിടങ്ങളിൽ. സോണാപേട്ടിലും (ഹരിയാന) സൂറത്തിലും (ഗുജറാത്ത്) അടുത്ത മാസം തുറക്കും.
 

Latest News