Sorry, you need to enable JavaScript to visit this website.

'എന്റെ പണമെടുത്ത് ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കൂ...', ലണ്ടനില്‍ നിന്ന് വിജയ് മല്യ

ന്യുദല്‍ഹി- വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സിനെ രക്ഷപ്പെടുത്താന്‍ താന്‍ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടിവച്ച പണം എടുക്കൂവെന്ന് പൊതു മേഖലാ ബാങ്കുകളോട് പിടികിട്ടാപുള്ളി മദ്യവ്യവസായി വിജയ് മല്യ. ജെറ്റ് എയര്‍വേയ്‌സിനെ സഹായിക്കാന്‍ ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ മുന്നോട്ടു വന്ന പോലെ അടച്ചുപൂട്ടിയ തന്റെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ രക്ഷിക്കാനും അന്ന് ബാങ്കുകള്‍ തയാറായിരുന്നെങ്കില്‍ നിരവധി പേരുടെ ജോലി സംരക്ഷിക്കാമായിരുന്നെന്നും മല്യ ട്വീറ്റ് ചെയ്തു.

പൊതുമേഖലാ ബാങ്കുകള്‍ക്കു നല്‍കാനുള്ള കിങ്ഫിഷറിന്റെ കടബാധ്യത തീര്‍ക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടിവച്ച തന്റെ പണമാക്കി മാറ്റാവുന്ന ആസ്തികള്‍ ഉപയോഗിക്കണമെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ്. എന്തു കൊണ്ടാണ് ബാങ്കുകള്‍ ഈ പണം എടുക്കാത്തത്? ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാനെങ്കിലും ഈ പണം അവര്‍ക്ക് ഉപകരിക്കും- മല്യ പറഞ്ഞു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 1500 കോടി രൂപ ജെറ്റ് എയര്‍വേയ്‌സില്‍ നിക്ഷേപിച്ച് കമ്പനിയെ രക്ഷിക്കാന്‍ പദ്ധതിയൊരുക്കിയതിനോടുള്ള പ്രതികരണമാണ് മല്യയുടെ ട്വീറ്റ്. പൊതുമേഖലാ ബാങ്കുകള്‍ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കുന്നതില്‍ സന്തോഷമുണ്ട്. നിരവധി ജോലികളും യാത്രാ സൗകര്യങ്ങളും സ്ഥാപനത്തേയും ഇതു രക്ഷിക്കും.  ഇതു പോലെ കിങ്ഫിഷറിന്റെ കാര്യത്തിലും ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു,- മല്യ ട്വീറ്റ് ചെയ്തു.

മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കിങ്ഫിഷര്‍ 9000 കോടിയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച സംഭവിച്ചതോടെയാണ് മല്യകുരുക്കിലായത്. ഈ പണം തിരിച്ചു പിടിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ നിയമ നടപടികള്‍ ആരംഭിച്ചതോടെ മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായി ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മല്യയെ വിട്ടു കിട്ടാനുള്ള നിയമനപടികള്‍ പുരോഗമിക്കുകയാണ്.

ജെറ്റിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നത് മോഡി സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും മല്യ ആരോപിച്ചു. കിങ്ഫിഷറിനെ രക്ഷിക്കാന്‍ 4000 കോടി ഞാന്‍ നിക്ഷേപിച്ചെങ്കിലും അത് അംഗീകരിച്ചില്ല. പകരം എനിക്കെതിരെ സാധ്യമായ എല്ലാ വഴിക്കും എന്നെ മുട്ടിച്ചു. ഇതേ പൊതു മേഖലാ ബാങ്കുകള്‍ തന്നെയാണ് ഇന്ത്യയിലെ മികച്ച വിമാന കമ്പനിയെ നിഷ്‌ക്കരുണം പൂട്ടിച്ചത്. എന്‍ഡിഎയുടെ ഇരട്ടത്താപ്പ്- മറ്റൊരു ട്വീറ്റില്‍ മല്യ പറഞ്ഞു.  

Latest News