കല്‍പറ്റ- വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. മരണപ്പെട്ടത് മലപ്പുറം താനാളൂര്‍ സ്വദേശികള്‍. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത-766 ല്‍ പഴയ വൈത്തിരിക്കു സമീപം ടിപ്പറുമായി കൂട്ടിയിടിച്ച മാരുതി ആള്‍ട്ടോ കാറിലെ യാത്രക്കാരായ മൂന്നു യുവാക്കളാണ് മരിച്ചത്. മലപ്പുറം തിരൂര്‍ താനാളൂര്‍ പാണ്ടിയാട്ട് ഉരുളിയത്ത് ഇബ്രാഹിമിന്റെ മകന്‍ കഹാര്‍(28), താനാളൂര്‍ ചുങ്കം കോട്ടുമ്മല്‍ മുഹമ്മദിന്റെ മകന്‍ സാബിര്‍(29), തിരൂര്‍ പൊന്‍മുണ്ടം സ്റ്റേജുപടി സ്വദേശി പന്നിക്കോര ഹംസ ഹാജിയുടെ മകന്‍
സുഫിയാന്‍(28) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പൊന്‍മുണ്ടം സ്റ്റേജുപടി പാറമ്മല്‍ കുടുക്കിയേങ്ങല്‍ സെയ്തലവി ഹാജിയുടെ മകന്‍ ഷമീമുദ്ദീനെ (26) കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വ രാവിലെ 7.45 നാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക്
പോയിരുന്ന കാറും എതിര്‍ ദിശയിലായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. കച്ചവടാവശ്യത്തിനു ബംഗളൂരുവില്‍ പോയി മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാരായ സുഹൃത്തുക്കളായ യുവാക്കള്‍.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം നിശ്ശേഷം തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ യുവാക്കളെ പുറത്തെടുത്തത്. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് ആദ്യമിറങ്ങിയത്. പിന്നാലെ പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ സേനാംഗങ്ങളും എത്തി. വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു. കാലിനു പരിക്കേറ്റ ഷമീമുദ്ദീനെ പിന്നീട് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വൈത്തിരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ വൈത്തിരി ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകീട്ടോടെ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. മര്‍ജാനാണ് കഹാറിന്റെ മാതാവ്. ഭാര്യ: റാഷിദ. മകള്‍: നിഫു. സഹോദരങ്ങള്‍: അഫ്‌വ, നാസിഹ്. സുഹറയാണ് സുഫിയാന്റെ മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് ഷരീഫ്, സാഹിദ്, റഹിയാനത്ത്, ഫര്‍സാന. സൈനബയാണ് സാബിറിന്റെ മാതാവ്. ഭാര്യ: നുസൈബ. മകന്‍: ഷാസില്‍.