സാലി ജോസഫിനെ ഓർമയില്ലേ. കായികപ്രേമികളുടെ സിരകളിൽ ലഹരി പടർത്തിയ എഴുപതുകളിലെ വോളിബോൾ വസന്തത്തെ പഴയ തലമുറക്ക് മറക്കാനാവില്ല. ജിമ്മി ജോർജ് എന്ന വോളിബോൾ ഇതിഹാസം പകർന്നുകൊടുത്ത കരുത്തായിരുന്നു പിന്നീടുള്ള പല കളിക്കാരുടെയും ഊർജം. സ്റ്റേഡിയം നടുക്കുന്ന സ്മാഷുകളും സർവീസുകളും ബ്‌ളോക്കുകളും കൊണ്ട് കാണികളെ പലപ്പോഴും ജിമ്മി സ്തബ്ധരാക്കാറുണ്ട്. കളിക്കളത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആ കായികപ്രേമി അകാലത്തിലാണ് വിട്ടുപിരിഞ്ഞത്.
കരുത്തു കൊണ്ടും സ്മാഷിന്റെ ശക്തി കൊണ്ടും വനിതകളിലെ ജിമ്മി ജോർജ് എന്നാണ് സാലി ജോസഫ് അറിയപ്പെട്ടിരുന്നത്. കളിക്കളത്തിൽ ഇടിമിന്നലായി എതിരാളികളെ നിഷ്പ്രഭമാക്കിയിരുന്ന ഒരു കാലം സാലിയുടെ ജീവിതത്തിലുമുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ വോളിബാൾ താരവും അർജുന അവാർഡ് ജേത്രിയുമായ സാലി ജോസഫ് കളിക്കളം വിട്ടിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. ആളും ആരവവുമൊഴിഞ്ഞ് കോഴിക്കോട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിനടുത്ത ക്യൂൻസ് പാർക്കിലെ പത്താം നമ്പർ വില്ലയായ ഡിവൈൻ മേഴ്‌സിയിൽ കുടുംബമായി കഴിയുകയാണവർ.
വോളിബോളിൽ ഇന്ത്യൻ വനിതകൾ രണ്ടു ലോകചാമ്പ്യൻഷുകൾ മാത്രമേ കളിച്ചിട്ടുള്ളു. 1952 ലെ ലോകകപ്പും 1981 ലെ ജൂനിയർ ലോകകപ്പുമായിരുന്നു അത്. 1981 ൽ മെക്‌സിക്കോയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിച്ചത് ഒരു മലയാളി പെൺകുട്ടിയായിരുന്നു, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി കുപ്പായക്കോട് സ്വദേശിനിയായ സാലി ജോസഫ്.
പോരാട്ടശേഷിയും ജമ്പിങ്ങിലെ മികവും ശക്തിയേറിയ അറ്റാക്കിംഗ് പവറുമായിരുന്നു സാലി ജോസഫിനെ രാജ്യത്തെ മികച്ച വോളിബാൾ താരമാക്കി ഉയർത്തിയത്. പതിനെട്ടാമത്തെ വയസ്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഈ അഞ്ചടി ഏഴിഞ്ച് ഉയരക്കാരി 1982 ലെ ഡൽഹി ഏഷ്യാഡിൽ ഇന്ത്യൻ വോളി ടീമിന്റെ ക്യാപ്റ്റനായിരുന്നു. വോളിബാളിൽ അർജുന അവാർഡ് നേടിയ ഇരുപത്തിയാറുപേരിൽ മൂന്നുപേർ മാത്രമായിരുന്നു വനിതകൾ. അവരിലൊരാളാണ് സാലി ജോസഫ്.
