യു.പിയിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി; ചെറുകക്ഷികൾ മറുപക്ഷത്തേക്ക്  

ലഖ്‌നൗ- ഉത്തർപ്രദേശിൽ രണ്ടു പാർട്ടികൾ പ്രതിപക്ഷ സഖ്യത്തിൽ ചേർന്നു. ബി.ജെ.പിയെ എന്തു വില കൊടുത്തും പരാജയപ്പെടുത്തുമെന്നാണ് അവരുടെ പ്രഖ്യാപനം. അതിന് പിന്നാലെ എൻ.ഡി.എ സഖ്യത്തിലെ ഒരു കക്ഷി കോൺഗ്രസുമായി ചർച്ച തുടങ്ങി. ബി.ജെ.പിയുമായി ഉടക്കിയാണ് എൻ.ഡി.എ കക്ഷിയായ എസ്.ബി.എസ്.പി പ്രിയങ്കാ ഗാന്ധിയുമായി ചർച്ച നടത്തിയത്. 
യോഗി ആദിത്യനാഥ് സർക്കാരിൽ മന്ത്രിയാണ് എസ്.ബി.എസ്.പി അധ്യക്ഷൻ ഓംപ്രകാശ് രാജ്ബാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷത്തേക്ക് കൂടുതൽ പാർട്ടികൾ വരുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ബിജെപിക്കെതിരെ രണ്ടു വിഭാഗങ്ങളാണ് പ്രധാനമായും പോരിന് ഇറങ്ങിയിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും അഖിലേഷും മായാവതിയും നേതൃത്വം നൽകുന്ന എസ്.പി-ബി.എസ്.പി സഖ്യവും. എസ്.പി-ബി.എസ്.പി സഖ്യത്തിലേക്ക് ഇന്നലെ രണ്ടു പാർട്ടികൾ കൂടി ചേർന്നു. നിഷാദ് പാർട്ടി, ജനവാദി പാർട്ടി എന്നിവരാണ് എസ്പി-ബിഎസ്പി സഖ്യത്തിൽ ചേർന്നത്. അടുത്തിടെ യു.പിയിൽ നടന്ന ഗൊരഖ്പൂർ, ഫുൽപൂർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ഈ കക്ഷികൾ എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെടുകയായിരുന്നു ഫലം.  ചെറു പാർട്ടികളാണെങ്കിലും കിഴക്കൻ യു.പിയിലെ ഒട്ടേറെ മണ്ഡലങ്ങളിൽ ജയപരാജയം നിർണയിക്കാൻ സാധിക്കുന്നവരാണ് നിഷാദ് പാർട്ടിയും ജനവാദി പാർട്ടിയും. 
ഇരു പാർട്ടികളെയും സഖ്യത്തിൽ എടുക്കുന്നുവെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ എസ്പി-ബിഎസ്പി സഖ്യത്തിൽ മൂന്ന് പാർട്ടികളാണുള്ളത്. എസ്.പിയെയും ബി.എസ്.പിയെയും കൂടാതെ അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദളും അടങ്ങുന്നതാണ് സഖ്യം. രണ്ടു കക്ഷികൾ കൂടി ചേർന്നതോടെ സഖ്യത്തിലെ പാർട്ടികളുടെ എണ്ണം അഞ്ചായി. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സഖ്യം. ചൗഹാൻ സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള പാർട്ടിയാണ് ജനവാദി പാർട്ടി. ഈ കക്ഷിയുടെ നേതാവ് സഞ്ജയ് സിങ് ചൗഹാൻ എസ്.പി നേതാവുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഒ.ബി.സി വിഭാഗത്തിലെ വളരെ പിന്നോക്കം നിൽക്കുന്ന സമുദായമാണ് ചൗഹാൻ വിഭാഗം. കിഴക്കൻ യു.പിയിൽ ശക്തരാണ് ഇവർ. 
അഖിലേഷും മയാവതിയും ആദ്യമായി യു.പിയിൽ ഒന്നിച്ച തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ വർഷം നടന്ന ഗൊരഖ്പൂർ, ഫുൽപൂർ ഉപതെരഞ്ഞെടുപ്പ്. സഖ്യത്തിനൊപ്പം നിഷാദ് പാർട്ടി കൂടി ചേർന്നപ്പോൾ ബി.ജെ.പിക്ക് വൻ പരാജമായിരുന്നു ഫലം. ഇതേ സാഹചര്യമാണ് ഇനിയും വരുന്നത്. 
ചെറു കക്ഷികളെ കൂടെ നിർത്തിയാണ് 2014ൽ ബി.ജെ.പി യു.പിയിൽ മികച്ച വിജയം നേടിയത്. അപ്‌ന ദൾ, ഒ.ബി.സി വിഭാഗത്തിലെ കുർമികൾ എന്നിവരെല്ലാം ബി.ജെ.പിക്കൊപ്പമായിരുന്നു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് എസ്.ബി.എസ്.പി ബി.ജെ.പിക്കൊപ്പം ചേർന്നത്. 
 

Latest News