അമേരിക്കൻ ഷുവർ മൈക്കിന്റെ തെരഞ്ഞെടുപ്പ് കാലം 

അമേരിക്കൻ ഷുവർ മൈക്കുമായി എ.വി. ഗോവിന്ദൻ.

കണ്ണൂർ- മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആദ്യ പ്രതിപക്ഷ നേതാവ് എ.കെ.ജിയും അടക്കമുള്ള ദേശീയ നേതാക്കൾ പ്രസംഗിച്ച അമേരിക്കൻ ഷുവർ മൈക്ക് നിധി പോലെ സൂക്ഷിക്കുന്ന ഒരാളുണ്ട് പയ്യന്നൂരിൽ. പയ്യന്നൂർ കൊറ്റിയിലെ പീപ്പിൾസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ എ.വി. ഗോവിന്ദൻ. ഒരു തെരഞ്ഞെടുപ്പു കാലം കൂടി പടിവാതിലിൽ എത്തിനിൽക്കെ, പുതിയ തലമുറ  കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അമൂല്യ ഉപകരണങ്ങളാണ് ഗോവിന്ദന്റെ ശേഖരത്തിൽ.
പീപ്പിൾസിന്റെ മൈക്കിൽ പ്രസംഗിക്കാത്ത നേതാക്കൾ കേരളത്തിലെന്നല്ല, ദേശീയ തലത്തിൽപോലും കുറവാണ്. കാരണം, അരനൂറ്റാണ്ടിലേറെയായി പയ്യന്നൂർ മേഖലയിലെ എല്ലാ രാഷ്ട്രീയ പരിപാടികൾക്കും മൈക്ക് ഒരുക്കുന്നത് ഗോവിന്ദനാണ്. ഇന്ന് നവമാധ്യമങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതെങ്കിൽ പത്തു വർഷം മുമ്പു വരെ മൈക്ക് അനൗൺസ്‌മെന്റും ചുവരെഴുത്തും മാത്രമായിരുന്നു ഏക പ്രചാരണ മാർഗം. 
നാല് പതിറ്റാണ്ട് മുമ്പ് പയ്യന്നൂരിൽ മൂന്നു മൈക്ക് ഓപറേറ്റർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ ഗോവിന്ദന്റെ പീപ്പിൾസിനായിരുന്നു മികച്ച പേര്. അക്കാലത്ത് മൈക്ക് അനൗൺസർമാർക്കായി രാഷ്ട്രീയ പാർട്ടികൾ പിടിവലിയായിരുന്നു. മൈക്ക് സെറ്റ് കെട്ടിയ ഒരു ജീപ്പ് മാത്രമാണ് പ്രചാരണത്തിനുണ്ടാവുക. രാവിലെ മുതൽ രാത്രി വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഈ വാഹനത്തിൽ തുടർച്ചയായി അനൗൺസ്‌മെന്റ് നടത്തും. 
അനൗൺസ്‌മെന്റിലെ അക്കാലത്തെ ഏറ്റവും വലിയ ഗ്ലാമർ താരമായിരുന്നു അമേരിക്കൻ ഷുവർ മൈക്ക്. രാജീവ് ഗാന്ധിയും എ.കെ.ജിയും ഇ.എം.എസും നായനാരും കെ. കരുണാകരനും അടക്കമുള്ളവർ ഉപയോഗിച്ച ഈ മൈക്ക് ഗോവിന്ദൻ സൂക്ഷിച്ചുവെക്കുന്നു. വി.ഐ.പികളെത്തിയാലാണ് ഇത്തരം മൈക്കുകൾ ഉപയോഗിക്കുന്നത്. പ്രസംഗത്തിനു വ്യക്തതയും മുഴക്കവും ലഭിക്കുമെന്നതിനാലാണിത്. അക്കാലത്ത് പലപ്പോഴും സ്ഥാനാർഥികളെക്കാൾ അനൗൺസ്‌മെന്റുകാർക്കാണ് കൂടുതൽ ജനകീയ അംഗീകാരം ലഭിച്ചിരുന്നത്. 
അനൗൺസ്‌മെന്റ് വാഹനത്തിലൂടെ സ്ഥാനാർഥിയെക്കുറിച്ചും മറ്റും പറയുന്ന കാര്യങ്ങൾക്കായി ജനം കാതോർക്കും. അനൗൺസ്‌മെന്റ് നടത്തുന്നയാളെ വീരാരാധനയോടെയാണ് കുട്ടികളും മറ്റും കണ്ടിരുന്നതെന്ന് ഗോവിന്ദൻ ഓർക്കുന്നു. അക്കാലത്ത് അനൗൺസ്‌മെന്റിനു പോലീസ് അനുമതിയൊന്നും ആവശ്യമുണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും തന്നെ സമീപിച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. അമ്പതു വർഷം പിന്നിടുമ്പോഴും ഈ തെരഞ്ഞെടുപ്പിലും ഇദ്ദേഹത്തിന്റ ഉടമസ്ഥതയിലുള്ള പീപ്പിൾസ് ലൈറ്റ് ആൻഡ് സൗണ്ട്‌സ് തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാണ്. 
 

Latest News