ബെംഗളുരുവില്‍ മുന്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചു; പകരം 28കാരന്‍

ബെംഗളുരു- കര്‍ണാടകയിലെ ബെംഗളുരു സൗത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ യുവ നേതാവ് 28കാരന്‍ എല്‍.എസ് തേജസ്വി സൂര്യയെ പ്രഖ്യാപിച്ചതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം. തിങ്കളാഴ്ച രാത്രി വൈകിയാണ് ബിജെപി യുവജന വിഭാഗം സംസ്ഥാന നേതാവും കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭഷാകനുമായ തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചത്. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവുമായി അനന്ത് കുമാര്‍ ആറു തവണ മത്സരിച്ചു ജയിച്ച മണ്ഡലമാണിത്. മാസങ്ങള്‍ക്കു മുമ്പാണ് അനന്ത് കുമാര്‍ അന്തരിച്ചത്. തുടര്‍ന്ന് ഭാര്യ തേജസ്വിനി ഇവിടെ മത്സരിക്കണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. ഇതിനിടെയാണ് തേജസ്വിനിക്ക് സീറ്റ് നിഷേധിച്ച് യുവ നേതാവിനെ രംഗത്തിറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് അനന്ത് കുമാര്‍ അനുകൂലികള്‍ ധര്‍ണ നടത്തി. വരും ദിവസങ്ങളില്‍ ബിജെപി പ്രാദേശിക ഘടകത്തില്‍ ഇതു ഭിന്നിപ്പിനിടയാക്കുമെന്നും സൂചനയുണ്ട്.

ബിജെപി എംഎല്‍എ രവി സുബ്രമണ്യയുടെ ബന്ധു കൂടിയായ തേജസ്വി സൂര്യ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെതിരെയാണ് മത്സരിക്കുന്നത്. പ്രസംഗ പാടവവും രാഷ്ട്രീയ രംഗത്തെ പരിചയവുമാണ് തേജസ്വിക്ക് അനുകൂലമായത്. ബിജെപിയുടെ ദേശീയ സോഷ്യല്‍ മീഡിയ സെല്ലിലും അംഗമാണ്.

Latest News