ഭാര്യയെ വകവരുത്താന്‍ പ്രവാസി കാമുകിയെ അയച്ചു; പഞ്ചാബ് പോലീസ് കൊലയുടെ ചുരളഴിച്ചു

ജസ്പ്രീതും രവ് നീത് കൗറും (ഫയല്‍ ചിത്രം)

ഫിറോസ്പുര്‍-  പഞ്ചാബിലെ ഫിറോസ്പുര്‍ ഗ്രാമത്തില്‍ ഈ മാസം 14 ന് കാണാതായ പ്രവാസി യുവതി രവ്‌നീത് കൗറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാട്യാലയിലെ ഭഖ്‌റ കനാലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകമാണെന്നും ഭര്‍ത്താവാണ് ഗൂഢാലോനക്കു പിന്നിലെന്നും പോലീസ് കണ്ടെത്തി.
ബന്ധുക്കളുടെ പരാതിപ്രകാരം തട്ടിക്കൊണ്ടുപോകലിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഭര്‍ത്താവ് ജസ്പ്രീത് സിംഗ് ഒരുക്കിയ കെണിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.  ഓസ്‌ട്രേലയയില്‍ കിരണ്‍ജിത് കൗര്‍ എന്ന സ്ത്രീയുമായി ജസ്പ്രീത് സിംഗിന് വിവേഹതര ബന്ധമുണ്ടെന്നും തുടര്‍ന്ന് ഭാര്യയെ വകവരുത്താന്‍ ജസ്പ്രീത് കിരണ്‍ജിതിനെ പഞ്ചാബിലേക്ക് അയച്ചതാണെന്നും പോലീസ് പറയുന്നു.
കൊലപാതകത്തിനുശേഷം കാണാതായ കിരണ്‍ജിതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിരണ്‍ജിതിന്റെ സഹോദരി തരണ്‍ജിത്, ബന്ധു സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് രവ്‌നീതിനെ കൊലപ്പെടുത്തിയത്. ജസ്പ്രീതിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത തരണ്‍ജീത്, സന്ദീപ് എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് സന്ദീപ് ഗോയല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ പുറത്തുവിടാനാകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഒളിവില്‍ കഴിയുന്ന ജസ്പ്രീതിനേയും കിരണ്‍ജിതിനേയും പിടികൂടുന്നതിനുള്ള നിയമ നടപടികള്‍ ഉടന്‍ ആരംഭിക്കും.
കൊല്ലപ്പെട്ട രവ്‌നീത് ഗര്‍ഭിണിയായിരുന്നുവെന്നും ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവിനോടൊപ്പമായിരുന്നു താമസമെന്നും സഹോദര്‍ നരീന്ദര്‍ പാല്‍ സിംഗ് പറഞ്ഞു. നാല് വയസ്സായ മകളുണ്ട്. ഈ മാസം 14- ന് തട്ടിക്കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് അവര്‍ ഭര്‍ത്താവുമായി വിഡിയോ കാള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest News