ന്യൂദൽഹി- സിറ്റിംഗ് സീറ്റ് നിഷേധിച്ചത് തന്റെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിഹാറിലെ നവഡ മണ്ഡലത്തിൽനിന്നുള്ള സിറ്റിംഗ് എം.പിയായ ഗിരിരാജ് സിംഗിന് ബെഗുസാരൈ മണ്ഡലമാണ് ബി.ജെ.പി നൽകിയത്. മറ്റുള്ള ഒരു സിറ്റിംഗ് എം.പിമാരുടെ സീറ്റ് മാറ്റിയിട്ടില്ലെന്നും തന്റെ സീറ്റ് മാത്രമാണ് മാറ്റിയതെന്നും ഇത് ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചുവെന്നും ഗിരിരാജ് പറഞ്ഞു. തന്നോട് അന്വേഷിക്കാതെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. തീരുമാനത്തിന് പിന്നിലെ കാരണമെന്താണെന്ന് സംസ്ഥാന ബി.ജെ.പി നേതാക്കൾ എന്നോട് വ്യക്തമാക്കണം. മണ്ഡലം മാറ്റിയതിനെതിരെ പരാതിയില്ല. പക്ഷെ, എന്റെ ആത്മാഭിമാനത്തിന് മുറിവേറ്റിരിക്കുന്നു. 2014-ൽ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാവഡ മണ്ഡലത്തിൽനിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഗിരിരാജ് തെരഞ്ഞെടുക്കപ്പെട്ടത്. ആർ.ജെ.ഡിയുടെ രാജ് വല്ലഭ് പ്രസാദായിരുന്നു എതിരാളി. ബി.ജെ.പിയുമായുള്ള എതിർപ്പ് അവസാനിച്ച് ബെഗുസാരെ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ തീരുമാനിച്ചാൽ സി.പി.ഐ നേതാവ് കനയ്യ കുമാറായിരിക്കും ഗിരിരാജിന്റെ എതിരാളി.