1977 മുതലുള്ള പതിനൊന്ന് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിന്റെ ഇടിമുഴക്കമായിരുന്നു ഈ കളിക്കാരി. ഇക്കാലയളവിൽ നാലു തവണ കിരീടം നേടിയ കേരളം മൂന്നു തവണ റണ്ണേഴ്‌സപ്പും ഒരു തവണ മൂന്നാം സ്ഥാനത്തുമെത്തി. കളിക്കളം വിട്ടശേഷം ഒരിക്കൽപോലും വോളിബോൾ കോർട്ടിൽ സാലിയെ കണ്ടിട്ടില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് സാലിതന്നെ മറുപടി നൽകട്ടെ: 'ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസമുള്ള കാര്യങ്ങളേ ഞാൻ തിരഞ്ഞെടുത്തിരുന്നുള്ളു. ഏറ്റെടുക്കുന്ന കാര്യങ്ങൾ ആത്മാർത്ഥമായി ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു. കളിക്കാരിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് വിശ്വാസം. മറ്റു മേഖലകളിൽ തിളങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്കില്ല. അതുകൊണ്ടാണ് കളിക്കളത്തിൽനിന്നും വിടവാങ്ങിയ ശേഷം ആ മേഖലയിൽ തുടരാതിരുന്നത്'.
എറണാകുളം ജില്ലയിലെ വാഴക്കുളത്തായിരുന്നു ജനിച്ചത്. കരിന്തോളിൽ ജോസഫിന്റെയും ത്രേസ്യക്കുട്ടിയുടെയും എട്ടു മക്കളിൽ അഞ്ചാമത്തെ മകളായിരുന്നു. കുട്ടിക്കാലത്താണ് കുടുംബം കോടഞ്ചേരി കുപ്പായക്കോടിലേക്കു കുടിയേറിയത്.
'കൃഷിക്കാരനായിരുന്ന അപ്പച്ചന് വോളിബോളിനോടായിരുന്നു കമ്പം. കപ്പ പറിച്ചുകഴിഞ്ഞാൽ വോളിബോൾ കോർട്ടുണ്ടാക്കും. അപ്പച്ചൻ ഞങ്ങളേയും അയൽക്കാരായ കുട്ടികളേയും കൂട്ടി വോളിബോൾ കളിക്കും. കളിക്കളത്തിലെ ആദ്യ പരിശീലകൻ അപ്പച്ചൻതന്നെയായിരുന്നു. എന്റെ കളിയിൽ അപ്പച്ചനും അമ്മയ്ക്കും തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. പെൺകുട്ടിയാണെന്നു പറഞ്ഞ് മാറ്റിനിർത്താതെ എന്തുകാര്യത്തിനും അവർ കൂടെനിന്നു' -സാലി പറയുന്നു.
കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്‌കൂളിലും കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. വീട്ടിൽനിന്നു സ്‌കൂളിലെത്താൻ അഞ്ചു കിലോമീറ്ററോളം നടക്കണം. കാടും മലയും താണ്ടി ഓടിയും ചാടിയുമായിരുന്നു സ്‌കൂൾ യാത്ര. ഈ യാത്രകളാണ് കായികശേഷിയുണ്ടാക്കിയത്. പ്രകൃതി നൽകിയ ഈ കായികക്ഷമത കളിക്കളത്തിൽ ഗുണകരമായി.
ഹൈസ്‌കൂൾ പഠനകാലത്ത് ജാവലിൻ ത്രോയിലും ഹൈജമ്പിലും ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലുമെല്ലാം പങ്കെടുത്തിരുന്നു. പത്താം ക്ലാസ് പഠനകാലത്താണ് സ്‌കൂളിൽ വോളിബോൾ ടീം രൂപീകരിക്കുന്നത്. ടീമിൽ ഇടംനേടി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തതോടെ കേരള ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആ വർഷം കേരളത്തിന് വെള്ളിമെഡൽ നേടിക്കൊടുക്കാൻ കഴിഞ്ഞു. കായികാധ്യാപകരായ മത്തായി സാറും റോസമ്മ ടീച്ചറും ഇംഗ്ലീഷ് അധ്യാപകനായ വർക്കി സാറും നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ലെന്ന് സാലി പറയുന്നു.
എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ അവധിക്കാലത്ത് കലിക്കറ്റ് സർവകലാശാല നടത്തിയ വോളിബോൾ പരിശീലന ക്യാമ്പാണ് ജീവിതത്തിൽ വഴിത്തിരിവായത്. സാലിയുടെ കളിമികവ് പ്രശസ്ത വോളി താരവും സർവകലാശാലാ ടീമിന്റെ പരിശീലകനുമായിരുന്ന അബ്ദുറഹ്മാന്റെ ശ്രദ്ധയിൽ പെട്ടു. പ്രീഡിഗ്രിക്ക് പ്രോവിഡൻസ് കോളേജിൽ ചേരാൻ ഉപദേശിച്ചതും അദ്ദേഹം തന്നെ. കോളേജിൽ നല്ല കായികാന്തരീക്ഷമായിരുന്നു. കളിക്കാർക്ക് നല്ല പിന്തുണയുമായി പ്രിൻസിപ്പൽ സിസ്റ്റർ എഡ്ബർഗും ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ടുമെന്റിലെ സിസ്റ്റർ ലൂസിയുമുണ്ടായിരുന്നു. കളിക്കളത്തിലെ വളർച്ചയിൽ നിർണായക പങ്കായിരുന്നു പരിശീലകനായിരുന്ന അബ്ദുറഹ്മാന്റേത്. സാലി കളിക്കളത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അബ്ദുറഹ്മാൻ നടത്തുന്ന ഭാവപ്രകടനങ്ങൾ അക്കാലത്തെ പത്രഫോട്ടോഗ്രാഫർമാർക്ക് എന്നും വിരുന്നായിരുന്നു.
പ്രൊവിഡൻസ് കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായിരിക്കേയാണ് ആദ്യത്തെ വിദേശയാത്ര. വോളിബാൾ കളിക്കാനായി ആദ്യമായി ഒരു മലയാളി വനിത വിദേശത്ത് പോകുന്നത് അന്നായിരുന്നു. മലേഷ്യയിലെ ക്വാലാലമ്പൂരിൽ നടന്ന ടൂർണമെന്റിൽ സാലി ഉൾപ്പെട്ട ഇന്ത്യൻ ടീം അഞ്ചാം സ്ഥാനത്തെത്തി.
കലിക്കറ്റ് സർവകലാശാലക്കായി അഞ്ച് അന്തർ സർവകലാശാലാ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത സാലിക്ക് 1982 ലെ ചാമ്പ്യൻഷിപ്പ് ഇന്നും തിളക്കമുള്ള ഓർമ്മയാണ്. ഗുരുനാനാക്ക് സർവകലാശാലയെ കീഴടക്കിയാണ് അന്ന് കാലിക്കറ്റ് സർവ്വകലാശാല കിരീടം ചൂടിയത്. കലിക്കറ്റിനുവേണ്ടി കപ്പ് ഏറ്റുവാങ്ങുമ്പോൾ ക്യാപ്റ്റനായിരുന്ന ജെയ്‌സമ്മ മൂത്തേടത്ത് പറഞ്ഞത്, സാലീ ഇത് നിനക്കു മാത്രം അവകാശപ്പെട്ട കപ്പാണ് എന്നാണ്. സാലിയുടെ തകർപ്പൻ ഷോട്ടുകളാണ് അന്ന് ഗുരുനാനാക്കിനെ നിലംപരിശാക്കിയത്.
ജി.വി. രാജ അവാർഡ് ജേത്രി കൂടിയായ സാലിയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് മധുര കോട്‌സിലൂടെയായിരുന്നു.
പിന്നീട് സിൻഡിക്കേറ്റ് ബാങ്കിൽ ജോലി നേടി. ബാങ്കിൽനിന്നു സ്വയം വിരമിച്ച സാലി ഭർത്താവിനെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കുകയാണ് ഇപ്പോൾ. അപ്പോഴും പഴയ കാലത്തെ കളികളും കളിക്കളങ്ങളും കൂട്ടുകാരുമെല്ലാം ആ മനസ്സിൽ പൂത്തുലയുന്നുണ്ട്.






