ശമ്പളത്തിന്റെ 80 ശതമാനവും പാവങ്ങള്‍ക്ക് നല്‍കുന്ന അധ്യാപകന് ഒരു കോടി ഡോളറിന്റെ പുരസ്കാരം


ദുബായ്- കിട്ടുന്ന ശമ്പളത്തിന്റെ 80 ശതമാനവും പാവങ്ങള്‍ക്ക് നല്‍കുമ്പോള്‍ അയാള്‍ ജീവിക്കുന്നതു തന്നെ പാവങ്ങള്‍ക്കായാണ് എന്ന് പറയേണ്ടിവരും. അങ്ങനെയൊരു അധ്യാപകനാണ് പീറ്റര്‍ തബിചി. കെനിയയില്‍ മാത്‌സ്, ഫിസിക്‌സ് എന്നിവ പഠിപ്പിക്കുന്ന തബിചി ശമ്പളം വാങ്ങുന്നത് മറ്റുള്ളവരെ സഹായിക്കാന്‍ മാത്രം.

ഈ വലിയ ദൗത്യത്തിന് വലിയ അംഗീകാരമാണ് ദുബായ് നല്‍കിയത്. ഒരു കോടി ഡോളറിന്റെ പുരസ്കാരം. ഗ്ലോബല്‍ എജുക്കേഷന്‍ സ്കില്‍സ് ഫോറത്തിന്റെ സമാപന ചടങ്ങിലാണ് തബിചി വര്‍ക്കീസ് ഫൗണ്ടേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഏറ്റുവാങ്ങിയത്. ശൈഖ് ഹംദാന്‍ തബിചിക്ക് പുരസ്കാരം സമ്മാനിച്ചു.
കെനിയയിലെ വാനി ഗ്രാമത്തില്‍ കെരികോ സെക്കണ്ടറി സ്കൂളിലാണ് തബിചി പഠിപ്പിക്കുന്നത്. അറ്റ്‌ലാന്റിസ്-പാം ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. അവാര്‍ഡ് ഏറ്റുവാങ്ങി തബിചി പറഞ്ഞു. അധ്യാപകരാണ് മഹത്തുക്കള്‍.

മുഴുവന്‍ ലോകത്തിന്റേയും വിജയമാണിത്. ഈ സമ്മാനം തന്നെ അത്ഭുതപ്പെടുത്തുന്നു. തനിക്കുള്ള വലിയ ആദരവാണിത്.
വ്യത്യസ്തരായ അധ്യാപകര്‍ക്കാണ് എല്ലാ വര്‍ഷവും ഈ പുരസ്കാരം നല്‍കുക. അധ്യാപന രംഗത്തിന് വലിയ സംഭാവന നല്‍കിയവരെയാണ് ഇതിലൂടെ ആദരിക്കുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാധികാരത്തിലാണ് പുരസ്കാരം നിശ്ചയിക്കുന്നത്.

 

Latest News